Solar Scam Case: സോളാർ കേസിൽ നിർണായക മൊഴി; ഉമ്മൻചാണ്ടിയെ പെടുത്തിയതോ? കത്തിലെ പേജുകൾ കൂട്ടിയെന്ന് ജയിൽ സൂപ്രണ്ട്
Solar Scam Case Update: കൊട്ടാരക്കര കോടതിയിലെ വിചാരണ വേളയിലാണ് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി നാലുപേജ് എഴുതിച്ചേർത്തതാണെന്ന ആരോപണം ശരിവെക്കുന്നതാണ് സൂപ്രണ്ടിൻ്റെ മൊഴി.
തിരുവനന്തപുരം: സോളാർ കേസിൽ നിർണായക വിവരം പുറത്ത്. പോലീസ് കസ്റ്റഡിയിലിരിക്കേ സോളാർ തട്ടിപ്പ് കേസിലെ പ്രതി ലൈംഗികപീഡനം ആരോപിച്ച് എഴുതിയ കത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കത്തിൽ ആകെ 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വെളിപ്പെടുത്തൽ. പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കൊട്ടാരക്കര കോടതിയിലെ വിചാരണ വേളയിലാണ് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി നാലുപേജ് എഴുതിച്ചേർത്തതാണെന്ന ആരോപണം ശരിവെക്കുന്നതാണ് സൂപ്രണ്ടിൻ്റെ മൊഴി. 21 പേജാണ് പ്രതി എഴുതിയതെന്ന് വ്യക്തമാക്കുന്ന രേഖകളടക്കം ഹാജരാക്കിയാണ് സൂപ്രണ്ട് മൊഴി നൽകിയിരിക്കുന്നത്.
Also Read: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തന്നെയുണ്ട്? എംഎല്‍എ വാഹനം ഫ്‌ളാറ്റിന് മുന്നില്‍
2013 ജൂലായ് 20നാണ് പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ പെരുമ്പാവൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ ജയിലിൽ എത്തിച്ചത്. ദേഹപരിശോധനയിലാണ് 21 പേജുള്ള കത്ത് കണ്ടെത്തിയത്. അഭിഭാഷകന് നൽകാനുള്ളതാണെന്നായിരുന്നു വിശദീകരണം. പിന്നീട് ഈ കത്ത് അവരെത്തന്നെ ഏൽപ്പിച്ചു. ജൂലായ് 24-ന് അഭിഭാഷകൻ ഫെനി ബാലകൃഷ്ണന് സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ കത്ത് കൈമാറുകയും ചെയ്തു. ഇത് തെളിയിക്കുന്നതിനായി കൈപ്പറ്റിയ രീസീതടക്കം സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
എന്നാൽ, പിന്നീട് സോളാർ കമ്മിഷനുമുൻപിൽ പ്രതി നൽകിയ കത്തിൽ 25 പേജുകളാണ് ഉണ്ടായിരുന്നത്. അധികമായുള്ള നാലുപേജ് ഗൂഢാലോചന നടത്തി എഴുതിച്ചേർത്തതാണെന്ന് ആരോപിച്ച് അഭിഭാഷകൻ സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രി ഗണേഷ്‌കുമാറും പ്രതിയും ഗൂഢാലോചന നടത്തിയാണ് ഇത് എഴുതിച്ചേർത്തതെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.