Bread pudding: ഉച്ചയൂണിനു മുമ്പ് ഒരു ലാസ്റ്റ് മിനിറ്റ് ക്രിസ്മസ് പുഡിങ് റെഡിയാക്കിയാലോ?
Easy and Delicious Christmas Bread Pudding: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ക്രിസ്മസ് വിഭവങ്ങൾ അടുക്കളയിൽ തയ്യാറായ്ക്കൊണ്ടിരിക്കുമ്പോൾ ടേബിൾ നിറയ്ക്കാൻ ഒരു ലാസ്റ്റ് മിനിറ്റ് പുഡിങ് തയ്യാറാക്കിയാലോ? ക്രിസ്മസ് വിരുന്നിന് വിളമ്പാൻ പറ്റിയ, വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ബ്രെഡ് പുഡ്ഡിംഗ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട: 3 എണ്ണം
- കണ്ടൻസ്ഡ് മിൽക്ക്: പകുതി ടിൻ (1/2 Tin)
- പാൽ: 1 കപ്പ്
- ഉരുക്കിയ വെണ്ണ (Melted Butter): 2 ടേബിൾസ്പൂൺ
- പഞ്ചസാര: 2 മുതൽ 3 ടേബിൾസ്പൂൺ വരെ (ആവശ്യാനുസരണം)
- വാനില എസ്സെൻസ്: 1 ടീസ്പൂൺ
- ബ്രെഡ് കഷ്ണങ്ങൾ: 8 മുതൽ 10 വരെ
- സ്ട്രോബറി ജാം: ആവശ്യത്തിന്
- നട്സ്: അലങ്കാരത്തിനായി
തയ്യാറാക്കുന്ന വിധം
ബ്രെഡ് കഷ്ണങ്ങളുടെ അരികുകൾ മുറിച്ചു മാറ്റിയ ശേഷം മാറ്റി വയ്ക്കുക.ലഒരു വലിയ ബൗളിൽ മൂന്ന് മുട്ടകൾ പൊട്ടിച്ചൊഴിക്കുക. അതിലേക്ക് കണ്ടൻസ്ഡ് മിൽക്ക്, പാൽ, ഉരുക്കിയ വെണ്ണ, പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.ലഒരു പാനിൽ വെള്ളം ചൂടാക്കി അതിനു മുകളിൽ ഈ ബൗൾ വെച്ച് ‘ഡബിൾ ബോയിൽ’ ചെയ്തെടുക്കാം. ഈ സമയത്ത് മിശ്രിതം നന്നായി ഇളക്കിക്കൊണ്ടിരിക്കണം.
ബേക്കിംഗ് ട്രേയിൽ അല്പം വെണ്ണ പുരട്ടുക. ഇതിനു മുകളിൽ സ്ട്രോബറി ജാം നന്നായി തേച്ചു പിടിപ്പിക്കുക. ജാമിന് മുകളിലായി മുറിച്ചു വെച്ച ബ്രെഡ് കഷ്ണങ്ങൾ നിരത്തുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന പാൽ-മുട്ട മിശ്രിതം ചെറുചൂടോടെ കുറേശ്ശെയായി ഒഴിച്ചു കൊടുക്കാം.
പുഡ്ഡിംഗിന് മുകളിൽ നട്സ് വിതറി ഭംഗിയാക്കാം. 180 ഡിഗ്രി സെൽഷ്യസിൽ പ്രീ-ഹീറ്റ് ചെയ്ത ഓവനിൽ 30 മുതൽ 35 മിനിറ്റ് വരെ ബേക്ക് ചെയ്യുക. മുകൾഭാഗം മനോഹരമായ ഗോൾഡൻ നിറമാകുമ്പോൾ പുറത്തെടുക്കാം. രുചികരമായ ബ്രെഡ് പുഡ്ഡിംഗ് തയ്യാർ! ഇത് ചൂടോടെയോ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ വിളമ്പാവുന്നതാണ്.