Shahabas Death Case: ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചു
നേരത്തെ ഈ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഫലം തടഞ്ഞുവെച്ചത് എന്നാണ് വിവരം.

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപതാക കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു. ഇവർ കേസിൽ പ്രതികളായ സാഹചര്യം കണക്കിലെടുത്താണ് എസ്എസ്എൽസി ഫലം തടഞ്ഞുവച്ചിരിക്കുന്നത്. ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് പിന്നിലുള്ള കാരണം അറിയില്ലെന്ന് താമരശ്ശേരി ജിവിഎച്ച്എസ്എസ് അധികൃതർ വ്യക്തമാക്കി. നേരത്തെ ഈ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇവർ പത്താം ക്ലാസ് പരീക്ഷ എഴുതാനെത്തിയ സെന്ററുകളില്‍ ഉള്‍പ്പടെ വിദ്യാർഥി – യുവജന സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു.
ഫെബ്രുവരി 28നാണ് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ക്രൂരമർദ്ദനത്തിന് ഇരയായി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെടുന്നത്. ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. ട്യൂഷൻ സെൻററിലെ ഫെയർവെൽ പരിപാടിയെ ചൊല്ലിയായിരുന്നു തർക്കം. വാക്കേറ്റത്തിന് പിന്നാലെ വിദ്യാർത്ഥികൾ ഷഹബാസിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസ് ചികിത്സയിലിരിക്കെ മരിച്ചു.
നഞ്ചക്ക് കൊണ്ട് ഷഹബാസിന് തലയ്ക്ക് അടിയേറ്റിരുന്നു. വീട്ടിലെത്തിയ ഷഹബാസിന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെൻറിലേറ്റർ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ജീവിച്ചത്. ചികിത്സയിലിരിക്കെ മാർച്ച് ഒന്നിനാണ് ഷഹബാസ് മരിക്കുന്നത്.
ALSO READ: കാസർകോട് ജില്ലയിലും ജാഗ്രത: മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് കാവലും സുരക്ഷയും
അതേസമയം, സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ 0.19 ശതമാനം കുറവ് ആണ്. 61,449 വിദ്യാർത്ഥികളാണ് ഫുൾ എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ലാ മലപ്പുറമാണ്. 4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,24,583 വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡിലൈവ് (PRD LIVE), ഡിജിലോക്കർ എന്നീ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.