സ്‌കന്ദഷഷ്ഠി ദിനത്തിൽ എത്തിയ പ്രിയപ്പെട്ടവൾ! പെരുന്ന ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശ്രീവള്ളി ചരിഞ്ഞു
Perunna Sreevalli passed away: നാട്ടുകാരുടെയും ഭക്തരുടെയും സ്‌നേഹപരിപാലനയിൽ വളർന്ന ശ്രീവള്ളിയെ പ്രദേശവാസികൾ സ്നേഹത്തോടെ 'വള്ളിയമ്മ' എന്നാണ് വിളിച്ചിരുന്നത്. പെരുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാം ദിനത്തിൽ സുബ്രഹ്‌മണ്യസ്വാമിയുടെ തിടമ്പേറ്റാനുള്ള അവകാശം കാലങ്ങളായി ശ്രീവള്ളിക്കാണ് നൽകിയിരുന്നത്.
ചങ്ങനാശേരി: പെരുന്ന ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ പിടിയാന ‘പെരുന്ന ശ്രീവള്ളി’ ചരിഞ്ഞു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. നാട്ടുകാരുടെയും ഭക്തരുടെയും സ്‌നേഹപരിപാലനയിൽ വളർന്ന ശ്രീവള്ളിയെ പ്രദേശവാസികൾ സ്നേഹത്തോടെ ‘വള്ളിയമ്മ’ എന്നാണ് വിളിച്ചിരുന്നത്. പെരുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാം ദിനത്തിൽ സുബ്രഹ്‌മണ്യസ്വാമിയുടെ തിടമ്പേറ്റാനുള്ള അവകാശം കാലങ്ങളായി ശ്രീവള്ളിക്കാണ് നൽകിയിരുന്നത്. എത്ര പേരുള്ള ഗജവീരന്മാർ അണിനിരന്നാലും എട്ടാം ഉത്സവത്തിന് തിടമ്പേറ്റാനുള്ള അവകാശം ശ്രീവള്ളിക്ക് മാത്രമായിരുന്നു. പെരുന്നയിലെ ഏറ്റവും സുപ്രധാന ദിവസങ്ങളിലൊന്നാണ് സ്‌കന്ദഷഷ്ഠി. 1976 ഒക്ടോബർ 28-ന് ഒരു സ്‌കന്ദഷഷ്ഠി ദിനത്തിലാണ് ശ്രീവള്ളിയെ ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്.
പെരുന്ന ക്ഷേത്രത്തിലെയും നാടിന്റെയും അഭിമാനമായ ശ്രീവള്ളിക്ക് ‘ഷൺമുഖപ്രിയ ഗജറാണി’ എന്ന ബഹുമതി നൽകി ദേവസ്വവും നാട്ടുകാരും ആദരിച്ചിട്ടുണ്ട്. പെരുന്നയ്ക്ക് പുറമേ, കേരളത്തിലെ പ്രശസ്തമായ മറ്റു പല ക്ഷേത്രോത്സവങ്ങളിലും ശ്രീവള്ളി സ്ഥിരം സാന്നിധ്യമായിരുന്നു. ആനയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം വനംവകുപ്പിന്റെയും ദേവസ്വത്തിന്റെയും നിർദ്ദേശപ്രകാരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കരിക്കും.