Divya S Iyer IAS: അയ്യോ ഇതെന്തുപറ്റി.. ഇത്രയും നരച്ച മുടി! ഡൈ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി ദിവ്യ എസ് അയ്യർ ഐഎഎസ്
Divya S Iyer IAS Reveals Reason for Not Dyeing Hair: ഞാനാ പ്രക്രിയയ്ക്ക് പൂർണമായും എതിരൊന്നുമല്ല. പക്ഷെ നമ്മുടെ ശരീരം വെച്ചും നമ്മുടെ മനസ്സു വെച്ചും നമ്മുടെ ജീവിതം വെച്ചും വിളയാടേണ്ടത് നമ്മളാണ്. ആ തീരുമാനം കൈക്കൊള്ളേണ്ടത് നമ്മളാണ്.

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ആക്ടീവായ െഎഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യർ. പാട്ടുപാടുന്ന കളക്ടർ, നല്ല ചിരിയുള്ള കളക്ടർ, സുന്ദരിയായ ചെറുപ്പക്കാരിയായ ബ്യൂറോക്രാറ്റ് എന്നീ നിലകളിലും ഒപ്പം കോൺഗ്രസ് യുവനേതാവ് ശബരീനാഥിന്റെ ഭാര്യ എന്ന നിലയിലും പ്രശസ്തയാണ് അവർ.
ഇതിനൊപ്പം തന്നെ സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ്. അടുത്തിടെ വന്നിട്ടുള്ള ദിവ്യ െഎഎഎസിന്റെ വീഡിയോകളിലെല്ലാം അവരുടെ തലമുടിയിലെ നരയാണ് ശ്രദ്ധാകേന്ദ്രം. വെളുത്തമുടിയുമായി പൊതു വേദികളിലും മറ്റും പ്രത്യക്ഷപ്പെടുന്ന ഇവരെ അതിശയത്തോടെയാണ് എല്ലാവരും കണ്ടത്. കമന്റ് ബോക്സുകളിലും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഒരു വേദിയിൽ പ്രസംഗത്തിനിടെ എന്തുകൊണ്ട് ഡൈ ചെയ്യുന്നില്ല എന്ന കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇവർ.
പറയാനുള്ളത്
അയ്യോ ഇതെന്തുപറ്റി ഇത്രയും നരച്ച മുടി … അയ്യോ ഇതെന്താ കറുപ്പിക്കാത്തെ? ഇപ്പോഴും ഇങ്ങനൊന്നും പാടില്ല… മുടി കറുപ്പിക്കണം…ഇത് പോകുന്നിടത്തെല്ലാം കേട്ടു കേട്ട് തന്നെ മുടി കറുപ്പിക്കേണ്ട എന്നു തീരുമാനത്തിലേക്ക് നമ്മൾ എത്തിച്ചേരും.
(വേദിയിലിരിക്കുന്നവരോടായി) നിങ്ങളുടെ പ്രായത്തിൽ ഞാനും മുടി കളർ ചെയ്തിട്ടുണ്ട്. ഇല്ലെന്നൊന്നും പറയുന്നില്ല.
ഞാനാ പ്രക്രിയയ്ക്ക് പൂർണമായും എതിരൊന്നുമല്ല. പക്ഷെ നമ്മുടെ ശരീരം വെച്ചും നമ്മുടെ മനസ്സു വെച്ചും നമ്മുടെ ജീവിതം വെച്ചും വിളയാടേണ്ടത് നമ്മളാണ്. ആ തീരുമാനം കൈക്കൊള്ളേണ്ടത് നമ്മളാണ്. അതിന്റെ ഉത്തരവാദിത്വവും നമുക്ക്. ഈ മൂന്നു കാര്യങ്ങളും ജീവിതത്തിൽ നമ്മൾ ഓർത്തിരിക്കണം.
പ്രതികരണങ്ങൾ
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. മാഡം താങ്കളുടെ മുഖത്തിന് ഈ നരച്ച മുടി ചേരില്ല… കാരണം താങ്കളുടെ മുഖത്തിന് പ്രായം തോന്നില്ല അതുകൊണ്ട് വല്ലപ്പോഴും ഒക്കെ കറുപ്പിക്കാം എന്നാണ് ഒരാൾ പ്രതികരിച്ചത്. പ്രായത്തെ അംഗീകരിക്കുക, പ്രായത്തിന് മുന്നേ മുടിനരക്കുന്നവർക്ക് വിഷമം ഉണ്ടാവും അവർ കുറച്ചു ആർട്ടിഫിഷ്യൽ ആവണം, വേണം.
ഡൈ ചെയ്താൽ നര കൂടും എന്നുമുണ്ട്. ശൈശവം ബാല്യത്തിനും, ബാല്യം കൗമാരത്തിനും, കൗമരം യൗവ്വനത്തിനും കഴിഞ്ഞു വാർധക്യം വഴിമാറിയെ പറ്റു. സാധാരണം. എന്നു മറ്റൊരാൾ. ഇതിനിടെ വിമർശിക്കുന്നവരുമുണ്ട്. എല്ലാം കൊള്ളാം എന്നാലും.. ഭൂലോക ഫ്രാഡുകൾ ആയ കാരണഭൂതനേയും, രാഗേഷിനേയും ഒക്കെ ന്യായീകരിക്കുന്നത് കാണുമ്പോൾ എവിടെ എന്തോ കുഴപ്പം ഉള്ളത് പോലെ… എന്നാണ് ഒരാളുടെ വിമർശനം.