AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Netflix: കാസറ്റ് കടയിൽ നിന്ന് സ്ട്രീമിംഗ് വിപ്ലവത്തിലേക്ക്; നെറ്റ്ഫ്ലിക്സ് ലോകം കീഴടക്കിയ കഥ….

Netflix Success Story: ഡിവിഡികൾ തപാൽ വഴി വാടകയ്ക്ക് നൽകുന്ന ഒരു ചെറിയ സ്ഥാപനമായിട്ടായിരുന്നു തുടക്കം. എന്നാൽ ഇന്ന് കോടികളുടെ ആസ്തിയാണ് ഈ കമ്പനിക്കുള്ളത്. സിനിമയെ വെല്ലുന്ന ആ ത്രില്ലർ കഥയൊന്ന് അറിഞ്ഞാലോ...നെറ്റ്ഫ്ലിക്സ് വന്ന വഴി....

Netflix: കാസറ്റ് കടയിൽ നിന്ന് സ്ട്രീമിംഗ് വിപ്ലവത്തിലേക്ക്; നെറ്റ്ഫ്ലിക്സ് ലോകം കീഴടക്കിയ കഥ….
Netflix Image Credit source: Getty Images
nithya
Nithya Vinu | Published: 12 Dec 2025 14:12 PM

സിനിമ കാണാൻ കാസറ്റുകളും ഡിവിഡികളും വാടകയ്ക്ക് എടുത്തിരുന്ന കാലം….. വർഷങ്ങൾ മുന്നോട്ടുവന്നപ്പോൾ കാസറ്റ് മാറി തിയറ്ററുകളും കേമ്പിൾ ചാനലുകളും രംഗപ്രവേശനം ചെയ്തു. എന്നാൽ ഇന്ന് കഥയാകെ മാറി. കൈയിൽ ഒരു മൊബൈൽ ഉണ്ടെങ്കിൽ വീട്ടിലിരുന്ന് ഒടിടി വഴി സിനിമ കാണാവുന്ന തരത്തിലുമെത്തി. ഒടിടി സ്ട്രീമിംഗ് എന്ന കേൾക്കുമ്പോൾ തന്നെ ആദ്യം മനസിൽ എത്തുന്ന ലോഗോ അത് നെറ്റ്ഫ്ലിക്സിന്റേത് ആയിരിക്കും, അല്ലേ? എന്നാൽ ഒരു കാസറ്റ് കൃത്യസമയത്ത് കൊടുക്കാൻ കഴിയാതെ വരികയും തുട‍ർന്ന് അതിന് പിഴ നൽകേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സ് എന്ന സ്ട്രീമിം​ഗ് വിപ്ലവത്തിന് തുടക്കം കുറിച്ചതെന്ന് നിങ്ങൾക്ക് അറിയാമോ?

നെറ്റ്ഫ്ലിക്സിന്റെ ചരിത്രം 1991ലാണ് തുടങ്ങിയത്, അതായത് ഇന്ത്യയിൽ ദൂരദർശന്റെ കാലത്ത്. 1997-ൽ റീഡ് ഹാസ്റ്റിംഗ്‌സും മാർക്ക് റാൻഡോൾഫും ചേർന്നാണ് നെറ്റ്ഫ്ലിക്സ് സ്ഥാപിച്ചത്. ഡിവിഡികൾ തപാൽ വഴി വാടകയ്ക്ക് നൽകുന്ന ഒരു ചെറിയ സ്ഥാപനമായിട്ടായിരുന്നു തുടക്കം. എന്നാൽ ഇന്ന് കോടികളുടെ ആസ്തിയാണ് ഈ കമ്പനിക്കുള്ളത്. സിനിമയെ വെല്ലുന്ന ആ ത്രില്ലർ കഥയൊന്ന് അറിഞ്ഞാലോ…നെറ്റ്ഫ്ലിക്സ് വന്ന വഴി….

 

ബ്ലോക്ക് ബസ്റ്റർ കാസറ്റ് കടകൾ

 

1990കളിൽ സിനിമ കാണാൻ ആളുകൾ ആശ്രയിച്ചിരുന്നത് കാസറ്റുകളെ ആയിരുന്നു. ആ കാസറ്റ് കച്ചവടത്തതിൽ ഭീമന്മാരായിരുന്നു ബ്ലോക്ക് ബസ്റ്റർ കമ്പനി. നാല് ദിവസത്തേക്കാണ് കാസറ്റ് വാടകയ്ക്ക് നൽകുന്നത്. നാല് ദിവസത്തിന് ശേഷം തിരിച്ച് നൽകിയില്ല എങ്കിൽ വലിയൊരു തുക പിഴയും ഈടാക്കുമായിരുന്നു.

