Thamarassery Churam: താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ ഓടിത്തുടങ്ങി; വലിയ വാഹനങ്ങൾക്ക് നിരോധനം തുടരും
Thamarassery Churam Traffic: ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രി ഏഴോടെയാണ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണ് ദേശീയപാത 766ലെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു.
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചില് മൂലം ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ചെറു വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറകളും വലിയ മരങ്ങളും മണ്ണും ചെളിയും ഉൾപ്പെടെ വീണ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു.
അതേസമയം ഗതാഗതം പൂർണമായും പുനഃരാരംഭിച്ചിട്ടില്ല. ചുരത്തിലൂടെ ചരക്ക് ലോറികൾക്കും ഭാരമുള്ള വലിയ വാഹനങ്ങൾക്കുമുള്ള നിരോധനം തുടരുമെന്നാണ് അധികൃതർ അറിയിച്ചത്. ഇനി വരുന്ന മണിക്കൂറിൽ മഴയുടെ ശക്തി കുറഞ്ഞാൽ മാത്രമെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള അനുമതി നൽകുകയുള്ളൂ. എത്രയും വേഗം ചുരത്തിലെ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കുമെന്നാണ് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചത്.
ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രി ഏഴോടെയാണ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണ് ദേശീയപാത 766ലെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു. മണ്ണിടിച്ചിലിന് പിന്നാലെ ചുരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിൽ കുഴപ്പങ്ങൾ ഇല്ലെന്നാണ് കണ്ടെത്തിയത്.
താമരശ്ശേരി ചുരത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയതോടെ കുറ്റ്യാടി, നാടുകാണി ചുരങ്ങളിലൂടെയാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. ഭാരമേറിയ വലിയ വാഹനങ്ങൾ ഇപ്പോഴും ഈ ചുരങ്ങൾ വഴിയാണ് കടന്നുപോകുന്നത്. അതിനിടെ ചുരത്തിലുണ്ടായ പ്രതിസന്ധിയിൽ അടിയന്തരമായി ഇടപെടണമെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.