Thiruvananthapuram: രാഷ്ട്രപതി തിരുവനന്തപുരത്ത്; ഇന്ന് ഗതാഗത നിയന്ത്രണം ഇങ്ങനെ…
Traffic Restrictions in Thiruvananthapuram: ഇന്ന് രാവിലെ ആറു മുതൽ 11 മണി വരെയാണ് നിയന്ത്രണം. നാവികസേനാ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് സ്വീകരിച്ചത്.
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു. ഇന്ന് രാവിലെ ആറു മുതൽ 11 മണി വരെയാണ് നിയന്ത്രണം.
നാവികസേനാ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് സ്വീകരിച്ചത്. 150 നാവിക സേന അംഗങ്ങളാണ് രാഷ്ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയത്. കേരളത്തിന് അഭിമാനകരമായ സമുദ്ര പാരമ്പര്യമുണ്ടെന്നും പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശത്തിനെതിരെ പോരാടി ഇവിടത്തെ പോരാളികൾ തീരം സംരക്ഷിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമ്മു ചടങ്ങിൽ പറഞ്ഞു
ഗതാഗത നിയന്ത്രണം
രാവിലെ ആറ് മണി മുതൽ 11 മണി വരെ കവടിയാർ- വെള്ളയമ്പലം- മ്യൂസിയം-വേൾഡ്‌വാർ-വിജെറ്റി-ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി-പാറ്റൂർ-പേട്ട-ചാക്ക – ആൾസെയിന്റ്സ്–ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും എസിപി അറിയിച്ചു.
രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.
വിമാനത്താവളത്തിലേക്കും റെയിൽവേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.
ഗതാഗത ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്, 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.