Sabarimala Gold Scam: പാപം തീരാന്‍ അന്നദാനവും മാളിപ്പുറത്തേക്ക് മാലയും; സ്വര്‍ണം മോഷ്ടിച്ചത് ശബരിമലയിലേതെന്ന് അറിഞ്ഞുതന്നെ
Sabarimala Gold Case Timeline: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനെയും ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണത്തിന് 15 ലക്ഷത്തിന് പുറമെ സ്‌പോണ്‍സര്‍ഷിപ്പായി ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷന്‍ പോറ്റിക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഗോവര്‍ദ്ധന്റെ മൊഴി.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉന്നതരുടെ പങ്കുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി). സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനെയും ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണത്തിന് 15 ലക്ഷത്തിന് പുറമെ സ്‌പോണ്‍സര്‍ഷിപ്പായി ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷന്‍ പോറ്റിക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഗോവര്‍ദ്ധന്റെ മൊഴി. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നാള്‍വഴികള്‍…
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്
ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമലയിലെ ദ്വാരപാലകശില്‍പ പാളികള്‍ പുറത്തുകൊണ്ടുവന്നുവെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിഷയം വലിയ വിവാദങ്ങളിലേക്ക് കടക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നടന്നത് വന്‍ കൊള്ളയാണെന്ന് തെളിഞ്ഞു. വിവാദത്തിന് തിരിതെളിഞ്ഞ് കൃത്യം 34ാം ദിവസം കേസ് ക്രൈം ബ്രാഞ്ചിലേക്ക് എത്തി.
2025 സെപ്റ്റംബര്‍ ഏഴിന് രാത്രി ശ്രീകോവിലിലെ ഇരുവശങ്ങളിലുമുള്ള ദ്വാരപാലക ശില്‍പനങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തതോടെയാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. അഴിച്ചെടുത്തതിന് തൊട്ടടുത്ത ദിവസം പാളികള്‍ അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയാണ് സ്വര്‍ണപ്പാളികള്‍ അറ്റക്കുറ്റപ്പണികള്‍ക്ക് കൊണ്ടുപോയതെന്ന് കാണിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ജസ്റ്റിസ് ആര്‍ ജയകൃഷ്ണന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിഷയത്തില്‍ ഇടപെട്ട കോടതി 2019ല്‍ ഇതേ പാളികള്‍ സ്വര്‍ണം പൂശിയതിന് ശേഷം തിരികെ എത്തിച്ചപ്പോള്‍ 4.147 കിലോ കുറഞ്ഞതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് സമഗ്ര അന്വേഷണത്തിന് ദേവസ്വം വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉദയം
വിവാദം മുറുകുന്നതിനിടെയാണ് ദ്വാരപാലക ശില്‍പങ്ങള്‍ക്കായി നിര്‍മിച്ച താങ്ങുപീഠം കാണാനില്ലെന്ന വാദവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തുന്നത്, കൃത്യം പറഞ്ഞാല്‍ സെപ്റ്റംബര്‍ 17ന്. എന്നാല്‍ ഈ പീഠം സെപ്റ്റംബര്‍ 28ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തു. ഇതോടെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് നീണ്ടു.
2019ല്‍ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നായിരുന്നു ദേവസ്വം രേഖകളില്‍. ചെമ്പാണ് താന്‍ കൊണ്ടുപോയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും പറഞ്ഞു.
വിജയ് മല്യയുടെ സ്വര്‍ണമെവിടെ?
ദേവസ്വവും ഉണ്ണികൃഷ്ണന്‍ പോറ്റിയും പാളികള്‍ ചെമ്പായിരുന്നു എന്ന് വാദിക്കുമ്പോള്‍ ചോദ്യമാകുന്നത് 1999ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം എവിടെ എന്നതാണ്. വിജയ് മല്യ 1999ല്‍ പാളികളില്‍ സ്വര്‍ണം പതിപ്പിച്ചാണ് ക്ഷേത്രത്തിന് കൈമാറിയത്. എന്നാല്‍ ഈ സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയതായി വിജിലന്‍സ് കണ്ടെത്തി, രേഖകള്‍ കോടതിക്ക് കൈമാറുകയും ചെയ്തു.
