കതിർമണ്ഡപമില്ല, പുടവ നൽകിയില്ല, വിവാഹത്തിന് പിന്നാലെ മണവാട്ടിയെ വീട്ടിലാക്കി നിയമസഭാസമ്മേളനത്തിന്; വിഎസിൻ്റെ ജീവിതത്തിലേ തണൽമരമായ വസുമതി
VS Achuthanandan Wife & Family : സന്തോഷ സൂചകമായി എല്ലാവർക്കും പായസം നൽകും, അത്രമാത്രം. കഴിഞ്ഞ ജൂലൈ 18 -ഉം അങ്ങനെ തന്നെയാണ് കടന്നുപോയത്.
1967 ജൂലൈ 18-നായിരുന്നു സഖാവ് വിഎസ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയിൽ കൊച്ചുതറയിൽ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറിയായ വിഎസിന് പ്രായം 43 ആയിരുന്നു. വസുമതിക്ക് 29-ും. പിന്നീട് അവിടുന്ന് ഇങ്ങോട്ടേക്കുള്ള യാത്രയിൽ എന്നും വിഎസിൻ്റെ ജീവിതത്തിലെ തണൽമരമായിരുന്നു വസുമതി. കേരളത്തിന്റെ മുഖ്യമന്ത്രിയായി, പാവങ്ങളുടെ പടത്തലവനായി, ജനകീയ നേതാവായി തിളങ്ങിയപ്പോഴും താങ്ങായി പ്രിയപത്നി കൂടെയുണ്ടായിരുന്നു.
വി എസ് – വസുമതി ദമ്പതികൾ ഒരുമിച്ചുള്ള ജീവിതം 58 വർഷം പിന്നിട്ടും. ഇന്നും രാഷ്ട്രീയതാൽപര്യമൊന്നുമില്ലാതെ, സഖാവിനെ സ്നേഹിച്ചും പരിചരിച്ചും വസുമതി നിഴൽപോലെ കൂടെയുണ്ടായിരുന്നു. ഒരു ഞായറാഴ്‌ച പകൽ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു കതിർമണ്ഡപമൊരുങ്ങിയില്ല. പുടവ നൽകിയില്ല. നാലുകൂട്ടം പായസവുമായി സദ്യയില്ലായിരുന്നു. പരസ്‌പരം മാലയിടൽ മാത്രമായിരുന്നു ചടങ്ങ്. ചടങ്ങ് കഴിഞ്ഞു നേരെ പോയതു സഹോദരിയുടെ വീട്ടിലേക്ക്.
വി എസ് അച്യുതാനന്ദൻ്റെ വിവാഹ അറിയിപ്പ്

ഇവിടെ നിന്ന് നേരെ പോയത് വാടകവീട്ടിലേക്ക് . കഞ്ഞിവയ്‌ക്കാൻ ചട്ടിയും കലവും മുതൽ അരിസമാനങ്ങൾ വരെ കണ്ടെത്തേണ്ടതു കല്യാണപ്പെണ്ണിന്റെ ജോലിയായി. വരൻ അമ്പലപ്പുഴ എംഎൽഎയായിരുന്നു.പിറ്റേന്നു നേരംപുലർന്നതും പുതുമണവാളൻ മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാസമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടികയറി. പിന്നീട് പലപ്പോഴും വിഎസിൽ ചുറ്റിക്കറങ്ങുന്നതായി കേരളരാഷ്ട്രീയം തന്നെ.
വിവാഹത്തോടു താൽപര്യമില്ലായിരുന്ന വി എസ്, ഒടുവിൽ തന്റെ രാഷ്ട്രീയ ഗുരുവായ എൻ സുഗതന്റെ ഉപദേശം സ്വീകരിച്ചാണ് വിവാഹിതനായത്. ആർഭാടമില്ലാത്ത കല്യാണത്തിന് ശേഷം എല്ലാ വർഷവും ആഘോഷമില്ലാത്ത വിവാഹം വാർഷികമായിരുന്നു ഇരുവരുടേതും.. സന്തോഷ സൂചകമായി എല്ലാവർക്കും പായസം നൽകും, അത്രമാത്രം. കഴിഞ്ഞ ജൂലൈ 18 -ഉം അങ്ങനെ തന്നെയാണ് കടന്നുപോയത്.