അപ്പുണ്ണിയുടെ നാവിൽ കപ്പലോട്ടം, എംടി മലയാളിയെ കൊതിപ്പിച്ച വിഭവം,
വായനക്കാരൻ്റെ നാവിൽ വെള്ളം നിറച്ചത് എംടിയുടെ മാത്രം മാജിക്കൽ റിയലിസം. കൈതക്കാടുകൾ കടന്ന് വീട്ടിലേക്കോടിയ അപ്പുണ്ണിക്കൊപ്പം വായനക്കാരും യാത്ര ചെയ്തു.
സന്ധ്യ മയങ്ങിയ നേരം, കടയിലേക്ക് വെളിച്ചെണ്ണ വാങ്ങാൻ പോയ നാലുകെട്ടിലെ അപ്പുണ്ണിയുടെ മനസ്സിൽ രണ്ട് കാര്യങ്ങളായിരുന്നു. ആദ്യത്തേത് തൻ്റെ ധൈര്യം സ്ഥാപിച്ചെടുക്കുക എന്നതാണെങ്കിൽ അമ്മയുണ്ടാക്കാമെന്ന് സമ്മതിച്ച ആ വിഭവം കഴിക്കാനുള്ള കൊതിയും. ഒന്നോ രണ്ടോ വട്ടം മാത്രം കഴിച്ച് രുചി പിടിച്ചു പോയൊരു സാധാരണ വിഭവം, ദാരിദ്രത്തിൻ്റെ കരിനിഴലിൽ ജീവിച്ചിരുന്ന അപ്പുണ്ണിക്ക് വില കൂടിയതായിരുന്നു. അവൻ്റെ നാവിൻ്റെ രസമുകുളങ്ങളെ മലയാളികൾക്ക് വെച്ച് നീട്ടിയത് എംടി വാസുദേവൻനായരായിരുന്നു.
ഉള്ളി മൂപ്പിച്ച ചോറ് കഴിക്കാൻ ഒരു കുട്ടിക്ക് ഇത്ര കൊതിയുണ്ടാകുമോ എന്ന് ചിന്തിച്ച വായനക്കാരൻ്റെ നാവിൽ വെള്ളം നിറച്ചത് എംടിയുടെ മാത്രം മാജിക്കൽ റിയലിസം. കൈതക്കാടുകൾ കടന്ന് വീട്ടിലേക്കോടിയ അപ്പുണ്ണിക്കൊപ്പം വായനക്കാരും യാത്ര ചെയ്തു. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് പൊട്ടിച്ചിട്ട ഉള്ളിയും ഒപ്പമിട്ട ചോറും അറിഞ്ഞോ അറിയാതെയോ നോവൽ വായിച്ചവർ പലരും വാരി വാരി ഉണ്ടു. ചിലർ വീട്ടിൽ അതുണ്ടാക്കി നോക്കി റെസിപ്പികൾ മാറ്റി മാറ്റി പരീക്ഷിച്ചു. മെച്ചപ്പെടുത്തിയും പാകപ്പിഴകൾ ഒരുക്കിയും ഉള്ളി മൂപ്പിച്ച ചോറിന് മാനങ്ങൾ പലതുണ്ടായി.
ചേരുവകൾ
1. ചോറ് – 2 കപ്പ്
2. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
3. ചെറിയ ഉള്ളി അരിഞ്ഞത് – 3-4 എണ്ണം
4. കറിവേപ്പില- 1 തണ്ട്
5. ഉപ്പ്- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, ഉള്ളിയും, കറിവേപ്പിലയും 1/2 ടീസ്പൂൺ ഉപ്പും ചേർത്ത് സ്വർണ്ണ നിറം ആകും വരെ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ചോറും ഉപ്പും ചേർത്ത് നന്നായി ഇളക്കി 4-5 മിനിറ്റ് ചൂടാക്കിയാൽ ഉള്ളി മൂപ്പിച്ച ചോറ് തയ്യാറായി!