Thrissur Wedding Clash: ഗതാഗതക്കുരുക്കുണ്ടാക്കി റോഡിൽ ഷോ; കല്യാണസംഘവും നാട്ടുകാരും കൂട്ടത്തല്ല്, സംഭവം തൃശ്ശൂരിൽ
Cheruthuruthy Wedding Clash: കല്യാണ സംഘത്തിലെ ഒരു സംഘം യുവാക്കൾ ഇയാളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഓഡിറ്റോറിയത്തിലേക്ക് കയറിയ ഇവർ പുറത്തേക്കിറങ്ങിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു.
തൃശ്ശൂർ: ചെറുതുരുത്തിയിൽ കല്യാണ സംഘം നടത്തിയ റോഡ് ഷോയ്ക്കിടെ ചേരിത്തിരിഞ്ഞ് സംഘർഷം. വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ ആണ് സംഭവം. പള്ളം സ്വദേശിയുടെയും ആറ്റൂർ സ്വദേശിനിയുടെയും കല്യാണത്തിനായി വന്ന ഒരു സംഘം യുവാക്കൾ വാഹനങ്ങളുമായി സംസ്ഥാനപാതയിലൂടെ റോഡ് ഷോ നടത്തിയതാണ് പ്രശ്നത്തിന് കാരണമായത്. റോഡ് ഷോയ്ക്കിടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയായിരുന്നു. ഇതോടെ സംസ്ഥാനപാതയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.
ഇവരുടെ പുറകിൽ വന്നിരുന്ന ടിപ്പർ ഹോൺ മുഴക്കുകയും ഇവരോട് മുന്നോട്ടു പോകാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. കല്യാണ സംഘത്തിലെ ഒരു സംഘം യുവാക്കൾ ഇയാളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഓഡിറ്റോറിയത്തിലേക്ക് കയറിയ ഇവർ പുറത്തേക്കിറങ്ങിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു.
ഇതോടെ സംഘർഷം കൂട്ടത്തല്ലിലേക്ക് നീങ്ങുകയായിരുന്നു. ഓഡിറ്റോറിയത്തിനുള്ളിൽ നിന്ന് പുറത്തേക്കും റോഡിൽ നിന്നവർ അങ്ങോട്ടും കല്ലേറുണ്ടായി. സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് ചെറിയ തോതിൽ പരിക്കേൽക്കുകയും, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് വിവരം. തുടർന്ന് ചെറുതുരുത്തി പോലീസ് എത്തി ലാത്തി വീശിയാണ് ആളുകളെ പിരിച്ചുവിട്ടത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.