Momos : ആവിയിൽ വേവിച്ചെടുക്കുന്ന മോമോസ് ഇന്ത്യക്കാരനല്ല; ഈ വിദേശി എങ്ങനെ മലയാളിക്ക് സ്വന്തമായി
Momos History: ഉത്തരേന്ത്യയുടെ തെരുവുകളിൽ നിന്ന് ഈ ലഘുഭക്ഷണം കേരളത്തിലെത്താൻ അധികം സമയം വേണ്ടി വന്നിരുന്നില്ല. അതുകൊണ്ട് പലരും ചിന്തിച്ചത് ഇതൊരു ഉത്തരേന്ത്യൻ ഭക്ഷണം ആകാമിതെന്നാണ്.

Momos
വൈകുന്നേരം ആകുമ്പോൾ നഗരപ്രദേശങ്ങളിലെ വഴിയോര തട്ടുകടയിൽ ഇടപിടിക്കുന്ന പ്രധാന വിഭവങ്ങളിൽ ഒന്നാണ് മോമോസ്. ആവിയിൽ വേവിച്ചും ചട്ടിയിൽ വറുത്തും രുചിയോടെ വിളമ്പുന്ന ഈ ലഘുഭക്ഷണം ഇന്ന് മലയാളികൾക്കിടയിൽ പ്രിയങ്കരനാണ്. മോമോസിനെ കുറിച്ച് കേട്ട് തുടങ്ങിയിട്ട് അധികമായിട്ടില്ലെങ്കിലും ഇതിനകം ഇതിന്റെ രുചി കേരളത്തിൽ നിറഞ്ഞുകഴിഞ്ഞു.
ഉത്തരേന്ത്യയുടെ തെരുവുകളിൽ നിന്ന് ഈ ലഘുഭക്ഷണം കേരളത്തിലെത്താൻ അധികം സമയം വേണ്ടി വന്നിരുന്നില്ല. അതുകൊണ്ട് പലരും ചിന്തിച്ചത് ഇതൊരു ഉത്തരേന്ത്യൻ ഭക്ഷണം ആകാമിതെന്നാണ്. എന്നാൽ ഇത് നമ്മുടെ രാജ്യത്തിന്റെ സ്വന്തമല്ല എന്നതാണ് വാസ്തവം. ടിബറ്റിൽ നിന്നും നേപ്പാളിൽ നിന്നുമായാണ് ഇതു ഇന്ത്യയിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്.
1960-കളിൽ ടിബറ്റൻ സ്വദേശികൾ ഇന്ത്യയിലേക്ക് കടന്നതോടെയാണ് മോമോസും എത്തിയത്. ഇവർ പിന്നീട് ലഡാക്ക്, ഡാർജിലിംഗ്, ധർമ്മശാല, സിക്കിം, ഡൽഹി എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരതാമസമാക്കിയപ്പോൾ ഇവിടുത്തെ പ്രാദേശിക ഭക്ഷണമായി മോമോസ് മാറുകയായിരുന്നു. പിന്നീട് ഈ ജനപ്രീതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയായിരുന്നു. ഇന്ന് പലയിടത്തും ഇത് തനതായ ഭക്ഷണമായി മാറിക്കഴിഞ്ഞു . കേരളത്തിലേക്ക് എത്തിയ മോമോസ് ആദ്യം പ്രധാന ഹോട്ടലുകളിലാണ് ഇടം പിടിച്ചത്. പിന്നീട് തെരുവുകളിലെ തട്ടുകടയിലേക്ക് മാറി. വളരെ വേഗത്തിലാണ് കേരളത്തിലെ തെരുവോരങ്ങളിൽ മോമോസ് സ്ഥാനം നേടിയത്. ഇത് വളർന്ന് പിന്നീട് ജനകീയമായി.
Also Read:മലയാളിയല്ല…. മസാലദോശയും വടയും എങ്ങനെ പെർഫെക്ട് കോംബോ ആയി
മോമോസ് ഇനി വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
ചിക്കൻ മോമോസ്
എണ്ണ
ഉപ്പ്
ചിക്കൻ വേവിച്ചു മിൻസ് ചെയ്തത് – 250 ഗ്രാം
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
സവാള – രണ്ട്,പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്
കാബേജ് – കാൽ കപ്പ്, പൊടിയായി അരിഞ്ഞത്
കാരറ്റ് – കാൽ കപ്പ്, പൊടിയായി അരിഞ്ഞത്
സോയാസോസ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ മൈദ, എണ്ണ, ഉപ്പ് എന്നിവ പാകത്തിനു വെള്ളം ചേർത്തു നന്നായി കുഴച്ചു മാവു തയാറാക്കുക. ശേഷം ഫില്ലിങ്ങിനായി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി പച്ചമുളക്, സവാള ,ഇഞ്ചി ,വെളുത്തുള്ളി,കാബേജ്, കാരറ്റ് ചേർത്തു വഴറ്റണം. ഇതിൽ ചിക്കനും സോയാസോസും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കണം. നേരത്തെ തയ്യാറാക്കി വച്ച മാവ് ചെറിയ ഉരുളകളക്കി, ഓരോ ഉരുളയും വട്ടത്തിൽ പരത്തുക. ഇതു കൈവെള്ളയിൽ വച്ചശേഷം നടുവിൽ ഓരോ ചെറിയ സ്പൂൺ ഫില്ലിങ് വച്ച്, അറ്റം ഒട്ടിക്കുക. ഇത് അപ്പച്ചെമ്പിൽ വച്ച് 20 മിനിറ്റ് ആവിയിൽ വേവിക്കുക.