Fish Avial Recipe: പച്ചക്കറി ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും; നെത്തോലി കൊണ്ട് മീൻ അവിയൽ തയ്യാറാക്കാം
Netholi Fish Avial Recipe: പച്ചക്കറി ഇഷ്ടമില്ലാത്തവർക്ക് അവിയൽ അത്ര ബോധിച്ചുവെന്ന് വരില്ല. അവർക്ക് വേണ്ടിയുള്ളതാണ് നെത്തോലി കൊണ്ട് മീൻ അവിയൽ.നെത്തോലി കൊണ്ട് മീൻ അവിയൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
എവിടെ സദ്യ ഉണ്ടോ അവിടെ അവിയൽ ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ അവിയൽ ഇല്ലാകെ സദ്യ പൂർണമാകില്ല. തൂശനിലയിൽ, ആവി പൊങ്ങുന്ന ചോറിനും തൊടുകറികൾക്കുമൊപ്പം പ്രധാനിയാണ് അവിയൽ. മലയാളിയുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് അവിയൽ. എന്നാൽ പച്ചക്കറി ഇഷ്ടമില്ലാത്തവർക്ക് അവിയൽ അത്ര ബോധിച്ചുവെന്ന് വരില്ല. അവർക്ക് വേണ്ടിയുള്ളതാണ് നെത്തോലി കൊണ്ട് മീൻ അവിയൽ.നെത്തോലി കൊണ്ട് മീൻ അവിയൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
കഴുകി വൃത്തിയാക്കിയ നെത്തോലി – 200 ഗ്രാം
ചേന – അര കപ്പ്
പപ്പായ – അര കപ്പ്
മുരിങ്ങക്കായ – അര കപ്പ്
അച്ചിങ്ങ പയർ – അര കപ്പ്
മാങ്ങ – അര കപ്പ്
ചേമ്പിൻ താൾ – രണ്ട് കപ്പ്
പച്ച മുളക് – 2 എണ്ണം
മുളക് പൊടി – രണ്ട് ടീ സ്പൂൺ
മഞ്ഞൾ പൊടി – അര ടീ സ്പൂൺ
തേങ്ങ ചിരകിയത് – ഒരു കപ്പ്
ചുവന്നുള്ളി – നാല്
ജീരകം – അര ടീ സ്പൂൺ
വെളിച്ചെണ്ണ – ഒന്നര ടേബിൾ സ്പൂൺ
കറിവേപ്പില – രണ്ട് തണ്ട്
ഉപ്പ് – ആവശ്യത്തിന്
Also Read: ബട്ടർ ചിക്കനും ബിരിയാണിയും ഒഴിവാക്കി; രോഹിത് ശർമ കുറച്ചത് 20 കിലോ ഭാരം
തയ്യാറാക്കുന്ന വിധം
ആദ്യം എല്ലാ പച്ചകറികളും കനം കുറച്ച് രണ്ടിഞ്ച് നീളത്തിൽ അരിഞ്ഞുവെക്കുക. എടുത്ത് വച്ചിരിക്കുന്ന നെത്തോലിയും വൃത്തിയാക്കി വെയ്ക്കുക. ശേഷം തേങ്ങയും ഉള്ളിയും ജീരകവും മിക്സിയിൽ ചെറുതായൊന്ന് ചതച്ചെടുത്ത് മാറ്റിവെക്കുക. മീനിൽ പുരട്ടാനായി അര ടീസ്പൂൺ മുളക്പൊടിയും ഉപ്പും അല്പം വെള്ളത്തിൽ യോജിപ്പിച്ച് മീനിൽ പുരട്ടി വയ്ക്കുക.
നേരത്തെ തയ്യാറാക്കി വച്ച ചേനയും പപ്പായയും മുരിങ്ങക്കായും ചേമ്പിൻ താളും അച്ചിങ്ങയും രണ്ടായി കീറിയ പച്ചമുളകും ഒരു തണ്ട് കറിവേപ്പിലയും ഒരു ചട്ടിയിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു ടീ സ്പൂൺ വെളിച്ചെണ്ണയും മുളക്പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് ഒന്ന് തിരുമി ചെറു തീയിൽ വേവിക്കുക. ഇത് മുക്കാൽ വെന്തുകഴിയുമ്പോൾ നേരത്തെ ഉപ്പും മുളകും പുരട്ടി വച്ചിട്ടുള്ള മീനും അരിഞ്ഞ മാങ്ങയും അരപ്പും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ച് വേവിക്കുക.മീൻ വെന്താൽ തീ ഓഫാക്കി വെയ്ക്കാം. കൂടുതൽ രുചികരമാക്കാൻ കുറച്ച് കറിവേപ്പില വിതറി അര ടീ സ്പൂൺ വെളിച്ചെണ്ണ തൂവി പത്തു മിനിറ്റ് അടച്ചുവച്ച ശേഷം വിളമ്പാം