non-alcoholic Christmas drinks: ആൽക്കഹോൾ കലരാത്ത ക്രിസ്മസ് ഡ്രിങ്ക് തയ്യാറാക്കാം… ഇതാ വെറൈറ്റി റെസിപ്പികൾ
Top non-alcoholic Christmas drinks:: ആഘോഷങ്ങളിൽ വൈനും കോക്ക്ടെയിലുകളും പ്രധാനമാണെങ്കിലും, ഇത്തവണ ആൽക്കഹോൾ ഇല്ലാത്തതും എന്നാൽ ക്രിസ്മസിന്റെ തനിമ ചോരാത്തതുമായ പാനീയങ്ങൾ പരീക്ഷിച്ചാലോ?
ക്രിസ്മസ് എന്നാൽ വെളിച്ചത്തിന്റെയും സംഗീതത്തിന്റെയും ഒപ്പം രുചികരമായ ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും കൂടി കാലമാണ്. ആഘോഷങ്ങളിൽ വൈനും കോക്ക്ടെയിലുകളും പ്രധാനമാണെങ്കിലും, ഇത്തവണ ആൽക്കഹോൾ ഇല്ലാത്തതും എന്നാൽ ക്രിസ്മസിന്റെ തനിമ ചോരാത്തതുമായ പാനീയങ്ങൾ പരീക്ഷിച്ചാലോ? കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചില സ്പെഷ്യൽ ക്രിസ്മസ് ഡ്രിങ്ക് റെസിപ്പികൾ ഇതാ
1. ക്ലാസിക് മൾഡ് ആപ്പിൾ സൈഡർ
മഞ്ഞുകാലത്തെ തണുപ്പകറ്റാൻ പറ്റിയ ചൂടുള്ള പാനീയമാണിത്. ആപ്പിൾ ജ്യൂസ്, കറുവപ്പട്ട, ഗ്രാമ്പൂ, തക്കോലം, ഓറഞ്ച് കഷ്ണങ്ങൾ, തേൻ എന്നിവയെല്ലാം ഒരു പാത്രത്തിലിട്ട് 15 മിനിറ്റ് നന്നായി തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഒരു കറുവപ്പട്ട സ്റ്റിക്ക് കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.
2. ജിഞ്ചർ ബ്രെഡ് ഹോട്ട് ചോക്ലേറ്റ്
ക്രിസ്മസ് രാവുകളെ മനോഹരമാക്കുന്ന കൊതിപ്പിക്കുന്ന ചോക്ലേറ്റ് പാനീയമാണിത്. പാൽ, കൊക്കോ പൗഡർ, പഞ്ചസാര, ഇഞ്ചിപ്പൊടി, കറുവപ്പട്ട, ജാതിയ്ക്ക പൊടിച്ചത്, വാനില എസൻസ് എന്നിവയെല്ലാം ഒരു പാനിലെടുത്ത് ചെറിയ തീയിൽ 10 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. ക്രീമി പരുവത്തിലാകുമ്പോൾ വിളമ്പാം.
3. മൾഡ് പോംഗ്രാനൈറ്റ് ടീ
മാതളനാരങ്ങയുടെ ഗുണവും സുഗന്ധവ്യഞ്ജനങ്ങളുടെ മണവും ചേർന്ന ഹെൽത്തി ഡ്രിങ്കാണിത്. മാതളനാരങ്ങ ജ്യൂസ്, ബ്ലാക്ക് ടീ ബാഗ്, ഗ്രാമ്പൂ, കറുവപ്പട്ട, ഓറഞ്ച് തൊലി എന്നിവ 5 മിനിറ്റ് തിളപ്പിക്കുക. അതിലേക്ക് ജ്യൂസും മസാലകളും ചേർത്ത് 10 മിനിറ്റ് കൂടി ചെറിയ തീയിൽ വെക്കുക.
4. വിന്റർ ബെറി ലെമണേഡ്
തണുപ്പുള്ളതും ഉന്മേഷം നൽകുന്നതുമായ ഒരു പാനീയം ആഗ്രഹിക്കുന്നവർക്ക് ഇത് പരീക്ഷിക്കാം. മിക്സഡ് ബെറി ക്രഷ്, നാരങ്ങാനീര്, സോഡ, പുതിനയില എന്നിവ ഒരു ഗ്ലാസിലെടുത്ത് നന്നായി യോജിപ്പിക്കുക. ഐസ് ക്യൂബ്സും ഫ്രഷ് ബെറികളും ചേർത്ത് വിളമ്പാം.