കുടുങ്ങാൻ പോകുന്നത് ആര്! വീണ ജോർജിനെ ആക്രമിച്ച കേസിൽ എട്ടംഗ എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി
Veena George attack case: കണ്ണൂരിൽ വച്ച് വീണ ജോർജിനെതിരേ ഉണ്ടായ ആക്രമണം അന്വേഷിക്കാൻ സർക്കാർ പുതിയ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) രൂപീകരിച്ച് ഉത്തരവിറക്കി. ആകെ എട്ട് അംഗങ്ങളാണ് ഈ എസ്ഐടിയിൽ ഉള്ളത്. കെഎപി നാലാം ബറ്റാലിയൻ കമാൻഡൻറ് യു. പ്രേമൻ, കണ്ണൂർ എസിപി എംപി ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ റെയിൽവേ ഇൻസ്പെക്ടര്‍ ജിഎസ് സജി, മൂന്ന് എസ്ഐമാർ, രണ്ട് എഎസ്ഐമാർ എന്നിവരും ഉൾപ്പെടുന്നു.

Veena George Attack Case
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ കണ്ണൂരിൽ വച്ച് വീണ ജോർജിനെതിരേ ഉണ്ടായ ആക്രമണം അന്വേഷിക്കാൻ സർക്കാർ പുതിയ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) രൂപീകരിച്ച് ഉത്തരവിറക്കി. ആകെ എട്ട് അംഗങ്ങളാണ് ഈ എസ്ഐടിയിൽ ഉള്ളത്. കെഎപി നാലാം ബറ്റാലിയൻ കമാൻഡൻറ് യു. പ്രേമൻ, കണ്ണൂർ എസിപി എംപി ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ റെയിൽവേ ഇൻസ്പെക്ടര്‍ ജിഎസ് സജി, മൂന്ന് എസ്ഐമാർ, രണ്ട് എഎസ്ഐമാർ എന്നിവരും ഉൾപ്പെടുന്നു. ഇതിൽ ജിഎസ് സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ്ഐടി സംഘം ഉടൻ യോഗം ചേരുകയും അന്വേഷണത്തിന്റെ നടപടികൾ തീരുമാനിക്കുകയും ചെയ്യും.
വീണ ജോർജിനെ ആക്രമിച്ച കേസിൽ നേരത്തെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ഒഴിവാക്കി പൊലീസ് അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു. KSU നേതാക്കൾ പ്രതിസ്ഥാനത്ത് ഉള്ള കേസിൽ ഇപ്പോൾ പുതിയ എസ്ഐടി രൂപീകരിച്ച് സംസ്ഥാന സർക്കാർ രംഗത്ത് എത്തുമ്പോൾ കുടുങ്ങാൻ പോകുന്നത് ആര് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
ALSO READ: പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ല; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്ന് വി ഡി സതീശൻ
KSU നേതാക്കൾ കുടുങ്ങുന്ന ഒരു നീക്കത്തിന് നിലവിലെ സർക്കാർ തയാറാകില്ല, അതല്ലെങ്കിൽ വാദി പ്രതിയാകും. അതിനാൽത്തന്നെ ഈ എസ്ഐടി അന്വേഷണം കഴിയുമ്പോൾ കുടുങ്ങുക ആര് എന്ന സംശയം ബാക്കിയാകുന്നു. . മന്ത്രിയുടേയും ഗൺമാന്റേയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തും. അതേസമയം തന്നെ തങ്ങളുടെ പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിൽ ഉയർന്ന തലത്തിലുള്ള ഗൂഢാലോചന നടന്നു എന്ന KSU പരാതിയിലും അന്വേഷണം ഉണ്ടാകും.
ഈ വർഷം ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോർജിനെതിരേ കെഎസ്‍യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരുക്കു പറ്റിയതാണ് സംഭവങ്ങളുടെ തുടക്കം. കഴുത്തിന് പരുക്കേറ്റ വീണ ജോർജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മന്ത്രി ഏതാനും ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു.
മന്ത്രിക്കെതിരേ KSU പ്രവർത്തകരുടെ ഭാഗത്തുനിന്ന് വധശ്രമമാണ് എന്ന നിലയ്ക്കാണ് അന്നത്തെ സർക്കാർ കേസെടുക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ KSU പ്രവർത്തകർക്ക് എതിരേ ചുമത്തുകയും ചെയ്തു. മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാൻറെ പരാതിയിൽ KSU കണ്ണൂർ ജില്ലാ പ്രസിഡൻറ് എംസി അതുൽ ഉൾപ്പെടെ 5 പേർക്കെതിരേയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പും ചുമത്തി കേസെടുത്തത്.
എന്നാൽ പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സമർപ്പിക്കപ്പെട്ട അന്തിമ കുറ്റപത്രത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ഒഴിവാക്കി. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഒഴിവാക്കിയത്. മന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നോ, ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നോ തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല.
എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നീ KSU പ്രവർത്തകർ നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പുതിയ സർക്കാർ വന്നതോടെ, പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പുകൾ പലതും ഒഴിവായിക്കിട്ടിയത് KSU നേതാക്കൾക്ക് ആശ്വാസമായി. പുതിയ എസ്ഐടി സംഘത്തിന്റെ അന്വേഷണത്തിൽ കേസിന്റെ യഥാർഥ വസ്തുത പുറത്തുവരുമോ, പ്രതികൾ ഏത് നിലയ്ക്ക് രക്ഷപ്പെടും/ശിക്ഷിക്കപ്പെടും, കേസിന്റെ പോക്ക് എങ്ങോട്ട് എന്നതൊക്കെ വരുംദിവസങ്ങളിൽ അറിയാം.
English Summary
The government has formed a new Special Investigation Team (SIT) to investigate the attack on Veena George in Kannur when she was the Health Minister. The SIT has a total of eight members. The team, led by KAP 4th Battalion Commandant U. Preman and Kannur ACP MP Azad, also includes Railway Inspector GS Saji, three SIs and two ASIs.