ഒരു ദിവസം റീഡ് ഹെസ്റിം​ഗ്സ് എന്ന സോഫ്റ്റ് വെയർ എഞ്ചിനിയർ ബ്ലോക്ക് ബസ്റ്ററിൽ നിന്ന് അപ്പോളോ 13 എന്ന സിനിമയുടെ കാസറ്റ് വാങ്ങി. എന്നാൽ അദ്ദേഹം കാസറ്റ് തിരിച്ച് കൊടുക്കാൻ രണ്ട് ദിവസം വൈകി. പത്ത് ഡോളറാണ് ബ്ലോക്ക് ബസ്റ്റർ കമ്പനി റീഡിൽ നിന്നും പിഴ ഈടാക്കിയത്. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ബ്ലോക്ക് ബസ്റ്ററിനെതിരെ അദ്ദേഹം കേസ് കൊടുക്കാൻ ഒരുങ്ങി. കടക്കാർ പിഴ തിരിച്ച് കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചു.

എന്നാൽ റീഡ് അത് വിട്ടിരുന്നില്ല. ബ്ലോക്ക് ബസ്റ്ററിന്റെ കുത്തക വിഡിയോ ലൈബ്രറിക്ക് ഒരു ബദൽ വേണമെന്ന് അദ്ദേഹം മനസിൽ കണ്ടു. ആ സമയത്ത് അദ്ദേഹം മാർക്ക് റാൻഡോൾഫറമായി ചേർന്ന് പ്യൂർ സോഫ്റ്റ് വെയർ എന്ന പുതിയ കമ്പനിയുടെ പണിപ്പുരയിലായിരുന്നു. പ്യൂർ സോഫ്റ്റ് വെയർ വൻ വിജയമായി.

1996 ആ​ഗസ്റ്റ് 6ന് കമ്പനി ആട്രിയാക് കോർപ്പറേഷന് വിറ്റു. 700 മില്യൺ ഡോളറിനായിരുന്നു വിൽപന. അങ്ങനെ അഞ്ച് വർഷം കൊണ്ട് റീഡ് 340 മില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരനായി മാറി.

ALSO READ: ഹോട്ടൽ പണിക്കാരന്റെ ലക്ഷ്വറി ഫാഷൻ, ബിടിഎസ് ജിൻ-ന്റെയും ആലിയ ഭട്ടിന്റെയും സാമ്രാജ്യം, ‘ഗുച്ചി’യുടെ പോരാട്ടകഥ

 

നെറ്റ്ഫ്ലിക്സിന്റെ പിറവി

 

പ്യൂർ സോഫ്റ്റ് വെയർ കമ്പനി വിറ്റ് പ്രത്യേകിച്ച് പണിയില്ലാതെ ലോകം മുഴുവൻ കറങ്ങുന്ന ഇടവേളയിലാണ് ബ്ലോക്ക് ബസ്റ്ററിനുള്ള പണി റീഡ് ഓർത്തത്. തന്റെ നിക്ഷേപക സുഹൃത്തായ മാർക്ക് റുഡോൾഫിനോട് ഇക്കാര്യം ചർച്ച ചെയ്തു.

1998 ഏപ്രിൽ 14ന് കലിഫോർണിയ കേന്ദ്രമാക്കി നെറ്റ്ഫ്ലിക്സ്.കോം പ്രവർത്തം ആരംഭിച്ചു. 925 ടൈറ്റിലുകളും പതിനെട്ട് ജോലിക്കാരുമായിരുന്നു അന്നുണ്ടായിരുന്നത്. ബ്ലോക്ക് ബസ്റ്ററിന്റെ ദൗർബല്യം മനസിലാക്കുകയാണ് അവർ ആദ്യം ചെയ്തത്. അതിനിടെ ബ്ലോക്ക് ബസ്റ്റർ വിഡിയോ കാസറ്റുകളുടെ തുകയും വൈകിയാലുള്ള പിഴയും വർദ്ധിപ്പിച്ചിരുന്നു. ഈ സാധ്യത മുതലെടുത്ത് നെറ്റ്ഫ്ലിക്സ് തങ്ങളുടെ കാസറ്റ് വാടക നാല് ഡോളറായി നിജപ്പെടുത്തി.

ഏഴ് ദിവസത്തെ വാടക കാലാവധിയും നൽകി. നെറ്റ്ഫ്ലിക്സ് കാസറ്റുകൾ പോസ്റ്റലായും നൽകി തുടങ്ങി. രണ്ട് ഡോളർ പോസ്റ്റർ കോസ്റ്റ് നൽകിയാൽ അമേരിക്കയിൽ എവിടേക്കും നെറ്റ്ഫ്ലിക്സ് കാസറ്റുകൾ‌ അയച്ചുനൽകും.

അങ്ങനെയിരിക്കെ, 1994ൽ തായ് വാനിൽ സോണിക് കമ്പനി ആദ്യമായി നിർമിച്ച ഡിവിഡി പ്ലെയർ അമേരിക്കയിലും പ്രചരിക്കാൻ തുടങ്ങി. ഇത് ഡിവിഡി റെന്റൽ സാധ്യതയിലേക്ക് റീഡിന്റെ ശ്രദ്ധ എത്തിച്ചു.  നെറ്റ്ഫ്ലിക്സ് 6000ത്തോളം ടൈറ്റിലുകളുടെ ഡിവിഡി വിതരണവകാശം വാങ്ങി. അമേരിക്കയെമ്പാടും ഡിവിഡി അയച്ചുകൊടുത്തു. ഡിവിഡി പതുക്കെപതുക്കെ മിഡിൽക്ലാസ് അമേരിക്കക്കാരന്റെ വീടുകളിൽ സാന്നിധ്യമായി. 2007 ആയപ്പോഴേക്കും ഡിവിഡി വിതരണം നൂറുകോടി കടന്നു.

