AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian coffee house Kolkata: കോഫീ ഹൗസിലെ കട്ലറ്റിനെ പുഛിക്കുന്നവർ ഇവിടൊന്നു കയറണം… ടൈംട്രാവൽ ചെയ്തു പിന്നോട്ട് പോയ അനുഭവം ഉറപ്പ്

Importance and specialities of indian coffee house kolkata: ഇതിന്റെയെല്ലാം ഒപ്പം കിട്ടുന്ന ഒരു മഞ്ഞ മസ്റ്റാഡ് സോസാണ് രാജാവ്. രണ്ടാമത് ചോദിച്ചാൽ കിട്ടാൻ സാധ്യതയില്ലാത്ത ഈ സോസ് പലരുടേയും ഫേവറേറ്റ് ലിസ്റ്റിലുള്ളതാണ്.

Indian coffee house Kolkata: കോഫീ ഹൗസിലെ കട്ലറ്റിനെ പുഛിക്കുന്നവർ ഇവിടൊന്നു കയറണം… ടൈംട്രാവൽ ചെയ്തു പിന്നോട്ട് പോയ അനുഭവം ഉറപ്പ്
Indian Coffee House KolkataImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 27 Oct 2025 10:41 AM

ഒരു ​കയ്യിൽ എരിയുന്ന സി​ഗരറ്റും മറുകയ്യിൽ കാപ്പിയുമായി മണിക്കൂറുകളോളം വിപ്ലവം മുഴക്കിയ… തത്വചിന്ത സംസാരിച്ച.. പുസ്തകങ്ങൾ വായിച്ചു തീർത്ത ബുദ്ധിജീവികളുണ്ടായിരുന്ന കാപ്പിക്കട. എത്രമണിക്കൂർ ചിലവഴിച്ചാലും ഇന്നും ആരും ചോദ്യം ചെയ്യാത്ത ഒരിടം. കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലുള്ള മുറുക്കാൻ കറ നിറഞ്ഞ വഴികൾ കടന്ന് മാറാല നിറഞ്ഞ കോവണി കയറി എത്തുന്നത് മറ്റൊരു ലോകത്തേക്കാണ്. പഴയൊരു എണ്ണച്ചായ ചിത്രം പോലെയുള്ള സ്ഥലം.

പഴയ മരത്തിൽ തീർത്ത കസേരയും മേശയും കഴിഞ്ഞ കാലത്തിന്റെ സ്മരണയിലാണ്. ചുവരിലെ പെയ്ന്റിങ്ങുകൾ മുതൽ മഞ്ഞ ബൾബ് വെളിച്ചത്തിനുവരെ പഴമയുടെ പ്രൗഢ​ഗംഭീരമുഖം. കൊൽക്കത്തയിലെ പ്രശസ്തമായ ഇന്ത്യൻ കോഫീ ഹൗസ് എന്നും മറ്റ് കോഫീഹൗസുകളിൽ നിന്ന് വേറിട്ടു നിൽക്കും. അങ്ങനെ പറഞ്ഞാൽ കുറഞ്ഞു പോകും. ഇന്നും രാജകീയ മുഖം കൈവിടാത്ത കോഫീ ഹൗസാണ് ഇവിടുത്തേത്.

പണ്ട് മാത്രമല്ല ഇന്നും ഇവിടെ ഒരു ഇരിപ്പിടം കിട്ടാൻ പലപ്പോഴും കാത്ത് നിൽക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. കാരണം കാലം കടന്നു പോയാലും രുചി മാറാത്ത വിഭവങ്ങൾ തന്നെ. ഇതിൽ പ്രധാനമാണ് ഇവിടുത്തെ കട്ലറ്റ്. മറ്റ് കോഫീഹൗസുകളിൽ ഉള്ളതുപോലത്തെ ബീറ്റ്റൂട്ടിന്റെ അതിപ്രസരമുള്ള അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്നു പരക്കെ പറയപ്പെടുന്ന ഒന്നല്ല ഇവിടുത്തേത്. ഇവിടുത്തെ കട്ലറ്റ് വിശേഷം എന്തെന്ന് നോക്കാം.

 

കട്ട്ലറ്റ്

 

ഇവിടുത്തെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണ് മട്ടൺ കട്ട്ലറ്റ്. ചിക്കൻ കട്ലറ്റും മോശമല്ല. ഈ കട്ലറ്റുകളിൽ മസാലയേക്കാൾ പീസുകളാണ് കൂടുതലുള്ളത് എന്നതാണ് സവിശേഷത. മറ്റൊരു വിഭവം ഫിഷ് കബീരാജി (Fish Kabiraji), മട്ടൺ കബീരാജി എന്നിവയാണ്. മുട്ടയുടെ ക്രിസ്പിയായ ആവരണത്തോടെ നൽകുന്ന ഈ വിഭവം വളരെ പ്രസിദ്ധമാണ്.

Also read –  പപ്പായ ഹെൽത്തിയാ, പക്ഷേ ഇക്കൂട്ടർ അബദ്ധത്തിൽ പോലും കഴിക്കല്ലേ…

ചിക്കൻ അഫ്ഗാനി മറ്റൊരു പ്രശസ്ത വിഭവം. മുട്ടയുടെ ക്രിസ്പിയായ ആവരണത്തോടെ, തക്കാളി ചേർത്ത ഗ്രേവിയിൽ നൽകുന്ന കട്ട്ലറ്റാണിത്. ഇതിന്റെയെല്ലാം ഒപ്പം കിട്ടുന്ന ഒരു മഞ്ഞ മസ്റ്റാഡ് സോസാണ് രാജാവ്. രണ്ടാമത് ചോദിച്ചാൽ കിട്ടാൻ സാധ്യതയില്ലാത്ത ഈ സോസ് പലരുടേയും ഫേവറേറ്റ് ലിസ്റ്റിലുള്ളതാണ്.

 

അഡ്ഡ’ സംസ്കാരം

 

അഡ്ഡ (Adda) എന്നറിയപ്പെടുന്ന നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും രാഷ്ട്രീയ-സാംസ്കാരിക പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനും ഈ കോഫീ ഹൗസ് വേദിയായി. ഇന്നും മണിക്കൂറുകളോളം ഇവിടെയിരുന്ന് സംഭാഷണങ്ങളിൽ ഏർപ്പെടാൻ ആളുകൾക്ക് സാധിക്കും. അതാകാം ഒരു പക്ഷെ കൊൽക്കത്തയിലെ ബുദ്ധിജീവികളുടെയും വിദ്യാർത്ഥികളുടെയും കലാകാരന്മാരുടെയും കേന്ദ്രമാക്കി ഇതിനെ മാറ്റിയത്.

ഒരു കാലത്ത് സത്യജിത് റേ, അമർത്യ സെൻ, സുഭാഷ് മുഖോപാധ്യായ, മൃണാൾ സെൻ തുടങ്ങിയ പ്രമുഖർ ഇവിടുത്തെ സ്ഥിരം സന്ദർശകരായിരുന്നു.
1876-ൽ ആൽബർട്ട് ഹാൾ എന്ന പേരിൽ സ്ഥാപിച്ച ഈ കെട്ടിടമാണ്, പിന്നീട് 1942-ൽ കോഫി ജോയിന്റായി മാറിയത്. ഇന്നും മാറ്റങ്ങൾ വരുത്താതെ രുചി വിളമ്പി തലയുയർത്തി നിൽക്കുകയാണ് കൊൽക്കത്ത ഇന്ത്യൻ കോഫീ ഹൗസ്.