Diya Binu Pulikkakandam: രാജ്യത്തെ പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ; മത്സരിക്കാനിറങ്ങിയത് എംബിഎയ്ക്ക് പഠിക്കാന്‍ ഒരുങ്ങുന്നതിനിടെ; ആരാണ് ദിയ പുളിക്കക്കണ്ടം?
Learn About Diya Binu Pulikkakandam The Youngest Municipal Chairperson of India: പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷയെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ദിയ ബിനു പുളിക്കക്കണ്ടം. ഏതാനും മാസം മുമ്പ് വരെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതിരുന്ന വ്യക്തിയാണ് ഈ 21കാരി
പാലാ: രാജ്യത്തെ പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷയെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 21കാരി ദിയ ബിനു പുളിക്കക്കണ്ടം. ഏതാനും മാസം മുമ്പ് വരെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതിരുന്ന വ്യക്തിയാണ് ദിയ. ദിയ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും, നഗരസഭാധ്യക്ഷയായതുമെല്ലാം അപ്രതീക്ഷിതമായായിരുന്നു. ഈ 21കാരിയുടെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകള്‍ക്ക് പിന്നിലുള്ളത് പിതാവ് ബിനുവാണ്. പാലായുടെ രാഷ്ട്രീയത്തില്‍ അവിഭാജ്യഘടകമാണ് ബിനു.
രണ്ട് പതിറ്റാണ്ടായി നഗരസഭാംഗമായി തുടരുന്ന ബിനു പുളിക്കക്കണ്ടത്തെ കോട്ടയംകാര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. ഏത് പാര്‍ട്ടിയില്‍ നിന്നാലും വിജയിക്കുന്നതാണ് ബിനുവിന്റെ ചരിത്രം. ചെറുപ്പത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ട് എമ്മിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ബിനു. ആദ്യം നഗരസഭാംഗമായപ്പോള്‍ ബിനു കോണ്‍ഗ്രസുകാരനായിരുന്നു. 2015ല്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചു.
അന്ന് ബിനുവിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സഹോദരന്‍ ബിജുവായിരുന്നു. പിന്നീട് ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ബിനു അവിടെയും വിജയക്കൊടി പാറിച്ചു. ജോസ് കെ മാണിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ബിനു ആ സമയത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നത്. സിപിഎമ്മിന് പുറത്തേക്ക് ബിനുവിന് വഴിയൊരുക്കിയതും ജോസിനെതിരെയുള്ള നിലപാടുകളുടെ പേരിലായിരുന്നു.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ബിനു എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ചായിരുന്നു പാലായുടെ രാഷ്ട്രീയകൗതുകം. ബിനു സ്വതന്ത്രനായി മത്സരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. എന്നാല്‍ മകളെയും, സഹോദരന്‍ ബിജുവിനെയും ഒപ്പംകൂട്ടി ബിനു മത്സരിക്കാനിറങ്ങിയത് തീര്‍ത്തും അപ്രതീക്ഷിതമായി. സ്വതന്ത്രരായി മത്സരിച്ച മൂവരും വിജയിച്ചു. തന്റെ രാഷ്ട്രീയക്കരുത്ത് ബിനു ഒരിക്കല്‍ കൂടി തെളിയിച്ചു.
ദിയയുടെ വരവ്
ബിനു രണ്ട് തവണ പ്രതിനിധീകരിച്ച പതിനഞ്ചാം വാര്‍ഡിലാണ് മകള്‍ ദിയ മത്സരിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബിരുദം പൂര്‍ത്തിയാക്കിയ ദിയ, എംബിഎ പഠിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പുളിക്കക്കണ്ടം ഫാമിലിയെ ഒപ്പം നിര്‍ത്താന്‍ ഇടതു-വലതു മുന്നണികള്‍ കിണഞ്ഞുശ്രമിച്ചു. പുളിക്കക്കണ്ടം ഫാമിലിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. അതുകൊണ്ട് ബിനുവും കുടുംബവും യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ഏതാണ്ട് വ്യക്തമായിരുന്നു. എങ്കിലും അവസാന നിമിഷം വല്ല സസ്‌പെന്‍സ് ഉണ്ടാകുമോ എന്നതില്‍ മാത്രമായിരുന്നു ആകാംക്ഷ. എന്തായാലും അതുണ്ടായില്ല.
21-ാം വയസില്‍ അധ്യക്ഷ
നഗരസഭയുടെ തലപത്ത് ദിയയെത്തുമെന്ന സൂചനകള്‍ ആദ്യം മുതലേ പുറത്തുവന്നിരുന്നു. എന്നാല്‍ അധ്യക്ഷ മാത്രമല്ല, ഉപാധ്യക്ഷയും ഒരു സ്വതന്ത്രയാണെന്നതാണ് പ്രത്യേകത. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച മായാ രാഹുലാണ് ഉപാധ്യക്ഷ. യുഡിഎഫിനൊപ്പമാണെന്ന് ഫലപ്രഖ്യാപനത്തിന് പിന്നാലെ മായാ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ അധ്യക്ഷയെന്ന റെക്കോഡാണ് ദിയ സ്വന്തമാക്കിയിരിക്കുന്നത്. ദിയ പഴങ്കഥയാക്കിയത് മറ്റൊരു മലയാളിയുടെ റെക്കോഡായിരുന്നു. 26-ാം വയസില്‍ കൊണ്ടോട്ടി നഗരസഭാധ്യക്ഷയായ നിദ ഷഹീറിന്റെ റെക്കോഡാണ് ദിയ തിരുത്തിക്കുറിച്ചത്.
ബിനുവിന് ‘മധുരപ്രതികാരം’
ഇതിന് മുമ്പ് ജോസ് കെ മാണിയോടുള്ള എതിര്‍പ്പിന്റെ പേരിലാണ് ബിനുവിന് നഗരസഭാധ്യക്ഷ സ്ഥാനത്ത് എത്താനാകാതിരുന്നത്. ബിനു പോര്‍മുഖം തുറന്ന കേരള കോണ്‍ഗ്രസ് എം ഇന്ന് പാലായില്‍ പ്രതിപക്ഷത്താണ്. ഇതിന് പിന്നാലെ മകളെ നഗരസഭാധ്യക്ഷയാക്കാനായത് ബിനുവിന് ‘മധുരപ്രതികാര’മായി.