World Sardine Day 2025: മത്തിപ്രേമികളെ ഇതിലേ… ഇതൊക്കെ അറിഞ്ഞിട്ടാണോ നിങ്ങൾ മത്തി കഴിക്കുന്നത്?
World Sardine Day 2025: മത്തിക്കായി ഒരു പ്രത്യേക ദിനം തന്നെ. ഇന്നാണ് ആ ദിനം. നവംബർ 24, ലോക മത്തി ദിനം. കാണാൻ ചെറിയ മീൻ ആണെങ്കിലും ആരോഗ്യ ഗുണങ്ങളിൽ കേമനാണ് മത്തി.
മലയാളിയുടെ ഭക്ഷണ സംസ്കാരത്തിൽ മത്തി അഥവാ ചാളയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. അതുകൊണ്ട് തന്നെയാകണം മത്തിക്കായി ഒരു പ്രത്യേക ദിനം തന്നെ. ഇന്നാണ് ആ ദിനം. നവംബർ 24, ലോക മത്തി ദിനം. കാണാൻ ചെറിയ മീൻ ആണെങ്കിലും ആരോഗ്യ ഗുണങ്ങളിൽ കേമനാണ് മത്തി.
“സാധാരണക്കാരുടെ മത്സ്യം” എന്നും “പാവപ്പെട്ടവന്റെ മത്സ്യം” എന്നും അറിയപ്പെടുന്നു മത്തിക്ക് ആരാധകർ ഏറെയാണ്. മുളകിട്ടും പച്ചകുരുമുളക് അരച്ചുചേർത്തും പീര വച്ചുമൊക്കെ തയാറാക്കുന്ന മത്തി രുചിയിൽ മാത്രമല്ല ഗുണത്തിലും കേമനാണ്. എന്നാൽ മറ്റ് മീൻ പോലെ തന്നെ മത്തിയ്ക്കും ഇന്ന് വിലയുണ്ട്.
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ബുദ്ധി വികാസത്തിനും മസ്തിഷ്കം, ഹൃദയ ആരോഗ്യപരിപാലനം എന്നിവയ്ക്ക് ഉത്തമമാണ്. മത്തി കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. നമ്മുടെ നാട്ടിൻപുറങ്ങളിൽ മത്തി വ്യത്യസ്തമായ പല രീതിയിലും പാചകം ചെയ്യാറുണ്ട്. അച്ചാറുകളുടെ രൂപത്തിലും ഇലയിൽ പൊള്ളിച്ചും ഒക്കെ ഇത് ഭക്ഷണമേശയിലേക്ക് എത്തുന്നു.
മത്തിയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള അസ്ഥികൾ നൽകുന്നു. വിറ്റാമിൻ ഡി, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ആരോഗ്യമുള്ള അസ്ഥികൾക്ക് ആവശ്യമായ മറ്റ് പോഷകങ്ങളും മത്തിയിൽ അടങ്ങിയിട്ടുണ്ട്. മത്തിയിൽ അടങ്ങിയിട്ടുള്ള ഒമേഗ -3 ശരീരത്തിൽ ലെപ്റ്റിൻ എന്ന ഹോർമോണിനെ നിയന്ത്രിക്കുന്നു. ഇത് വിശപ്പു കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.