Supreme Court: കേരളത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ എല്പി സ്കൂൾ വേണം; മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളും: ഉത്തരവിട്ട് സുപ്രീം കോടതി
Supreme Court On Schools In Kerala: കേരളത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ എല്പി സ്കൂളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളും വേണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കേരളത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരു എല്പി സ്കൂൾ വേണമെന്ന് സുപ്രീം കോടതി. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂൾ വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മഞ്ചേരി എളാമ്പ്രയിൽ എല്പി സ്കൂൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
മലപ്പുറം മഞ്ചേരിയിലെ എളാമ്പ്രയിൽ ഒരു എല്പി സ്കൂൾ നിർമ്മിക്കണമെന്ന ആവശ്യം നാട്ടുകാരാണ് സംസ്ഥാന സർക്കാരിന് മുന്നിൽ വച്ചത്. എന്നാൽ, ഇതിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ല. ഇതോടെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ നിന്ന് നാട്ടുകാർക്ക് അനുകൂലമായ വിധിയാണ് വന്നത്. ഇതോടെ സംസ്ഥാന സർക്കാർ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു.
എളാമ്പ്രയിലെ ഒരു കിലോമീറ്റർ ചുറ്റളവിൽ എല്പി സ്കൂൾ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിനുള്ള സാധ്യതയില്ലെന്നും നാട്ടുകാർ വാദിച്ചു. എന്നാൽ, എളാമ്പ്രയിൽ ശാസ്ത്രീയപഠനം നടത്തി അവിടെ സ്കൂൾ വേണ്ടെന്ന് കണ്ടെത്തിയതായി സംസ്ഥാനസർക്കാർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് മറ്റെവിടെയെങ്കിലും പോയി പഠിക്കണമെങ്കിൽ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനോട് രൂക്ഷമായാണ് കോടതി പ്രതികരിച്ചത്.
നൂറ് ശതമാനംസാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം എന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. എന്തിനാണ് പുതിയ സ്‌കൂളിനെ എതിര്‍ക്കുന്നത് എന്ന് ചോദിച്ച കോടതി എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം എന്ന് ഉത്തരവിട്ടു. കൂടാതെ, ഒരു കിലോമീറ്റർ ചുറ്റളവിൽ എല്പി സ്കൂളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളും സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു.