Union Minister Suresh Gopi: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് അന്വേഷണസംഘം
Thrissur Pooram disruption Case: എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്ന് മൊഴി രേഖപ്പെടുത്തിയത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
തൃശൂര്‍: പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്ത് വെച്ച് അതീവരഹസ്യമായിട്ടായിരുന്നു മൊഴിയെടുത്തത്.
സംഭവത്തിൽ ത്രിതല അന്വഷണമായിരുന്നു പ്രഖ്യാപിച്ചത്. അതില്‍ എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്ന് മൊഴി രേഖപ്പെടുത്തിയത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
പൂരം അലങ്കോലപ്പെട്ട സമയത്ത് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയത് അടക്കം ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു. പൂരസ്ഥലത്തെ പ്രശ്നങ്ങൾ തന്നെ അറിയിച്ചത് ബി.ജെ.പി പ്രവര്‍ത്തകരാണെന്നും അവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.
തൃശൂര്‍ പുരം അലങ്കോലപ്പെട്ടതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു ഉന്നയിക്കപ്പെട്ട ആരോപണം. സുരേഷ് ഗോപി പൂരം അലങ്കോലപ്പെട്ട സമയത്ത് ആംബുലന്‍സില്‍ എത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് സി.പി.ഐ പരാതി നല്‍കിയിരുന്നു. കൂടാതെ സുരേഷ് ഗോപിയുടെ ഇടപെടല്‍ അസ്വഭാവികമെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാർ മൊഴി നല്‍കിയിരുന്നു.