Vande Bharat: വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ
Vande Bharat train hits auto: റെയിൽവേ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോറിക്ഷ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്.
വർക്കല: വന്ദേഭാരത് ട്രെയിൻ ഓട്ടോയിലിടിച്ച് അപകടം. തിരുവനന്തപുരം വര്‍ക്കല അകത്ത് മുറിയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസാണ് ഓട്ടോയിൽ ഇടിച്ചത്. സംഭവത്തിൽ, ഓട്ടോ ഡ്രൈവർ സുധിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.
ഓട്ടോ നിയന്ത്രണം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് കയറിയതാണെന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോറിക്ഷ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഓട്ടോറിക്ഷ ട്രാക്കിൽ വീണതോടെ സുധി ഓടിരക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കല്ലമ്പലം സ്വദേശിയാണെന്നും പേര് സുധി ആണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വീഴ്ചയിൽ പരിക്ക് പറ്റിയെങ്കിലും ഗുരുതരമല്ല. ഓട്ടോറിക്ഷ എങ്ങനെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചു എന്നതടക്കം പരിശോധിക്കും.
അപകടത്തെത്തുടർന്ന് പിടിച്ചിട്ട ട്രെയിൻ ഓട്ടോറിക്ഷ ട്രാക്കിൽ നിന്ന് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. രാത്രി 10.40-ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 11.50-ഓടെയാണ് എത്തിയത്.
ശബരിമലയില്‍ നേരറിയാന്‍ സിബിഐ വരുമോ? ഹര്‍ജി പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്ക് ശേഷം
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവരാണ് ഹര്‍ജി നൽകിയത്. അന്വേഷണം ഏറ്റെടുക്കാമെന്നാണ് സിബിഐയുടെ നിലപാട്. ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയെ സിബിഐ നിലപാട് അറിയിക്കും.
അതേസമയം, കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. എംആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി സമർപ്പിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ അഭിഭാഷകനോ, കക്ഷിയോ കോടതിയിൽ ഹാജരായില്ല. ഇതേ തുടര്‍ന്ന്, ഹര്‍ജിക്കാരന് പതിനായിരം രൂപ പിഴ ചുമത്തി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പിഴ.