Fish Varieties in Kerala: കോട്ടയത്തെ കുടംപുളിയിട്ട മീൻകറി മുതൽ കോഴിക്കോട്ടെ മുളകിട്ട മീൻകറി വരെ; ആരെയും അമ്പരപ്പിക്കും ഈ വൈവിധ്യങ്ങൾ
Fish Curry Varieties in Kerala: കോട്ടയത്തെ അച്ചായന്മാരുടെ മീൻകറിക്ക് മറ്റ് പ്രദേശത്തെ മീൻ കറിയേക്കാൾ നല്ല എരിവാണ്. ഇവരുടെ തന്നെ മറ്റൊരു സ്പെഷ്യൽ മീൻ കറിയാണ് കുടംപുളിയിട്ടത്. എന്നാൽ ഇവിടെ നിന്ന് ആലുവയിലെത്തിയാൽ അതേ കറിയിൽ കടുക് കാച്ചും.
ത്രസിപ്പിക്കുന്ന രുചിവൈവിധ്യങ്ങളുടെ നാടാണ് കേരളം. വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ടും രുചിപ്പെരുമ കൊണ്ടും ആരെയും അമ്പരപ്പിക്കുന്നതാണ് കേരളത്തിന്റെ ഭക്ഷണ സംസ്കാരം. എന്നാൽ ഓരോ വീടിനും ഓരോ രുചിയുടെ കഥയാണ് പറയാനുള്ളത്. സമുദായത്തിന്റെയും മതത്തിന്റെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിൽ ഒരേ വിഭവങ്ങൾക്ക് തന്നെ വ്യത്യസ്ത രുചിയും പാചക രീതിയുമാണ്.
ഇന്ത്യയിൽ എല്ലായിടത്തും നമ്മുക്ക് ഇത് കാണാൻ സാധിക്കും. പ്രത്യേകിച്ച് കേരളത്തിൽ. മീൻ കറിയുടെ കാര്യം തന്നെ എടുത്താൽ പലയിടത്തും പല രീതികളിലാണ് തയ്യാറാക്കുന്നത്. തിരുവനന്തപുരത്ത് തേങ്ങ അരച്ചു വാളൻപുളിയും മുരിങ്ങക്കായും ഇട്ടാണ് മീൻകറി തയ്യാറാക്കുന്നത്. എന്നാൽ ഇവിടെ നിന്ന് കോട്ടയത്തെക്ക് എത്തിയാൽ തീർത്തും വ്യത്യസ്തമാണ്. കോട്ടയത്തെ അച്ചായന്മാരുടെ മീൻകറിക്ക് മറ്റ് പ്രദേശത്തെ മീൻ കറിയേക്കാൾ നല്ല എരിവാണ്. ഇവരുടെ തന്നെ മറ്റൊരു സ്പെഷ്യൽ മീൻ കറിയാണ് കുടംപുളിയിട്ടത്. എന്നാൽ ഇവിടെ നിന്ന് ആലുവയിലെത്തിയാൽ അതേ കറിയിൽ കടുക് കാച്ചും. ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാണ് കോഴിക്കോട്ടെ മുളകിട്ട മീൻകറി.
തിരുവനന്തപുരം സ്‌റ്റൈൽ മീൻകറി
മീൻ – അരക്കിലോ
തേങ്ങ ചിരകിയത് – ഒരു കപ്പ്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
ചുവന്നുള്ളി – അഞ്ച്
വെള്ളം – ആവശ്യത്തിന്
മുരിങ്ങക്കായ – രണ്ട്, നീളത്തിൽ അരിഞ്ഞത്
പച്ചമാങ്ങ – ഒന്ന്, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – മൂന്ന്
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
Also Read:ചെറിയുള്ളിയില്ല…വെളുത്തുള്ളിയുമില്ല… കേരളത്തിലെ നമ്പൂതിരി ഭക്ഷണത്തിന്റെ പ്രത്യേകതകൾ ഇനിയുമേറെ
പാകം ചെയ്യുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ശേഷം തേങ്ങ ചിരകിയത്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, വാളൻപുളി,ചുവന്നുള്ളി വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചു വയ്ക്കുക. തുടർന്ന് അടുപ്പിലേക്ക് ഒരു മൺചട്ടി വച്ച് ഇതിലേക്ക് മുരിങ്ങക്കായ, പച്ചമാങ്ങ, പച്ചമുളക് ,കറിവേപ്പില, വെള്ളം എന്നിവ ചേർത്തതിനു ശേഷം നേരത്തെ അരച്ചുവച്ച അരപ്പും ചേർത്തു തിളപ്പിക്കണം. തിളച്ചതിലേക്ക് മുറിച്ച് വച്ച മീൻ ചേർത്തു മൂടി വച്ച് അഞ്ചു മിനിറ്റു വേവിക്കുക. ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.
കുടംപുളിയിട്ട മീൻ കറി
ചേരുവകൾ
ചൂര – 1 കിലോഗ്രാം
മുളകുപൊടി – 3 വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കുടം പുളി – 5 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ്
ഇഞ്ചി അരിഞ്ഞത് – 1 വലുത്
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
കടുക് -1/4 ടീസ്പൂൺ
കറിവേപ്പില
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ചൂര നന്നായി കഴുകി വൃത്തിയാക്കുക, ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില ,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. മുളകുപൊടി ചേർത്ത് ചെറു തീയിൽ പച്ച മണം മാറുന്നതു വരെ മൂപ്പിക്കുക, ശേഷം ആവശ്യമയ അളവിൽ വെള്ളം ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ കുടംപുളി, ഉപ്പ് എന്നിവ ചേർക്കുക. ശേഷം മീൻ ചേർക്കുക. അതീവ രുചികരമായ കുടംപുളിയിട്ട മീൻ കറി റെഡി.