Cycling vs Running: സൈക്ലിംഗോ ഓട്ടമോ: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏത് വ്യായാമമാണ് നല്ലത്?
Cycling vs Running Exercises: വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സൈക്ലിംഗ് അല്ലെങ്കിൽ ഓട്ടം രണ്ടിൽ ഏതെണെങ്കിലും ഫലപ്രദമായ പരിഹാരമാണ്. എന്നാൽ ഓട്ടവും സൈക്ലിംഗും എങ്ങനെയാണ് കൊഴുപ്പ് ഇല്ലാതാക്കുന്നതെന്ന് നമുക്ക് നോക്കാം.
വയറിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ്, കുറയ്ക്കാൻ ജിമ്മിലും മറ്റും പോയി കഷ്ടപ്പെടുന്നവരാണ് അധികവും. വയറ്റിലെ കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. ഇത് ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. വ്യായാമമാണ് വയറ്റിലെ കൊഴുപ്പ് കത്തിക്കാൻ ഏറ്റവും ഉചിതമായ മാർഗം. എന്നാൽ ഏത് വ്യായാമം എങ്ങനെ ചെയ്യണമെന്നുള്ള കാര്യത്തിൽ പലർക്കും ഇന്നും ധാരണയില്ല.
തടി കുറയ്ക്കാനും വയറ് കുറയ്ക്കാനും പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഓട്ടവും സൈക്ലിംഗും. എന്നാൽ ഇവയിലേതാണ് ഏറ്റവും നല്ലതെന്ന് പലരിലും ഉയരുന്ന ചോദ്യമാണ്. ഈ രണ്ട് കാർഡിയോ വ്യായാമങ്ങളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. രണ്ടും കലോറി കത്തിക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. സൈക്കിൾ ചവിട്ടുമ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കും. അത്തരത്തിൽ രക്തചംക്രമണവും ഓക്സിജൻ പ്രവാഹവും വർദ്ധിച്ച് ഇത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
കൂടാതെ സൈക്ലിങ്ങിലൂടെ മണിക്കൂറിൽ കുറഞ്ഞത് 300 കലോറിയെങ്കിലും കത്തിച്ചുകളയാൻ കഴിയും. ഓട്ടം അല്പം കഠിനമായ കാർഡിയോ വ്യായാമമാണ്. ഇതിന് മണിക്കൂറിൽ ഏകദേശം 400 കലോറി കത്തിക്കാൻ കഴിയും. ഓടുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയുന്നു. ഓട്ടം നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിൽ വർദ്ധിപ്പിക്കുന്നു. പതിവായി ഓടുന്നതിലൂടെ, നിങ്ങളുടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യം വേഗത്തിൽ മെച്ചപ്പെടുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സൈക്ലിംഗ് അല്ലെങ്കിൽ ഓട്ടം രണ്ടിൽ ഏതെണെങ്കിലും ഫലപ്രദമായ പരിഹാരമാണ്. മെഡിസിൻ ആൻഡ് സയൻസ് ഇൻ സ്പോർട്സ് ആൻഡ് എക്സർസൈസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയ വ്യക്തികൾക്ക് വയറിലെ കൊഴുപ്പ് ഉൾപ്പെടെയുള്ള ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സൈക്ലിംഗ്, ഓട്ടം എന്നിവയിലൂടെ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു.