Sabarimala Pilgrimage: ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; അപകടം നടന്നത് പമ്പ ചാലക്കയത്തിന് സമീപം
Sabarimala Devotees Accident: ഹൈദരാബാദ് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്ത് ഇറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പത്തനംതിട്ട: ശബരിമല (Sabarimala) തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ചു. ദർശനത്തിനായി പോയവരുടെ വാഹനത്തിനാണ് പമ്പ ചാലക്കയത്തിന് സമീപം വെച്ച് തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്ത് ഇറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
തിരക്ക് വർധിച്ച് സന്നിധാനം
വൃശ്ചിക മാസം ആരംഭിച്ച് പതിനേഴ് ദിവസം പിന്നിടുമ്പോൾ ശബരിമലയിലെത്തുന്നവരുടെ തിരക്ക് പ്രതിദിനം വർദ്ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മാത്രം ശബരിമലയിൽ എത്തിയത് മുക്കാൽ ലക്ഷത്തിനടുത്തു തീർഥാടകരാണ്. 17 ദിവസം പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 14,20,443 ആയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ ചില സമയങ്ങളിൽ കനത്ത മഴയും കോടയും അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാം അവഗണിച്ചാണ് ഭക്തർ ഒഴികിയെത്തുന്നത്.
ALSO READ: സ്പോട്ട് ബുക്കിംഗ് ശരാശരി 8500, ബുക്ക് ചെയ്ത ദിവസം തന്നെ എത്തണം; ശബരിമലയിൽ പ്രത്യേക നിർദേശം
സ്പോട്ട് ബുക്കിങ്
ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് പരിധി ഉയർത്തി. ഒരു ദിവസം ശരാശരി 8500 ആയാണ് ഉയർത്തിയത്. അതിന് മുമ്പ് വരെ ഇത് 5000 ആയിരുന്നു. വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തിച്ചേരണമെന്നാണ് പുതിയ നിർദ്ദേശം. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതി ഉയരുന്നുണ്ട്.
നിലവിൽ സന്നിധാനത്ത് മാത്ര 1590 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇത് മുൻ വർഷങ്ങളെക്കാൾ കൂടുതലാണ്. തീർത്ഥാടകർക്ക് സുഗമദർശന സൗകര്യം ഒരുക്കാനാണ് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. ഒരേ സമയം 15 പോലീസുകാരാണ് പതിനട്ടാം പടിയുടെ ഇരുവശത്തുമായി ഡ്യൂട്ടിയിൽ ഉണ്ടാവുകയെന്നും അധികൃതർ അറിയിച്ചു.