Crab Roast Recipe: കാഴ്‌ചശക്തി കൂട്ടും ,ഹൃദയത്തെ കാക്കും; ഞണ്ടിറച്ചി അത്ര നിസാരക്കാരനല്ല, ക്രാബ് റോസ്റ്റ് ഉണ്ടാക്കിയാലോ?
Delicious and Healthy Crab Roast Recipe: കഴിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടെങ്കിലും രുചിയിലും ഗുണത്തിലും കേമനാണ്. കണ്ണിന്റെ കാഴ്ചയ്ക്കും, ഹൃദയാരോഗ്യത്തിനും രോഗ പ്രതിരോധ ശേഷിക്കും വളരെയധികം നല്ലതാണ് ഞണ്ട് ഇറച്ചി.

Crab Roast Recipe
നോണ്‍ വെജ് വിഭവങ്ങളോട് പ്രിയം കൂടുതലാണ് മലയാളികൾക്ക്. പ്രത്യേകിച്ചും കടല്‍, മീന്‍ വിഭവങ്ങളോട്. രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും ഇവ മുൻപന്തിയിലാണ്. ഇതിൽ മിക്കർക്കും പ്രിയപ്പെട്ടതാണ് ഞണ്ട്. കഴിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടെങ്കിലും രുചിയിലും ഗുണത്തിലും കേമനാണ്. കണ്ണിന്റെ കാഴ്ചയ്ക്കും, ഹൃദയാരോഗ്യത്തിനും രോഗ പ്രതിരോധ ശേഷിക്കും വളരെയധികം നല്ലതാണ് ഞണ്ട് ഇറച്ചി.
ഇതിലടങ്ങിയിരിക്കുന്ന സിങ്ക്, സെലനിയം എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഹൃദയത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചക്കാവശ്യമായ ഒമേഗ 3-യും ഞണ്ടിറച്ചിയില്‍ ധാരാളമായുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിലെ ക്രോമി ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. പ്രമേഹ രോഗികള്‍ക്കും കൊളസ്‌ട്രോള്‍ രോഗികള്‍ക്കും ഉത്തമമാണിത്.ഇത്തവണ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ക്രാബ് റോസ്റ്റ് ഉണ്ടാക്കിയാലോ?
ചേരുവകൾ
ഞണ്ട് – 1 കിലോ
ഉള്ളി (സവാള) – 3 എണ്ണം അരിഞ്ഞത്
തക്കാളി (വലുത്) -2 എണ്ണം
ചെറിയ ഉള്ളി – 12 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – 2 അല്ലി
വലിയ ജീരകം- 1 ടീസ്പൂൺ
ഉലുവ -1 ടീസ്പൂൺ
വറ്റൽ മുളക് – 4 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
പച്ച മുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കറി വേപ്പില – ആവശ്യത്തിന്
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
കശ്മീരി ചില്ലി പൗഡർ -1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
Also Read:അരിപ്പുട്ട് കഴിച്ച് മടുത്തോ? ഈ വെറൈറ്റി പുട്ട് ട്രൈ ചെയ്യൂ; രുചി മാത്രമല്ല ഹെൽത്തിയുമാണ്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക്, ജീരകം, ഉലുവ എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം ഗ്യാസിലേക്ക് ഒരു ഉരുളി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അരിഞ്ഞ സവാള ചേർക്കുക. സവാള പാകത്തിന് വഴറ്റി അതിലേക്ക് നേരത്തെ അരച്ച വച്ചത് ചേർക്കുക.
ഇത് പാകമായി വരുമ്പോൾ പച്ചമുളകും തക്കാളി അരിഞ്ഞതും ചേർക്കണം. തുടർന്ന് കറി വേപ്പില, മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എല്ലാം ചേർത്ത് പച്ചച്ചുവ മാറുന്നത് വരെ വഴറ്റണം. ഇതിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ ഞണ്ടു കക്ഷണങ്ങൾ ചേർത്ത് ഒന്നര ഗ്ലാസ് ചൂട് വെള്ളം ചേർത്ത് ഉരുളി മൂടിവെച്ച് 12 മിനിറ്റ് വേവിച്ചെടുത്താൽ ഞണ്ടു റോസ്റ്റ് റെഡി.