A. Padmakumar: ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
Padmakumar's Bail Rejected: ദ്വാരപാലക ശിൽപ്പ പാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിട്ടുണ്ട്. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് പത്മകുമാറിനെ പ്രതി ചേർത്തത്.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. കട്ടിളപ്പാളി കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബുവിനും എൻ വാസുവിനും നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.
അതേസമയം, ദ്വാരപാലക കേസിൽ പത്മകുമാർ റിമാൻഡിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു ജാമ്യ ഹർജിയിൽ പത്മകുമാർ പറഞ്ഞിരുന്നത്. മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നത് ശരിയല്ലെന്നും പത്മകുമാർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിട്ടുണ്ട്. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് പത്മകുമാറിനെ പ്രതി ചേർത്തത്.
അന്വേഷണസംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ശബരിമലയിലെ സ്വർണക്കട്ടിളപ്പാളിയും ദ്വാരപാലകശിൽപങ്ങളിലെ സ്വർണക്കവചവും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ടുവെച്ചത് പത്മകുമാറായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
2019 ഫെബ്രുവരി മുതലാണ് പത്മകുമാർ ഇതിനുള്ള ഗൂഢാലോചനയും ആരംഭിച്ചതെന്നും തീരുമാനം ബോർഡ് അംഗങ്ങൾക്ക് മുന്നിൽ വെച്ചതും ഇദ്ദേഹമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പത്മകുമാർ നിർദേശം മുന്നോട്ടുവെച്ചതിന് പിന്നാലെ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ രേഖകൾ തയ്യാറാക്കുന്ന ഇടപാടുകൾ ആരംഭിച്ചു. 2019 ഫെബ്രുവരിക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കിയിരിക്കുന്നതെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം, സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഡിസംബർ 18നാണ് പോറ്റിയുടെ ജാമ്യഹർജി പരിഗണിക്കുന്നത്.