Evening Snack Nostalgia : നാലുമണിപ്പലഹാരത്തിലെ റേഷനരി മധുരം… ഓർമ്മയുണ്ടോ ആ അരിയുണ്ട ?
Evening snack with ration rice: ഇപ്പോൾ 30 കടന്ന പലരുടേയും ബാല്യകാലത്തെ നാലുമണികൾ ഇങ്ങനെയെല്ലാം ആയിരിക്കാം. അന്നെല്ലാം വീടുകളിൽ സമൃദ്ധമായി കിട്ടുന്ന റേഷൻ അരി അല്ലെങ്കിൽ ചാക്കരി കൊണ്ടൊരു അരിയുണ്ട ഉണ്ട്. വളരെ ലളിതമായി തയ്യാറാക്കുന്ന ഈ വിഭവമാകും മിക്ക വീടുകളിലെയും നാലുമണി പലഹാരം.

Ariyunda Nostalgia
ഉച്ചവെയിലാറിത്തുടങ്ങുന്ന സമയം. നാലുമണിയ്ക്ക് ജനഗണമന ഉയരുമ്പോൾ ബാഗിൽ പുസ്തകം അടുക്കി എടുത്തോടാൻ തയ്യാറായി നിൽക്കുന്ന അക്ഷമ ഒരുവശത്ത്. വയറിൽ എരിയുന്ന വിശപ്പും ക്ഷീണവും മറുവശത്ത്. നാലിന്റെ കൂട്ടമണി അടിക്കുമ്പോൾ ആർത്തലച്ച് മലവെള്ളം പോലെ പുറത്തേക്ക് ഒരു പാച്ചിലാണ്.
വീടെത്തും മുമ്പേ മനസ്സങ്ങ് അടുക്കളയിലെത്തും. ചായയോടൊപ്പം ഇന്നെന്താവും കടി എന്ന ചിന്തയാണ് പ്രധാനം. വിറകടുപ്പിലെ പുക ചുവയുള്ള ചായയ്ക്കൊപ്പം അടച്ചുവെച്ച പാത്രത്തിനുള്ളിലെ രഹസ്യമെന്ത് എന്നറിയാനുള്ള സാവകാശം കിട്ടണമെന്നില്ല. കുളിച്ചു വന്നാൽ തരാം എന്നോ കയ്യും കാലും കഴുകി വായോ എന്നോ ഉള്ള അമ്മയുടെ ശകാരം മുന്നിലെത്തും. എല്ലാം കഴിഞ്ഞു വരുമ്പോൾ ആ പാത്രത്തിനുള്ളിലെ രഹസ്യം പുറത്തുവരും.
ഇപ്പോൾ 30 കടന്ന പലരുടേയും ബാല്യകാലത്തെ നാലുമണികൾ ഇങ്ങനെയെല്ലാം ആയിരിക്കാം. അന്നെല്ലാം വീടുകളിൽ സമൃദ്ധമായി കിട്ടുന്ന റേഷൻ അരി അല്ലെങ്കിൽ ചാക്കരി കൊണ്ടൊരു അരിയുണ്ട ഉണ്ട്. വളരെ ലളിതമായി തയ്യാറാക്കുന്ന ഈ വിഭവമാകും മിക്ക വീടുകളിലെയും നാലുമണി പലഹാരം.
തയ്യാറാക്കാനെളുപ്പം
അരിവറുത്തെടുത്ത് ശർക്കര ചീകിയിട്ട് തേങ്ങ ചിരകിയതും ഒരു നുള്ള് ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി ഉരുട്ടി എടുക്കുന്ന ഈ അരിയുണ്ടയ്ക്ക് അസാധ്യ രുചിയും മയവുമാണ്. അരി വറുത്താൽ ദാരിദ്രം വരുമെന്ന പഴയ ചൊല്ല് സ്മരിച്ചുകൊണ്ടു തന്നെയാകും ഇത് മിക്ക വീടുകളിലും വിളമ്പാറ്. വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോൾ ചട്ടിയിൽ നിന്ന് അരി പൊള്ളിയടരുന്ന മനോഹര ഗന്ധവും ശർക്കര – തേങ്ങാ സമവാക്യവും നമ്മെ മറ്റൊരു ലോകത്ത് എത്തിക്കും. ഇന്നും ഈ രുചിക്കൂട്ട് പഴയകാലത്തേക്ക് ഒന്നു എത്തിനോക്കാൻ വീട്ടിൽ തയ്യാറാക്കുന്നവർ ഏറെയുണ്ടാകും.