Arjun Rescue Mission: അർജുനായുള്ള തെരച്ചില്‍ ഇന്നും തുടരും; നാവികസേന മാർക്ക് ചെയ്ത് 4-ാം പോയന്‍റില്‍ പരിശോധന; ഈശ്വർ മാൽപെ പുഴയിലിറങ്ങും
Arjun Rescue Missionഅർജുന്റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് എത്തും. ലോഹസാനിധ്യം ഉണ്ടെന്ന് സംശയിക്കുന്ന കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്‍റിൽ തന്നെ തെരച്ചിൽ കേന്ദ്രീകരിക്കണമെന്ന് അർജുന്‍റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് പ്രധാനമായും തെരച്ചിൽ നടത്തുക. ഡ്രഡ്ജർ ഈ പോയന്‍റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാർ വെള്ളത്തിനടിയിൽ ഉപയോഗുക്കുന്ന ക്യാമറയുമായി വെള്ളത്തിൽ മുങ്ങും. പ്രാദേശിക മുങ്ങൽ വിദഗ്‍ധൻ ഈശ്വർ മാൽപെ ഇന്നും രാവിലെ മുങ്ങി പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ലോഹസാനിധ്യം ഉണ്ടെന്ന് സംശയിക്കുന്ന കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്‍റിൽ തന്നെ തെരച്ചിൽ കേന്ദ്രീകരിക്കണമെന്ന് അർജുന്‍റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് എത്തും.
അതേസമയം കഴിഞ്ഞ ദിവസം പുറത്തെടുത്ത ക്യാബിനും ടയറുകളും അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ചാണ് രണ്ട് ടയറുകളും ക്യാബിനും പുറത്തെടുത്തത്. ഇവ രണ്ടും തന്‍റെ ലോറിയുടെതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിക്കുകയായിരുന്നു.
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഓഗസ്റ്റ് 17-ന് മണ്ണ് നീക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ഇതിനു പിന്നാലെ ഡ്രഡ്ജർ കൊണ്ടുവന്ന അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇതിനു ഒരു കോടി രൂപയോളം ചെലവ് വരുമെന്ന ആശങ്ക നിലനിന്നുരുന്നു. ഇതേ തുടർന്ന് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയെ കണ്ടതോടെയാണ് ഡ്രഡ്ജർ സംവിധാനം ലഭ്യമായതും തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായതും. ഡ്രഡ്ജറിന്റെ വാടകയായ ഒരു കോടി രൂപ കർണാടക സർക്കാരാണ് വഹിക്കുന്നത്.