VS Achuthanandan: രാഷ്ട്രീയഭേദമന്യേ ആളുകൾ ഇഷ്ടപ്പെട്ട വിഎസിന്റെ പ്രസംഗങ്ങൾ; കേരളം ഏറ്റെടുത്ത ആ ശൈലിയുടെ തുടക്കം ഇങ്ങനെ
VS Achuthanandan’s Oratory Evolution: പ്രസംഗത്തിലൂടെ എതിരാളികളെ പരിഹസിക്കാൻ പുരാണ കഥാപാത്രങ്ങളെയാണ് വിഎസ് കൂട്ടുപിടിക്കാറുള്ളത്. ചിലപ്പോൾ വേദപുസ്തകങ്ങളിലെ വാക്യങ്ങളാകും പ്രയോഗിക്കുന്നത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുമായി ഇക്കാര്യങ്ങൾ കൂടി കൂട്ടിയിണക്കുന്നതോടെ പ്രസംഗം ഗംഭീരമാകും, കേൾവിക്കാർ കൈയ്യടിക്കും.
ഒരു നേതാവ് എന്നതിലപ്പുറം കേരള ചരിത്രത്തിലെ ഒരു കാലഘട്ടം തന്നെയാണ് വിഎസ് അച്യുതാനന്ദൻ. കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ വിഎസ്, നീട്ടിയും കുറുക്കിയുമുള്ള ചാട്ടുളി പ്രസംഗങ്ങളിലൂടെ പാർട്ടിക്കുള്ളിലെയും പുറത്തെയും എതിരാളികളോട് പോരടിച്ചു. എതിരാളികളോട് പരിഹാസം വാരി വിതറിയുള്ള വിഎസിന്റെ പ്രസംഗം കേൾക്കാൻ രാഷ്ട്രീയഭേദമന്യേ ആളുകൾ തടിച്ചു കൂടൂം. അദ്ദേഹത്തിന്റെ പ്രസംഗത്തിന് മാത്രം ഒരു പ്രത്യേക ആരാധകവൃന്ദമുണ്ട്.
കുട്ടനാട്ടിലെ കർഷക, കയർ തൊഴിലാളികളെ പിടിച്ചിരുത്താനായി വിഎസ് അച്യുതാനന്ദൻ തുടങ്ങിവെച്ച പ്രസംഗ ശൈലി പിന്നീട് അങ്ങ് കേരളം ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ വിഎസിന്റെ ശൈലി ഇങ്ങനെ ആയിരുന്നില്ലെങ്കിലും ആലപ്പുഴയിലെ കർഷകരെയും കയർ തൊഴിലാളികളെയും സംഘടിക്കാൻ പാർട്ടി നിയോഗിച്ചതോട് കൂടിയാണ് ഇതിൽ മാറ്റം വന്നത്. തൊഴിലാളികളെ പിടിച്ചിരുത്താനായി വിഎസ് തുടങ്ങിവെച്ച ശൈലി പിന്നീട് ഒരു പതിവ് രീതിയായി മാറുകയായിരുന്നു.
പ്രസംഗത്തിലൂടെ എതിരാളികളെ പരിഹസിക്കാൻ പുരാണ കഥാപാത്രങ്ങളെയാണ് വിഎസ് കൂട്ടുപിടിക്കാറുള്ളത്. ചിലപ്പോൾ വേദപുസ്തകങ്ങളിലെ വാക്യങ്ങളാകും പ്രയോഗിക്കുന്നത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുമായി ഇക്കാര്യങ്ങൾ കൂടി കൂട്ടിയിണക്കുന്നതോടെ പ്രസംഗം ഗംഭീരമാകും, കേൾവിക്കാർ കൈയ്യടിക്കും. കർക്കശക്കാരനായ കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് ജനകീയ നേതാവിലേക്ക് വളരാൻ വിഎസിന് ഈ ശൈലി ഒരുപാട് സഹായകമായിട്ടുണ്ട്. ജനകീയ വിഷയങ്ങൾക്കാണ് വിഎസ് എന്നും പ്രസംഗത്തിൽ മുൻതൂക്കം നൽകിയിട്ടുള്ളത്. പാവപ്പെട്ടവർ അനുഭവിക്കുന്ന ദുരിതങ്ങൾ, അവർക്ക് മനസിലാകുന്ന ഭാഷയിൽ, ലളിതമായി, നർമ്മം കലർത്തി അവതരിപ്പിച്ച വിഎസ് പതിയെ അവരിൽ ഒരാളായി മാറുകയായിരുന്നു.
ഇഎംഎസ്, ജ്യോതി ബസു, എംഎൻ ഗോവിന്ദൻ നായർ, പി. സുന്ദരയ്യ, എകെജി തുടങ്ങി ഇന്ത്യൻ തൊഴിലാളി വർഗത്തിന് ദത്ത് പുത്രന്മാർ നിരവധിയാണ്. എന്നാൽ, തൊഴിലാളിവർഗത്തിന്റെ സ്വന്തം പുത്രനാണ് വിഎസ്. 1940കളിലെ ഫ്യൂഡൽ-കൊളോണിയൽ കാലം മുതൽ 2014ന് ശേഷമുള്ള ഹിന്ദുത്വ രാഷ്ട്രീയാധികാര കാലം വരെ എല്ലാ ചൂഷിതവ്യവസ്ഥകളോടും പൊരുതിയ വിഎസ് അച്യുതാന്ദൻ കേരളീയ ജനതയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖമായി മാറുകയായിരുന്നു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ എന്നിങ്ങനെ നിരവധി പദവികളാണ് വിഎസ് വഹിച്ചത്. അഞ്ച് വർഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വിശ്രമജീവിതം നയിക്കാൻ വിഎസിനെ നിർബന്ധിതനാക്കിയത്. എന്നിരുന്നാൽ പോലും, തൊഴിലാളി വർഗ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ മുതിർന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യൽ തൊഴിലാളിയിൽ നിന്ന് രാജ്യത്തെ ഏറ്റവും സമർത്ഥനായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയാണ് വിഎസ്. അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം എന്ന് പറയുന്നത് നമ്മുടെ നാടിൻ്റെ സമരപോരാട്ടങ്ങളുടെ കൂടി ചരിത്രമാണെന്ന് നമുക്ക് എന്നും ഓർമിക്കാം.