 

സ്ട്രീമിംഗ് വിപ്ലവം

2007ൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് വിഡിയോ രം​ഗത്തേക്ക് പ്രവേശിച്ചു. യുട്യൂബിന്റെ അതേ സാങ്കേതിക വിദ്യ പരീക്ഷിക്കുകയായിരുന്നു ചെയ്തത്. ക്രമേണ ഡിവിഡിക്ക് പകരം വിഡിയോകൾ‍ ഇന്റർനെറ്റ് വഴി നൽകുന്ന സംവിധാനമെന്ന നിലയിൽ നെറ്റ്ഫ്ലിക്സ് വളർന്നു. 2010 മുതല്‍ കാനഡയും ലാറ്റിനമേരിക്കയും തുടങ്ങി ലോകത്തിന്റെ പല ഭാ​ഗങ്ങളിലേക്കും നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്രവർത്തനം വ്യാപിപിച്ചു.

മറ്റുള്ളവരുടെ സിനിമകൾ പ്രദർശിപ്പിക്കുന്നത് ലാഭകരമല്ലെന്ന് കണ്ടപ്പോൾ അവർ സ്വന്തമായി സീരീസുകൾ നിർമ്മിക്കാൻ തുടങ്ങി. 2013-ൽ പുറത്തിറങ്ങിയ ‘ഹൗസ് ഓഫ് കാർഡ്‌സ്’ വൻ വിജയമായി. പിന്നീട് സ്ട്രേഞ്ചർ തിങ്‌സ്, ക്രൗൺ, ഡാർക്ക്, മണി ഹൈസ്റ്റ് തുടങ്ങിയ സീരീസുകളിലൂടെ നെറ്റ്ഫ്ലിക്സ് ഒരു ആഗോള ബ്രാൻഡായി മാറി.

ALSO READ: ദരിദ്രബാലന്റെ സ്വപ്നം, ഇന്ത്യക്കാരുടെ വികാരമായ ബ്രാന്‍ഡ്; ‘ബാറ്റ’ നടന്നുകയറിയ വഴികൾ

 

ഇന്ത്യൻ പ്രവേശനം

 

2016ലാണ് നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യൻ പ്രവേശനം. വൂട്ട് പോലുള്ള ഇന്ത്യന്‍ സ്ട്രീമിങ് സേവനങ്ങൾ നിലവിലുണ്ടെങ്കിലും ഇന്ത്യൻ മണ്ണിൽ സ്ഥാനം നേടാൻ നെറ്റ്ഫ്ലിക്സിന് അധികം പരിശ്രമിക്കേണ്ടി വന്നില്ല. കുറഞ്ഞ ഡാറ്റാ ചെലവില്‍ നെറ്റ്ഫ്ളിക്സ് ഒരു മാസത്തെ സൗജന്യ സേവനം നല്‍കും. അതുകഴിഞ്ഞാൽ മാസം നിശ്ചിത തുക ഈടാക്കുന്നതാണ്. ഇന്ന് നെറ്റ്ഫ്ലിക്സിന് വേണ്ടി മാത്രം പ്രമുഖ സംവിധായകർ സിനിമയും സീരീസും തയ്യാറാക്കുന്നു. പ്രമുഖരുടെ നോവലുകളും മറ്റും ഉള്ളടക്കമാക്കി നെറ്റ് ഫ്ലിക്സ് സ്വന്തം പരിപാടികളും നിര്‍മിക്കുന്നുണ്ട്.

 

നെറ്റ്ഫ്ലിക്സ് ആസ്തി

ഓഹരി വിപണിയിലെ വിലയനുസരിച്ച് കമ്പനിയുടെ മൂല്യം ഓരോ ദിവസവും മാറാമെങ്കിലും, നിലവിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 330 ബില്യൺ ഡോളറിനും 350 ബില്യൺ ഡോളറിനും ഇടയിലാണ് നെറ്റ്ഫ്ലിക്സിന്റെ വിപണി മൂല്യം, അതായത് ഏകദേശം 28 ലക്ഷം കോടി രൂപയോളം.

നെറ്റ്ഫ്ലിക്സ് ഇന്ന് വെറുമൊരു കമ്പനിയല്ല, അതൊരു വികാരവും സംസ്കാരവുമാണ്. ‘Netflix and Chill’ എന്നത് ലോകമെമ്പാടുമുള്ള യുവാക്കളുടെ ഇടയിലെ പ്രശസ്തമായ പ്രയോഗമാണ്. ഏകദേശം 190-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള നെറ്റ്ഫ്ലിക്സ് ഇന്ന് പ്രാദേശിക ഭാഷകളിലെ സിനിമകൾക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്.