Hardik Pandya Diet Plan: ഉച്ചഭക്ഷണം ഇന്ത്യൻ വിഭവങ്ങൾ, ആപ്പിൾ സിഡെർ വിനെഗർ ചേർത്ത വെള്ളം പ്രധാനം; ഫിറ്റ്‌നെസ് രഹസ്യം പങ്കുവച്ച് ഹാർദിക് പാണ്ഡ്യ
Hardik Pandya Reveals His Daily Diet: വെള്ളം കുടിച്ചാണ് തന്റെ പ്രഭാതം തുടങ്ങുന്നതെന്നാണ് ഹാർദിക് വീഡിയോയിൽ പറയുന്നത്. രാവിലെ ഉണർന്ന ശേഷം താൻ 500 മില്ലി വെള്ളം കുടിക്കുമെന്നും ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകി ജിമ്മിൽ പോകാൻ സജ്ജമാക്കുന്നുവെന്നാണ് താരം പറയുന്നത്.
ഏറെ ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഹാർദിക് പാണ്ഡ്യ. താരം ഫീൽഡിലെ പ്രകടനത്തിനൊപ്പം ഫിസിക്കൽ ഫിറ്റ്‌നെസിനും ഏറെ പ്രാധാന്യമാണ് നൽകാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫിറ്റ്നെസ് രഹസ്യവും തന്റെ ഒരു ദിവസത്തെ ഭക്ഷണക്രമത്തെ കുറിച്ചും പങ്കുവെക്കുകയാണ്.
ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് താരം ഡയറ്റ് പങ്കുവെച്ച് എത്തിയത്. താൻ കഴിക്കുന്നത് എന്താണെന്ന് ആരാധകർ ചോദിക്കാറുണ്ടെന്നും അതിനു മറുപടിയിതാ എന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വെള്ളം കുടിച്ചാണ് തന്റെ പ്രഭാതം തുടങ്ങുന്നതെന്നാണ് ഹാർദിക് വീഡിയോയിൽ പറയുന്നത്. രാവിലെ ഉണർന്ന ശേഷം താൻ 500 മില്ലി വെള്ളം കുടിക്കുമെന്നും ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകി ജിമ്മിൽ പോകാൻ സജ്ജമാക്കുന്നുവെന്നാണ് താരം പറയുന്നത്.
Also Read:അടുക്കളയിലെ പുകയും നിങ്ങളെ രോഗികളാക്കും? മലിനീകരണത്തിനുള്ള കാരണം ഇതാണ്
ജിമ്മിൽ പോയി വന്നതിനു ശേഷം 650 കലോറിയും 30 ഗ്രാം പ്രോട്ടീനും അടങ്ങിയ ബ്രേക്ക്ഫാസ്റ്റാണ് താരം കഴിക്കുന്നത്. സൂര്യകാന്തി വിത്തുകൾ, ഓട്സ്, പഴം, അവോക്കാഡോ, ബദാം, ബദാം പാൽ എന്നിവ ചേർത്തുള്ള സ്മൂത്തിയാണ് പ്രഭാത ഭക്ഷണമായി താരം കഴിക്കുന്നത്. ഇതിനു ശേഷം ആപ്പിൾ സിഡെർ വിനെഗർ (എസിവി) ചേർത്ത വെള്ളവും കുടിക്കാറുണ്ടെന്നും താരം പറയുന്നു.ശരീരഭാരം നിയന്ത്രിക്കാനും വിശപ്പ് നിയന്ത്രിക്കാനും വേണ്ടിയാണ് ഇത് കുടിക്കുന്നതെന്നാണ് ഹർദിക് പറയുന്നത്. അത്‌ലറ്റ് എന്ന നിലയിൽ താൻ കലോറി കൃത്യമായി കണക്കുകൂട്ടാറുണ്ടെന്നും താരം പറയുന്നു. ഉച്ച ഭക്ഷണത്തിനായി ഇന്ത്യൻ ഭക്ഷണങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
View this post on Instagram
ജീരക അരി, പാലക്, ദാൽ എന്നിവ ഉൾപ്പെടുന്ന 550 കലോറിയും 24 ഗ്രാം പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് ഉച്ചയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാക്ടീസിന് ശേഷം വൈകുന്നേരം 600 കലോറിയും 28 ഗ്രാം പ്രോട്ടീനും അടങ്ങിയ ഓട്സാണ് കഴിക്കാറുള്ളത്. രാത്രി ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് വീണ്ടും ആപ്പിൾ സിഡെർ വിനെഗർ കുടിക്കുന്ന ശീലമുണ്ട്. ടോഫുവും അരിയും ഉൾപ്പെടുന്ന ഏഷ്യൻ ഗ്രീൻ ബൗളാണ് രാത്രി ഭക്ഷണം’- ഹാർദിക് പറയുന്നു.