Dr Harris: ‘കുടുക്കാന്‍ ശ്രമം, ഓഫീസിൽ കയറി പരിശോധിച്ചശേഷം മറ്റൊരു പൂട്ടിട്ടു പൂട്ടി; ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്
Dr. CH Haris: തന്റെ ഓഫീസ് മുറിയിൽ കയറി പരിശോധിച്ചശേഷം മറ്റൊരു പൂട്ടിട്ടു പൂട്ടിയെന്നും അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: ഗുരുതരമായ ആരോപണങ്ങളുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ.സി.എച്ച്.ഹാരിസ്. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമിക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തന്റെ ഓഫീസ് മുറിയിൽ കയറി പരിശോധിച്ചശേഷം മറ്റൊരു പൂട്ടിട്ടു പൂട്ടിയെന്നും അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഗുരുതരമായ ആരോപണങ്ങൾ ഹാരീസ് ഉന്നയിക്കുന്നത്.
തന്റെ മുറിയിൽ ഔദ്യോഗികമായ രഹസ്യ രേഖകളടക്കം ഉണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. അവധിയിൽ പ്രവേശിച്ച താൻ നാളെ ജോലിയിൽ തിരികെ പ്രവേശിക്കും. മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിലെ മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായതിൽ അന്വേഷണം വേണണെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്തിയിരുന്നുവെന്നാണ് ഹാരിസ് പറയുന്നത്. തന്റെ ഓഫീസിന്റെ താക്കോൽ അസിസ്റ്റന്റ് പ്രഫസർ ഡോ.ജോണി തോമസ് ജോണിനെ ഏൽപിച്ചിരുന്നു.
Also Read:ജോലിക്ക് വരാത്ത കേരളത്തിലെ ഡോക്ടർമാർക്ക് ‘ഏഴിൻ്റെ പണി’; 84 പേരുടെ ജോലി പോയി, കടുത്ത നടപടി
കഴിഞ്ഞ ചൊവ്വാഴ്ച പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ മുറി തുറന്ന് മെഷീനുകൾ പരിശോധിക്കുകയും ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, ക്ലറിക്കൽ ജീവനക്കാർ, ബയോമെഡിക്കൽ വിഭാഗത്തിലെ ജീവനക്കാർ എന്നിവർ മുറി തുറക്കാൻ ആവശ്യപ്പെട്ടു. ഇതിനു ശേഷം മറ്റൊരു പൂട്ട് ഉപയോഗിച്ച് മുറി പൂട്ടി. ഇത് എന്തിനാണ് ചെയ്തത് എന്ന് കെജിഎംസിടിഎ ഭാരവാഹികൾ അന്വേഷിക്കണമെന്നും ഹാരീസ് പരാതിയിൽ പറയുന്നു.