Walayar Mob Lynching: വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ അഞ്ച് പേർ അറസ്റ്റിൽ; മർദ്ദനം ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ച്
Wayanad Mob Lynching Arrest: വാളയാറിലെ ആൾക്കൂട്ടക്കൊലപാതകത്തിൽ അഞ്ച് പേർ പിടിയിൽ. ഛത്തീസ്ഗഡുകാരനായ രാം നാരായണൻ ഭയ്യാറിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
വാളയാറിലെ ആൾകൂട്ടക്കൊലയിൽ അഞ്ച് പേർ അറസ്റ്റിൽ. ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണൻ ഭയ്യാർ എന്ന 31 വയസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്. എന്നാൽ, സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഛത്തീസ്ഗഡ് ബിലാസ്പൂർ സ്വദേശിയാണ് രാം നാരായണൻ ഭയ്യാർ.
അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാം നാരായണനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തടഞ്ഞുവെക്കുകയും അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ബുധനാഴ്‌ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. രാം നാരായൺ മദ്യപിച്ചിരുന്നു എന്നാണ് വിവരം.
Also Read: Mob Lynching: മോഷണം ആരോപിച്ച് ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
‘താൻ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ചോര തുപ്പി നിലത്തുവീണ രാം നാരായണൻ ഒന്നര മണിക്കൂറോളം റോഡിൽ കിടന്നു. അവശനിലയിലായ ഇയാളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രാം നാരായണന് മാനസികപ്രശ്നങ്ങളുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തും.
രാം നാരായണൻ്റെ ശരീരമാസകലം വടികൊണ്ട് അടിച്ച പാടുകളുണ്ട്. കഴുത്തിനും കൈക്കും ഇടുപ്പിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നാല് ദിവസം മുൻപാണ് രാം നാരായണൻ തൊഴിൽ തേടി കേരളത്തിലെത്തിയത്. കൃത്യത്തിൽ 20ലധികം പേർക്ക് പങ്കുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. 15 പേർ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.