Wayanad Tunnel Road: തുരങ്കപാതയ്ക്ക് വയനാട് അനുയോജ്യമല്ല? ജീവനെടുത്ത് കേരളത്തിന്റെ ‘ജീവരേഖ’
Wayanad Tunnel Project Explained as Kalladi Landslide Draws Fresh Attention: ഇരുദിശകളിലേക്കും രണ്ട് വരികളിലായി രൂപകല്‍പന ചെയ്തിരിക്കുന്ന ഇരട്ട ട്യൂബ് തുരങ്കമാണിത്. വയനാട്ടിലൂടെ 5.58 കിലോമീറ്ററും കോഴിക്കോടിലൂടെ 3.15 കിലോമീറ്ററുമാണ് പാത കടന്നുപോകുന്നത്. നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കങ്ങളില്‍ ഒന്നുകൂടിയാകും വയനാട് തുരങ്കപാത.

വയനാട് തുരങ്കപാത
ഒട്ടനവധി പ്രതിഷേധങ്ങള്‍ക്കും ഹരജികള്‍ക്കുമെല്ലാം ഒടുവിലാണ് വയനാട് തുരങ്കപാത നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയത്. തുരങ്കപാത നിര്‍മിക്കുന്നത് ഉരുള്‍പൊട്ടല്‍ മേഖലയിലെന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെ പറഞ്ഞിട്ടും, സര്‍ക്കാരോ കോടതിയോ ചെവികൊണ്ടില്ലെന്നതാണ് അതിശയം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം തീര്‍ത്ത തീരാനോവില്‍ കഴിയുന്ന വയനാടുകാരെ തേടിയെത്തിയിരിക്കുന്നത് ഇപ്പോള്‍ മറ്റൊരു അപകടമാണ്. തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ പ്രദേശം ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
വയനാട് തുരങ്കപാത
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്നതാണ് വയനാടിന്റെ തുരങ്കപാത. കോഴിക്കോട് ജില്ലയിലെ മറിയപ്പുഴയില്‍ നിന്ന് അതായത് ആനക്കാംപൊയില്‍ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി-മേപ്പാടി വരെയാണ് തുരങ്കപാത നീളുന്നത്.
ഏകദേശം 2,134 കോടി രൂപ ചെലവില്‍ 8.73 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കപാതയുടെ നിര്‍മാണം ആലോചിച്ചിരുന്നത്. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള യാത്രാ ദൂരം കുറയ്ക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇരു ജില്ലകളിലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പശ്ചിമഘട്ടത്തിലൂടെയുള്ള ഈ പാത സഹായിക്കുമെന്ന വലിയ പ്രതീക്ഷ മുന്‍ സര്‍ക്കാരിനുണ്ടായിരുന്നു.
ഇരുദിശകളിലേക്കും രണ്ട് വരികളിലായി രൂപകല്‍പന ചെയ്തിരിക്കുന്ന ഇരട്ട ട്യൂബ് തുരങ്കമാണിത്. വയനാട്ടിലൂടെ 5.58 കിലോമീറ്ററും കോഴിക്കോടിലൂടെ 3.15 കിലോമീറ്ററുമാണ് പാത കടന്നുപോകുന്നത്. നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കങ്ങളില്‍ ഒന്നുകൂടിയാകും വയനാട് തുരങ്കപാത.
2,134 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദിലീപ് ബില്‍ഡ്‌കോണിനാണ്. കോഴിക്കോട് മുതല്‍ വയനാട് വരെയുള്ള യാത്രാ സമയം 45 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ കുറയുമെന്നാണ് പ്രതീക്ഷ. ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററില്‍ താഴെയായി കുറയ്ക്കാനും പാതയ്ക്ക് സാധിക്കുന്നതാണ്.
Also Read: വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല
അപകടകരമായ ചുരം റോഡുകള്‍ക്ക് പകരം, സുരക്ഷിതമായൊരു പാതയൊരുക്കാന്‍ ടണല്‍ റോഡിന് സാധിക്കുമെന്നും അധികൃതര്‍ പറയുന്നുണ്ട്. കേരളത്തിനും കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്താനും, വ്യാപാര മേഖലയ്ക്ക് ഉള്‍പ്പെടെ കരുത്താകാനും ടണല്‍ റോഡിന് സാധിച്ചേക്കും.
കേരളത്തിന്റെ ജീവരേഖ
വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് വയനാട് ടണല്‍ റോഡിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും ഉയര്‍ത്തിയത്. ടണല്‍ റോഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. പദ്ധതിക്ക് അനുമതി നല്‍കിയതില്‍ യാതൊരുവിധ ക്രമക്കേടുമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പദ്ധതിയുടെ നിര്‍മാണ ഘട്ടത്തില്‍ പാരിസ്ഥിതിക നിബന്ധനകള്‍ ലംഘിച്ചാല്‍ പരാതിക്കാരായ വയനാട് പ്രകൃതി സംരക്ഷണ സമിതിക്ക് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ചെന്നൈ ബ്രാഞ്ചിനെ സമീപിക്കാമെന്നും അന്ന് കോടതി പറഞ്ഞിരുന്നു. തുരങ്കപാതയ്ക്ക് ദേശീയ പ്രാധാന്യമുണ്ടെന്നും കേരളത്തിലെ ജനങ്ങളുടെ യാത്ര സുഗമമാക്കാന്‍ സഹായിക്കുന്ന ജീവരേഖയാണെന്നും കോടതി പറഞ്ഞു. ആ ജീവരേഖയാണിപ്പോള്‍ കേരളത്തിന് മറ്റൊരു ദുഃഖവാര്‍ത്ത സമ്മാനിക്കുന്നത്.
English Summary
The Kalladi landslide has brought the Wayanad tunnel project back into public focus. Rescue operations are underway at the construction site following the incident. The tunnel project is designed to improve connectivity between Kozhikode and Wayanad and reduce travel time. The incident has also renewed discussions about safety and construction in landslide-prone regions.