AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijil Murder Case: സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വിജിലിനായി തിരച്ചിൽ തുടരുന്നു; ഒന്നും കണ്ടെത്താനായില്ല

Vijil Murder Case Updates: ബുധനാഴ്ച രാവിലെ 9 മണിക്കാണ് കേസിൽ മുഖ്യപ്രതിയായ നിഖിലിനെ തെളിവെടുപ്പിനായി സരോവരത്ത് എത്തിച്ചത്. പ്രതി ചൂണ്ടി കാണിച്ച സ്ഥലത്താണ് പോലീസ് പരിശോധന നടത്തിയത്. 

Vijil Murder Case: സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വിജിലിനായി തിരച്ചിൽ തുടരുന്നു; ഒന്നും കണ്ടെത്താനായില്ല
വിജിൽ Image Credit source: Social Media
nandha-das
Nandha Das | Published: 28 Aug 2025 06:54 AM

കോഴിക്കോട്: സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ കോഴിക്കോട് സ്വദേശി വിജിലിനായുള്ള തിരച്ചിൽ ഇന്നും തുടരും. പ്രതികളുടെ മൊഴി അനുസരിച്ച് സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചതുപ്പിലെ വെള്ളം വറ്റിച്ചും മണ്ണ് നീക്കിയുമെല്ലാം പരിശോധന നടത്തിയിരുന്നു. തെളിവെടുപ്പിനിടെ മുഖ്യപ്രതി നിഖിലാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത്.

ബുധനാഴ്ച രാവിലെ 9 മണിക്കാണ് കേസിൽ മുഖ്യപ്രതിയായ നിഖിലിനെ തെളിവെടുപ്പിനായി സരോവരത്ത് എത്തിച്ചത്. പ്രതി ചൂണ്ടി കാണിച്ച സ്ഥലത്താണ് പോലീസ് പരിശോധന നടത്തിയത്. വെള്ളം നിറഞ്ഞ ചതുപ്പ് പ്രദേശത്താണ് മൃതദേഹം താഴ്ത്തിയതെന്നാണ് നിഖിൽ പറഞ്ഞത്. രണ്ട് ഫയർഫോഴ്‌സ് എൻജിൻ ഉപയോഗിച്ച് ചതുപ്പിലെ വെള്ളം വറ്റിക്കാനാണ് ആദ്യം ശ്രമിച്ചതെങ്കിലും ഉച്ചയോടെ മഴ ശക്തമായി. ചതുപ്പിൽ വീണ്ടും വെള്ള കയറിയതോടെ മണ്ണ് മാന്തി യാത്രം എത്തിച്ച് തിരച്ചിൽ നടത്തുകയായിരുന്നു. ചെളിയും മണ്ണുമെല്ലാം കോരി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

മഴ ശക്തമായി തന്നെ തുടർന്നതോടെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ താത്കാലികമായി തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു. ഇന്ന് വീണ്ടും പ്രദേശത്ത് തിരച്ചിൽ നടത്തും. സംഭവം നടന്ന് ആറര വർഷങ്ങൾ പിന്നിട്ടത് കൊണ്ട് തന്നെ കേസിൽ ശാസ്ത്രീയ തെളിവുകളാണ് നിർണായകം. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ചറിയാൻ കഴിയൂ. വിജിലിന്റെ ബൈക്ക് നേരത്തെ പോലീസ് കണ്ടെടുത്തിരുന്നു.

ALSO READ: സ്ത്രീകളെ ശല്യം ചെയ്തതിനു രാഹുൽ മാങ്കുട്ടത്തിനെതിരേ കേസെടുത്തു, പരാതി ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ

2019 മാർച്ച് മാസത്തിലാണ് വിജിലിനെ കാണാതായത്. അമിതമായ അളവിൽ ലഹരി മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ബോധരഹിതനായ വിജിലിനെ സരോവരത്ത് കെട്ടിത്താഴ്ത്തിയെന്നാണ് പ്രതികളുടെ മൊഴി. സംഭവതി എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിൽ കഴിയുന്ന പൂവാട്ട് പറമ്പ സ്വദേശി രഞ്ജിത്തിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അതിനാൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി, വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണവും തെളിവെടുപ്പും തുടരാനാണ് പോലീസ് നീക്കം.