Onam sadhya recipe: തിരുവോണത്തിനു മുമ്പേ തയ്യാറാക്കി വയ്ക്കാം കുറുക്കു കാളൻ
Onam special Kurukku Kalan: തിരുവോണത്തിന് മുന്നോടിയായി കുറുക്ക് കാളൻ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം.
ഓണസദ്യയിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് കാളൻ. നന്നായി കുറുക്കി എടുക്കുന്ന കുറുക്ക് കാളൻ തിരുവോണത്തിന് ദിവസങ്ങൾക്ക് മുൻപേ ഉണ്ടാക്കി വെച്ചാലും കേടുകൂടാതെയിരിക്കും. ദിവസങ്ങൾ കഴിയുന്തോറും ഇതിന്റെ സ്വാദ് കൂടും. തിരുവോണത്തിന് മുന്നോടിയായി കുറുക്ക് കാളൻ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചേന , നേന്ത്രക്കായ
- പുളിയുള്ള കട്ടിയുള്ള തൈര്
- തേങ്ങ ചിരകിയത്
- പച്ചമുളക്
- ജീരകം
- മഞ്ഞൾപ്പൊടി
- കുരുമുളകുപൊടി
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- കറിവേപ്പില
- ഉപ്പ്
- വെള്ളം
പാചകരീതി
1. ചേനയും നേന്ത്രക്കായയും ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഒരു പാത്രത്തിലിട്ട് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, അൽപം വെള്ളം എന്നിവ ചേർത്ത് നന്നായി വേവിക്കുക. കഷണങ്ങൾ ഉടഞ്ഞുപോകാതെ ശ്രദ്ധിക്കണം.
2. തേങ്ങയും ജീരകവും പച്ചമുളകും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് വെന്ത പച്ചക്കറികളിലേക്ക് ചേർത്ത് നന്നായി ഇളക്കി ചെറുതീയിൽ തിളപ്പിക്കുക. തിളച്ചതിന് ശേഷം തീ കുറയ്ക്കുക.
3. ഇതിലേക്ക് നന്നായി ഉടച്ചെടുത്ത കട്ടത്തൈര് ചേർത്ത് വീണ്ടും ഇളക്കുക. ഈ സമയം തീ വളരെ കുറച്ച് വെക്കാൻ ശ്രദ്ധിക്കണം, അല്ലെങ്കിൽ തൈര് പിരിഞ്ഞ് പോകും.
4. മിശ്രിതം കുറുകി എണ്ണ തെളിഞ്ഞു വരുന്നത് വരെ ചെറിയ തീയിൽ വെച്ച് ഇളക്കിക്കൊടുക്കണം. കുറുക്ക് കാളൻ എന്ന് പേര് വരാൻ കാരണം ഈ പാകത്തിനാണ്.
5. ചെറിയൊരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, കറിവേപ്പില എന്നിവ ഇട്ട് താളിക്കുക.
6. ഈ താളിച്ചത് കാളനിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.