African Swine Fever: മലപ്പുറത്തെ ഈ പഞ്ചായത്തുകളിൽ പന്നിമാംസ വിൽപ്പന നിരോധിച്ചു; കാരണം
African Swine Fever In Malappuram: ഈ രോഗത്തിന് വാക്‌സിനോ മറ്റു പ്രതിരോധമരുന്നോ ഇതുവരെ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേയ്ക്കുള്ള രോഗവ്യാപനം തടയുക എന്നതാണ് ഈ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്.
നിലമ്പൂർ: വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിൽ പാതി അഴുകിയ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയ്ക്ക് ആഫ്രിക്കൻ പന്നിപ്പനി വൈറസ് (African Swine Fever) സ്ഥിരീകരിച്ചു. പന്നിയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് 10 കി.മി ചുറ്റളവിലുള്ള വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, മുത്തേടം പഞ്ചായത്തുകളിൽ പന്നിമാംസ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവായി. കൂടാതെ ആഫ്രിക്കൻ പന്നിപ്പനി രോഗനിരീക്ഷണ മേഖലയായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു.
അതേസമയം, മേഖലയിലെവിടെയും പന്നി ഫാമുകൾ ഇല്ലാത്തതിനാൽ പന്നികളെ ദയാവധം നടത്തേണ്ടതില്ല. എന്നാൽ, ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഇതുകൂടാതെ പന്നികളെ മലപ്പുറം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും അവിടെ നിന്ന് കൊണ്ടുവരുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read:യുവതിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; നിരീക്ഷണം തുടരുന്നു
ജില്ലയിൽ മറ്റെവിടെയെങ്കിലും ആഫ്രിക്കൻ പന്നിപ്പനി വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ കർഷകർ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ അറിയിക്കേണ്ടതുണ്ട്. സാധാരണ ഈ രോഗം പന്നികളിൽ മാത്രമാണ് കണ്ടുവരുന്നത്. ആഫ്രിക്കൻ പന്നിപ്പനി മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുകയില്ലെന്നതും ആശ്വസകരമാമ്.
എന്നാൽ, ഈ രോഗത്തിന് വാക്‌സിനോ മറ്റു പ്രതിരോധമരുന്നോ ഇതുവരെ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേയ്ക്കുള്ള രോഗവ്യാപനം തടയുക എന്നതാണ് ഈ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്.