Veena George: വ്യക്തമായില്ല… മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലെന്ന് റെയിൽവേ സുരക്ഷാസേന
Veena George KSU Attack Case: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മന്ത്രിക്ക് ഇന്ന് പരിശോധന നടത്തും. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ.
കണ്ണൂർ: മന്ത്രി വീണ ജോർജിന് പരിക്ക് പറ്റിയ സംഭവത്തിൽ വഴിത്തിരിവ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.). കേസുമായി ബന്ധപ്പെട്ട് ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.
റെയിൽവേ പ്ലാറ്റ്‌ഫോമിൽ നടന്ന ക്രമസമാധാനപ്രശ്‌നമായതിനാൽ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. ഇന്നലെ രാത്രിയോടെ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസിന് കഴിഞ്ഞിട്ടില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പോലീസ് കേസുമായി മുന്നോട്ടുപോകുന്നത്.
ALSO READ: ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം; അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
അതേസമയം, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മന്ത്രിക്ക് ഇന്ന് പരിശോധന നടത്തും. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധഡോക്ടർമാർ അടങ്ങിയ മെഡിക്കൽസംഘം മന്ത്രിയെ പരിശോധിച്ചിരുന്നു. എം.ആർ.ഐ. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ വേണമെന്ന് നിർദേശിച്ചതായാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരിക്കുന്നത്.
സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്‍ഡ് ചെയ്തു. കെഎസ്‌യു ജില്ല പ്രസിഡന്റ് എംസി അതുല്‍, അഹമ്മദ് യാസീന്‍, സിഎച്ച് മുബാസ്, വിവി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. രാത്രി വൈകിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്. ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.