Lali James: തൃശൂരില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയ വനിതാ കൗണ്‍സിലര്‍ക്കെതിരെ നടപടി; ലാലി ജയിംസിന് സസ്‌പെന്‍ഷന്‍
Congress Suspends Lali James: ലാലി ജയിംസിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ലാലി ആരോപണമുന്നയിച്ചത്. ഡോ. നിജി ജസ്റ്റിനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്

ലാലി ജെയിംസ്
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ആരോപണമുന്നയിച്ച വനിതാ കൗണ്‍സിലര്‍ ലാലി ജയിംസിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ലാലി കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചത്. ഡോ. നിജി ജസ്റ്റിനെയാണ് കോണ്‍ഗ്രസ് തൃശൂരിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ലാലി രംഗത്തെത്തിയത്. പണം കൈപറ്റിയാണ് മേയര്‍ സ്ഥാനം നല്‍കിയതെന്നായിരുന്നു ലാലിയുടെ ആരോപണം.
തുടര്‍ന്ന് ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി ലാലിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഡിസിസി നേതൃത്വത്തിനെതിരെയായിരുന്നു ലാലിയുടെ ആരോപണം. പണം ഇല്ലാത്തതിനാലാണ് തന്റെ മേയര്‍ സ്ഥാനത്തുനിന്ന് തഴഞ്ഞതെന്ന് ലാലി തുറന്നടിച്ചിരുന്നു. നിജിയും ഭര്‍ത്താവും പെട്ടിയുമായി പോയി നേതാക്കളെ കണ്ടെന്നായിരുന്നു ലാലിയുടെ ആരോപണം.
എന്നാല്‍ ലാലി ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയും മേയര്‍ നിജി ജസ്റ്റിനും തള്ളി. ലാലിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഭൂരിഭാഗം കൗണ്‍സിലര്‍മാരും മേയര്‍ സ്ഥാനത്തേക്ക് തന്റെ പേരാണ് പറഞ്ഞതെന്നായിരുന്നു ലാലിയുടെ അവകാശവാദം.
തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചാല്‍ പാര്‍ട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തുമെന്ന് ലാലി പറഞ്ഞിരുന്നു. കോണ്‍ഗ്രസിനോട് ഇപ്പോഴും ചേര്‍ന്ന് നില്‍ക്കുന്നു. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് അണുവിട വ്യതിചലിക്കില്ല. തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ അവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴികള്‍ തന്റെ കൈയ്യിലുണ്ടെന്നും ലാലി മാധ്യമങ്ങളോട് പറഞ്ഞു. തീര്‍ച്ചയായും വെളിപ്പെടുത്തലുകളുണ്ടാകും. അതില്‍ സാമ്പത്തിക വിഷയവും, അല്ലാത്തതുമുണ്ട്. ഇവിടെ പ്രതിപക്ഷ നേതാവായി 10 വര്‍ഷം ഇരുന്ന രാജന്‍ പല്ലന്റെ കാര്യങ്ങളടക്കം പറയാനുണ്ടെന്നും ലാലി പറഞ്ഞു.