1546 ഗ്രാം സ്വര്‍ണമാണ് അന്ന് വിജയ് മല്യ ദ്വാരപാലക ശില്‍പത്തില്‍ പതിപ്പിച്ചത്. എന്നാല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ എത്തിച്ചപ്പോള്‍ രാസലായനിയില്‍ മുക്കി ചെമ്പും സ്വര്‍ണവും വേര്‍തിരിച്ചുവെന്ന് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് അവകാശപ്പെടുന്നു. ദ്വാരപാലക ശില്‍പ പാളികളില്‍ നിന്ന് 577 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്ന് അവര്‍ വിജിലന്‍സിനോട് പറഞ്ഞു. ഇതോടെ 1 കിലോയോളം സ്വര്‍ണമാണ് പാളികളില്‍ നിന്ന് നഷ്ടപ്പെട്ടത്.
വിജയ് മല്യ പതിപ്പിച്ച സ്വര്‍ണത്തിന്റെ പ്രഭ മങ്ങിയതിനാലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചതെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. 2019 ജൂലൈ 19നാണ് പാളികള്‍ അഴിച്ചെടുത്തത്. 14 പാളികളിലായി 42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്നു ലോഹത്തിനെന്ന് മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 20ന് പാളികള്‍ പോറ്റിയിലേക്ക് എത്തി. എന്നാല്‍ അറ്റക്കുറ്റപ്പണികള്‍ക്കായി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പാളികള്‍ എത്തുന്ന 39 ദിവസങ്ങള്‍ക്ക് ശേഷം 2019 ഓഗസ്റ്റ് 29നാണ്.
നിര്‍ണായക വഴിത്തിരിവ്
സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ വിജിലന്‍സ് പിടിച്ചെടുത്തത് കേസിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. സ്വര്‍ണം വേര്‍തിരിച്ചതിന്റെ കണക്കുകളും കൂലിയും ഉള്‍പ്പെടെയുള്ള വിവരങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ചെമ്പുപാളികളായിരുന്നു തങ്ങളുടെ അടുത്തെത്തിയത് എന്നായിരുന്നു തുടക്കം മുതല്‍ക്ക് സ്ഥാപനം പറഞ്ഞിരുന്നത്, ഈ വാദത്തിന് ഇതോടെ തിരശീല വീണു.
Also Read: Sabarimala Gold-Plating Row: വിജയ് മല്യയുടെ 100 പവൻ എങ്ങനെ ചെമ്പായി? സ്വർണത്തിൽ ‘പുകയുന്ന’ ശബരിമല
സൈഡ് പാളികളില്‍ നിന്ന് 409 ഗ്രാം സ്വര്‍ണം ലഭിച്ചു, അതിനുള്ള റിക്കവറി ചാര്‍ജായി 61,000 രൂപ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഈടാക്കി. ദ്വാരപാലക പാളില്‍ നിന്ന് 577 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു, മറ്റുള്ളവയില്‍ നിന്ന് 3 ഗ്രാമും, എല്ലാം ചേര്‍ത്ത് ആകെ 989 ഗ്രാം സ്വര്‍ണം. ഒരു കിലോയോളം സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്നാണ് രേഖകള്‍ കാണിക്കുന്നത്.
പണിക്കൂലിയായി 3 ലക്ഷത്തിലധികം രൂപ സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈപ്പറ്റി. എന്നാല്‍ 96.021 ഗ്രാം സ്വര്‍ണമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്തതെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.
പാപം തീര്‍ക്കാന്‍ അന്നദാനം
സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും പിന്നീട് എസ്‌ഐടിക്ക് മുന്നില്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ശബരിമലയിലെ സ്വര്‍ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കൊള്ളയ്ക്ക് കൂട്ടുനിന്നതെന്ന് ഇരുവരും വെളിപ്പെടുത്തിയതായാണ് എസ്‌ഐടി പറയുന്നത്. 474 ഗ്രാം സ്വര്‍ണം കയ്യില്‍ എത്തിയപ്പോള്‍ കുറ്റബോധം തോന്നി, എന്നാല്‍ അതിന് പരിഹാരമായി ശബരിമലയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ അന്നദാനം നടത്താനും, മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നല്‍കിയാല്‍ മതിയെന്ന് പോറ്റി പറഞ്ഞതായും ഗോവര്‍ദ്ധന്‍ മൊഴി നല്‍കി.