Soft Idli Recipe: പുളിപ്പിച്ചാൽ മാത്രം ഇഡ്ഡലി സോഫ്റ്റാകില്ല! ചില പൊടിക്കെെകൾ നോക്കിയാലോ?
Soft Idli Recipe: കടയിൽ നിന്ന് കിട്ടുന്നത് പോലെ നല്ല സോഫ്റ്റ് ഇഡ്ഡലിയാകണമെന്നില്ല വീട്ടിൽ തയ്യാറാക്കുന്നത്. എത്ര ഉഴുന്നും അരിയും ചേർത്താലും സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാൻ കഴിയാത്തതാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. ഇതിനു പരിഹാരം ഇതാ....

Idli
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. മിക്ക ദിവസങ്ങളിലും പല വീടുകളിലും രാവിലെ ഇഡ്ഡലിയും സാമ്പാറുമായിരിക്കും. എന്നാൽ കടയിൽ നിന്ന് കിട്ടുന്നത് പോലെ നല്ല സോഫ്റ്റ് ഇഡ്ഡലിയാകണമെന്നില്ല. എത്ര ഉഴുന്നും അരിയും ചേർത്താലും സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാൻ കഴിയാത്തതാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം.
തലേദിവസം അരി അരച്ച് പുളിപ്പിച്ചാൽ മാത്രം ഇഡ്ഡലി സോഫ്റ്റാകില്ല. അതിന് ചില പൊടിക്കൈകൾ കൂടി പരീക്ഷിക്കാം. അരച്ചെടുക്കുന്ന മാവ് എത്രത്തോളം പുളിപ്പിക്കുന്നുവോ അത്രത്തോളം നല്ലതാണ്.എന്നാൽ വേനൽക്കാലത്ത് കൂടുതൽ നേരം മാവ് പുളിപ്പിക്കാൻ മാറ്റി വയ്ക്കരുത്. രണ്ടാമതായി അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം കുറച്ച് റവ കൂടി ചേർത്ത് അരയ്ക്കുക. നല്ല സോഫ്റ്റ് ഇഡ്ലി ലഭിക്കാൻ ഇത് സഹായിക്കും.
Also Read:പനീർ ദിവസവും കഴിക്കാമോ? സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം; ഇതറിയാതെ പോകല്ലേ
മറ്റൊരു കാര്യം അരിയും ഉഴുന്നു കുതിർത്തെടുക്കുന്നതുപോലെ അവലും വെള്ളത്തിൽ കുതിർക്കുക. മാവ് അരയ്ക്കുമ്പോൾ അവലും ഇതിനൊപ്പം ചേർത്തുകൊടുക്കുക. മാവ് നന്നായി അരയുന്നതിന് ഇത് സഹായിക്കും. ഇത് ഇഡ്ഡലി പഞ്ഞി പോലെയാകാൻ സഹായിക്കും. മാവ് അരയ്ക്കുമ്പോൾ രുചി അനുസരിച്ച് അൽപം തെെര് ചേർക്കാം. ശേഷം മാവ് പുളിക്കാൻ മാറ്റിവയ്ക്കുക. മാവിലേക്ക് തെെര് ചേർക്കുമ്പോൾ ഫെർമന്റേഷൻ പ്രക്രിയ സുഗമമാകുന്നു.
ചേരുവകൾ
പച്ചരി: രണ്ട് കപ്പ്
ഉഴുന്ന്: ഒരു കപ്പ്
ഉലുവ: ഒരു ടേബിൾസ്പൂൺ
ചോറ്: ഒരു കപ്പ്
ഉപ്പ്: ആവശ്യത്തിന്
വെള്ളം
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് പച്ചരി കുതിർക്കാൻ വെക്കുക. മറ്റൊരു പാത്രത്തിൽ ഒരു കപ്പ് ഉഴുന്നും ഒരു ടേബിൾസ്പൂൺ ഉലുവയും ചേർത്ത് കുതിർക്കുക. ഇത് രണ്ടും ഒരു അഞ്ച് മണിക്കൂർ കുതിർത്തതിനു ശേഷം ആദ്യം ഉഴുന്നും പിന്നീട് അരിയും അരച്ചെടുക്കുക. ഒന്നിച്ച് അരച്ചെടുക്കരുത്. വെള്ളം ചേർക്കുമ്പോൾ നോക്കി മാത്രം ഒഴിച്ചുകൊടുക്കുക. ശേഷം ഉഴുന്ന് മാവ് ഒരു പാത്രത്തിലേക്ക് ചേർത്തുകൊടുക്കുക. ഇതുപോലെ പച്ചരിയും അരച്ച് ഉഴുന്ന് മാവിലേക്ക് ഒഴിച്ചുകൊടുക്കുക. ഇതിനു ശേഷം ഒരു കപ്പ് ചോറ് വെള്ളം ചേർത്ത് അരച്ച് നേരത്തെ തയ്യാറാക്കി വച്ച മാവിലേക്ക് ചേർക്കുക. തുടർന്ന് നന്നായി മിക്സ് ചെയ്തെടുക്കുക. ഒരു എട്ട് മണിക്കൂറിനു ശേഷം പൊങ്ങിയ മാവിലേക്ക് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ശേഷം ഇഡ്ഡലിത്തട്ടിലേക്ക് മാവ് ഒഴിക്കലാണ്. മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ വെളിച്ചെണ്ണ പുരട്ടുക.