Cherthala Minor Elopement: ‘ഒന്നിച്ചു ജീവിക്കണം’; 17കാരനുമായി നാടുവിട്ട് രണ്ടു കുട്ടികളുടെ അമ്മ; അറസ്റ്റിൽ
Woman Arrested for Eloping with Minor Boy: 17കാരന്റെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 12 ദിവസം മുൻപാണ് വിദ്യാർത്ഥിക്കൊപ്പം സനുഷ നാടുവിട്ടത്.
ചേർത്തല: പതിനേഴ് വയസുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ 27കാരി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനിയായ സനുഷയെയാണ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ കൊല്ലൂരിൽ നിന്ന് ചേർത്തല പോലീസാണ് യുവതിയെ പിടികൂടിയത്. സനുഷയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
17കാരന്റെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 12 ദിവസം മുൻപാണ് വിദ്യാർത്ഥിക്കൊപ്പം സനുഷ നാടുവിട്ടത്. ഒപ്പം മക്കളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ കുത്തിയതോട് പോലീസിൽ പരാതി നൽകി. യുവതിയുടെ ബന്ധുക്കൾ ചേർത്തല പോലീസിലും പരാതി നൽകിയിരുന്നു.
ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇവർ ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ യുവതി ഫോൺ സ്വിച്ച് ഓൺ ചെയ്ത് ബന്ധുവിന് വാട്സാപ്പിൽ മെസേജ് അയച്ചതോട് കൂടിയാണ് കുടുങ്ങിയത്. ഇവരുടെ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലൂരിൽ എത്തിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടികൾക്കൊപ്പം ഇരുവരെയും പോലീസ് നാട്ടിലെത്തിച്ചു. ശേഷം 17കാരനെ ബന്ധുക്കൾക്കൊപ്പവും മക്കളെ യുവതിയുടെ ഭർത്താവിനൊപ്പവും വിട്ടയച്ചു. ചോദ്യം ചെയ്യലിൽ, ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്‌ത്. യുവതി നിലവിൽ കൊട്ടാരക്കര ജയിലിലാണ്.