AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan funeral: അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, വിഎസ് ഇനി അസ്തമിക്കാത്ത വിപ്ലവസൂര്യന്‍

VS Achuthanandan funeral Updates: സമരസഖാവിന് ഇനി ആലപ്പുഴയിലെ വലിയ ചുടുകാടില്‍ നിത്യനിദ്ര. ഹൃദയം നുറുങ്ങുന്ന വേദനയില്‍ കേരളം വിഎസിന് യാത്രാമൊഴിയേകിയപ്പോള്‍ പ്രകൃതിയും കണ്ണീരൊഴുക്കി

VS Achuthanandan funeral: അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, വിഎസ് ഇനി അസ്തമിക്കാത്ത വിപ്ലവസൂര്യന്‍
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നുImage Credit source: facebook.com/districtcollectoralappuzha
jayadevan-am
Jayadevan AM | Updated On: 23 Jul 2025 22:05 PM

ആലപ്പുഴ: മലയാളത്തിന്റെ സമരസഖാവിന് ഇനി ആലപ്പുഴയിലെ വലിയ ചുടുകാടില്‍ നിത്യനിദ്ര. ഹൃദയം നുറുങ്ങുന്ന വേദനയില്‍ കേരളം വിഎസിന് യാത്രാമൊഴിയേകിയപ്പോള്‍ പ്രകൃതിയും കണ്ണീരൊഴുക്കി. രാത്രി 9.15-ഓടെയായിരുന്നു സംസ്‌കാരം. മകന്‍ വി.എ. അരുണ്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. കുടുംബാംഗങ്ങള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തുടങ്ങിയവരും വിഎസിന് വിട നല്‍കാനെത്തി. വലിയ ചുടുകാടില്‍ നടന്ന സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പൊതുജനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.

കാലത്തെയും, ചരിത്രത്തെയും സാക്ഷിയാക്കി ചരിത്രമുറങ്ങുന്ന വലിയ ചുടുകാടിന്റെ മണ്ണില്‍ വിഎസ് നിത്യനിദ്രയിലേക്ക് പ്രവേശിച്ചെങ്കിലും അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ മനസില്‍ അണയാത്ത വിപ്ലവതാരകമായി കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി എന്നും ജ്വലിച്ചുനില്‍ക്കും.

പുന്നപ്ര വയലാര്‍ രക്തസാക്ഷിക്കളും, മറ്റ് നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാടില്‍ വിഎസ് എരിഞ്ഞടങ്ങുമ്പോള്‍ അണികള്‍ തീര്‍ത്ത ആള്‍ക്കടലില്‍ നിന്നും ‘ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം തിരമാല പോലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പട്ടം എസ്‌യുടി ആശുപത്രിയില്‍ വിഎസ് അന്തരിച്ചത്. ജൂണ്‍ 23ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ മരിക്കും വരെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.

തുടര്‍ന്ന് എകെജി പഠനഗവേഷണ കേന്ദ്രത്തിലും പിന്നീട് ബാര്‍ട്ടണ്‍ഹില്ലിലെ മകന്‍ അരുണ്‍കുമാറിന്റെ വീട്ടിലും, ദര്‍ബാര്‍ ഹാളിലും ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക് പുറപ്പെട്ടു. പ്രിയനേതാവിനെ ഒരു നോക്ക് കാണാന്‍ പാതയോരങ്ങളില്‍ ജനസാഗരം ഒഴുകിയെത്തിയതോടെ പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിഎസിന്റെ ഭൗതികദേഹം ആലപ്പുഴയിലെത്തിയത്. തുടര്‍ന്ന് പുന്നപ്ര വേലിക്കകത്തെ വിഎസിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ ഭൗതികദേഹമെത്തിച്ചു. ഇതിനു ശേഷം പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം.

വൈകുന്നേരം ആറു മണിയോടെ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം നടത്തി. അവിടെയും സംസ്ഥാനത്തിന് അകത്തുനിന്നും, പുറത്തുനിന്നുമുള്ള നിരവധി മലയാളികള്‍ അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടി. ഒടുവില്‍ രാത്രി ഒമ്പത് മണിയോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം ആലപ്പുഴയിലെ വലിയ ചുടുകാടില്‍ എത്തിച്ചത്.