VS Achuthanandan’s Sister Died: അണ്ണന്റെ പ്രിയപ്പെട്ട ആഴിക്കുട്ടി; വിഎസ് അച്യുതാനന്ദന്റെ സഹോദരി നിര്യാതയായി
VS Achuthanandan's sister Azhikutty passes away: വിഎസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി നിര്യാതയായി. വാര്‍ധക്യസഹജമായ രോഗങ്ങളാണ് മരണകാരണം. ഏറെ നാളായി കിടപ്പിലായിരുന്നു. വെന്തലത്തറ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.10-ഓടെയാണ് മരിച്ചത്
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി (95) നിര്യാതയായി. വാര്‍ധക്യസഹജമായ രോഗങ്ങളാണ് മരണകാരണം. ഏറെ നാളായി കിടപ്പിലായിരുന്നു. വെന്തലത്തറ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.10-ഓടെയാണ് ആഴിക്കുട്ടി മരിച്ചത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. പരേതനായ ഭാസ്‌കരനാണ് ഭര്‍ത്താവ്. തങ്കമണി, പരേതയായ സുശീല എന്നിവര്‍ മക്കളാണ്. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. പരേതരായ വിഎസ് ഗംഗാധരന്‍, വിഎസ് പുരുഷോത്തമന്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. വിഎസിന് രണ്ട് സഹോദരന്മാരും, ഒരു സഹോദരിയുമാണുണ്ടായിരുന്നത്.
വിഎസിന്റെ ജന്മവീടുകൂടിയാണ് വെന്തലത്തറ. ഒരു വര്‍ഷത്തിലേറെയായി ആഴിക്കുട്ടി കിടപ്പിലായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള വിശേഷദിവസങ്ങളില്‍ വിഎസ് ആഴിക്കുട്ടിയെ കാണാനെത്തുമായിരുന്നു. 2019ലാണ് വിഎസ് വെന്തലത്തറ വീട്ടിലെത്തി അവസാനമായി ആഴിക്കുട്ടിയെ കണ്ടത്. ആഴിക്കുട്ടിയുടെ മകള്‍ സുശീല 12 വര്‍ഷം മുമ്പാണ് മരിച്ചത്.
ജൂലൈ 21നായിരുന്നു വിഎസിന്റെ വിയോഗം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിഎസ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളായി. ഒരു മാസത്തോളം വിഎസ് ചികിത്സയില്‍ കഴിഞ്ഞു. വിഎസിന്റെ മരണവാര്‍ത്ത ടിവിയില്‍ കാണിച്ചിരുന്നെങ്കിലും ആഴിക്കുട്ടി അത് തിരിച്ചറിഞ്ഞിരുന്നില്ല.
Also Read: അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, വിഎസ് ഇനി അസ്തമിക്കാത്ത വിപ്ലവസൂര്യന്‍
അണ്ണന്റെ പ്രിയപ്പെട്ട അനിയത്തി
വിഎസിന്റെ വിപ്ലവ സ്മരണകള്‍ എന്നും ആഴിക്കുട്ടിയുടെ ഹൃദയത്തിലുണ്ടായിരുന്നു. വിഎസിനെക്കുറിച്ച് ആഴിക്കുട്ടി പറഞ്ഞ കഥകള്‍ ഏറെ ശ്രദ്ധേയമാണ്. പൊലീസിന്റെ കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങി വീട്ടിലെത്തിയ വിഎസിനോട് ‘അണ്ണാ, ഇനിയിതിന് പോകരുത്’ എന്ന് ഒരിക്കല്‍ ആഴിക്കുട്ടി പറഞ്ഞിരുന്നു. ‘കൊച്ചേ, നിനക്ക് വേറെ രണ്ട് അണ്ണന്മാര്‍ കൂടിയില്ലേ’ എന്നായിരുന്നു വിഎസ് അന്ന് ആഴിക്കുട്ടിക്ക് നല്‍കിയ മറുപടി.