Akshay Kumar: വൈകി ഉറങ്ങുന്നവർ മണ്ടന്മാരാണ്, എന്നും രാവിലെ ഞാൻ ചെയ്യുന്നത്…; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി അക്ഷയ് കുമാർ
Akshay Kumar Reveals Fitness Secret: ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ച് അക്ഷയ് കുമാർ ഇതാദ്യമായല്ല സംസാരിക്കുന്നത്. താൻ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്ന ആളാണെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. എട്ട് മണിക്കൂർ ജോലിയും എട്ട് മണിക്കൂർ ഉറക്കവും കൂടാതെ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വ്യായാമത്തിനായി അദ്ദേഹം നീക്കിവയ്ക്കാറുണ്ട്.
ബോളിവുഡ് നടന്മാർക്കിടയിലെ ഫിറ്റ്നസ് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകുന്ന ഒന്നാണ്. അത്തരത്തിൽ തൻ്റെ 58ാമത്തെ വയസിലും ഫിറ്റ്നസിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ (Akshay Kumar). കൃത്യമായ ആഹാരം, ഉറക്കം, വ്യായാമം എന്നിയിലൂടെ അച്ചടക്കമുള്ള ജീവിതശൈലി എപ്പോഴും പിന്തുടരുന്ന താരമാണ് അദ്ദേഹം. അക്കൂട്ടത്തിൽ താരം ദിവസവും രാവിലെ ചെയ്യുന്ന ഒരു ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ചാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സൂര്യോദയം കാണാതെ തൻ്റെ ജീവിതത്തിൽ ഒരു ദിവസം പോലെ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. “വൈകി ഉറങ്ങുന്നവർ മണ്ടന്മാരാണെന്ന് എൻ്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി സൂര്യനോടൊപ്പം ഉണരുമ്പോൾ അവൻ്റെ ശരീരം വളരെയധികം മെച്ചപ്പെടുന്നു. ദിവസവും കൃത്യമായി ഒരു സമയം ഉണരുന്നത് ശീലമാക്കുക” അദ്ദേഹം പറഞ്ഞു.
Also Read: ‘ഹോട്ടൽ ഭക്ഷണം ഒഴുവാക്കി; ചായയോടും നോ പറഞ്ഞു’; ജോൺ കൈപ്പള്ളിലിന്റെ ഫിറ്റ്നസ് സീക്രട്ട്
ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ച് അക്ഷയ് കുമാർ ഇതാദ്യമായല്ല സംസാരിക്കുന്നത്. താൻ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്ന ആളാണെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. എട്ട് മണിക്കൂർ ജോലിയും എട്ട് മണിക്കൂർ ഉറക്കവും കൂടാതെ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കാറുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ ഗുണങ്ങൾ
ദിവസവും രാവിലെ സൂര്യപ്രകാശമേൽക്കുന്നത് കൊണ്ട് നിരവധി ശാരീരിക ഗുണങ്ങളുണ്ട്. അതിരാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിന്റെ സർക്കാഡിയൻ റിഥം, ഉറക്കം, ഹോർമോണുകൾ, മെറ്റബോളിസം, മാനസികാവസ്ഥ എന്നിവയെ നിയന്ത്രിക്കുന്നുവെന്ന് ഫിറ്റ്നസ് പരിശീലക കൂടിയായ കൺസൾട്ടന്റ് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നു.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, അതിരാവിലെ ഉറക്കമുണർന്ന ഉടൻ തന്നെ സൂര്യപ്രകാശമേൽക്കുന്നത് മെലറ്റോണിനെ ഇല്ലാതാക്കുകയും, ശരിയായ സമയത്ത് കോർട്ടിസോൾ വർദ്ധിപ്പിക്കുകയും, സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലരായി തുടരാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
വിറ്റാമിൻ ഡി കൂടാതെ, അസ്ഥികളുടെ ആരോഗ്യം, പ്രതിരോധശേഷി, ദഹനം, ഉറക്കം തുടങ്ങിയവ മെച്ചപ്പെടുത്തുന്നു. രാവിലെ 10–15 മിനിറ്റ് വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ആരോഗ്യകരമാണ്. നിങ്ങൾ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളവരാണെങ്കിൽ, ആരോഗ്യ വിദഗ്ദ്ധനെ സമീപിച്ചതിന് ശേഷം മാത്രം ദിനചര്യയിൽ മാറ്റം വരുത്തുക.