Thiruvathira puzhukku: ധനുമാസത്തിൽ കിട്ടുന്ന ആറാട്ടു കഞ്ഞിയും തിരുവാതിരപ്പുഴുക്കും കഴിച്ചിട്ടുണ്ടോ?
Thiruvathira Puzhukku and Aarattu Kanji: തിരുവാതിരപ്പുഴുക്കിൽ മുതിരയും ചേമ്പും തേനയും കപ്പയും അങ്ങനെ കയ്യിൽ കിട്ടുന്ന കാടൻ കിഴങ്ങുകളും പയറുമെല്ലാം കാണും. എങ്കിലും ഇതിന്റെ രുചി അപാരമാണ്. ഉച്ചയുടെ വെയിലും കഞ്ഞിയുടെ ചൂടും കൂടി ഉള്ളിലെത്തിയാൽ ആകെ ശരീരം തന്നെ ചൂടാകും. പിന്നെ വൈകീട്ട് ഉറക്കമൊഴിയലും പാതിരാപ്പൂ ചൂടലും...
ധനുമാസത്തിലേക്ക് ഇനി അധിക ദൂരമില്ല. വൃശ്ചിക മഞ്ഞിന്റെ കുളിരു തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ദാ എന്നു പറഞ്ഞപോലെ വരവായി തിരുവാതിരക്കാലം. മഞ്ഞും തണുപ്പും മാത്രമല്ല ഉത്സവങ്ങളുടെ കാലം കൂടിയാണിത്. പ്രത്യേകിച്ച് കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ. തിരുവാതിരയ്ക്ക് ആറാടുന്നതുപോലെയാണ് മിക്ക ശിവ ക്ഷേത്രങ്ങളിലും ഉത്സവം. അല്ലെങ്കിൽ അന്നത്തെ ദിവസം പ്രത്യേക വിശേഷമുണ്ടാകും.
എന്തായാലും ആ സമയത്ത് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കിട്ടുന്ന ഒരു പ്രത്യേക വിഭവമാണ് തിരുവാതിരപ്പുഴുക്ക്. ഒപ്പം ആറാട്ടുള്ള ക്ഷേത്രങ്ങളിലെ ആറാട്ടു കഞ്ഞിയും. ഇത് ചിലയിടങ്ങളിൽ നുറുക്കു ഗോതമ്പുകൊണ്ടാവും ഉണ്ടാക്കുക. കാരണം മറ്റൊന്നുമല്ല തിരുവാതിര വൃതമെടുക്കുന്നവർക്ക് അരിയാഹാരം കഴിക്കാൻ പറ്റില്ല എന്ന കാരണത്താൽ തന്നെ.
എന്തായാലും തിരുവാതിരനാളിനു മുന്നേ തുടങ്ങും ഭക്ഷണവിശേഷം. പ്രധാന വിശേഷം മകയിരം നാളിൽ കിട്ടുന്ന എട്ടങ്ങാടി എന്ന വിഭവമാണ്. ഏത്തക്കായയും ശർക്കരയും പയറും കരിമ്പും അങ്ങനെ എട്ടുകൂട്ടം ചേർത്തു തയ്യാറാക്കുന്ന ഈ വിഭവം കഴിച്ചാണ് തിരുവാതിര വൃതം തുടങ്ങുക. പിന്നെ പിറ്റേന്ന് അരിയാഹാരം കഴിക്കാതെയും ഒരിക്കൽ മാത്രം കഴിച്ചും വൃതം എടുക്കും. സ്ത്രീകൾ അന്ന് ഉത്സവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്ഷേത്രങ്ങളിൽ ഒത്തുചേരും. ക്ഷേത്രങ്ങളിൽ ആറാട്ടു കഞ്ഞി ഉച്ചയാകുമ്പോഴേക്ക് വിളമ്പിത്തുടങ്ങും.
Also read – വെള്ളം പോലത്തെ സാമ്പാറിൽ പയറിൻ തരികൾ തപ്പി നടക്കൽ… പയ്യൻ കഥകളും പണ്ടത്തെ ദാരിദ്രവും
ഒപ്പം തിരുവാതിരപ്പുഴുക്കും. തിരുവാതിരപ്പുഴുക്കിൽ മുതിരയും ചേമ്പും തേനയും കപ്പയും അങ്ങനെ കയ്യിൽ കിട്ടുന്ന കാടൻ കിഴങ്ങുകളും പയറുമെല്ലാം കാണും. എങ്കിലും ഇതിന്റെ രുചി അപാരമാണ്. ഉച്ചയുടെ വെയിലും കഞ്ഞിയുടെ ചൂടും കൂടി ഉള്ളിലെത്തിയാൽ ആകെ ശരീരം തന്നെ ചൂടാകും. പിന്നെ വൈകീട്ട് ഉറക്കമൊഴിയലും പാതിരാപ്പൂ ചൂടലും…
ഈ കഞ്ഞിയും പുഴുക്കും തിരുവാതിര ആഘോഷമുള്ള വീടുകളിലും കാണാം. മിക്കവാറും വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയ്ക്ക് വധൂവരന്മാരുള്ള വീടുകളിൽ ആവും ഈ ആഘോഷം കെങ്കേമം. ആ ആഘോഷം പൂത്തിരുവാതിര എന്നാണ് അറിയപ്പെടുക. അവിടെ കായ വറുത്തതും വിവിധ തരം ഉപ്പേരികളും അച്ചാറുകളും അടയും അങ്ങനെ വിഭവങ്ങളുടെ എണ്ണം കൂടും. പക്ഷെ ഇപ്പോൾ ഈ ആഘോഷവും ഭക്ഷണവും ക്ഷേത്രങ്ങളിലാണ് കൂടുതൽ.