Fish Storage Tips: മീൻ സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിലോ ഫ്രീസറിലോ? ഫ്രഷ് ആയിട്ടിരിക്കാൻ ഈ സൂത്രം ചെയ്താൽ മതി
How to Store Fish to Keep It Fresh Longer: മീൻ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അത് പെട്ടെന്ന് കേടാകാനും ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകാനും സാധ്യതയുണ്ട്. മീൻ കൂടുതൽ ദിവസം കേടുകൂടാതെയും അതിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെയും സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞാലോ
മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീൻ വിഭവങ്ങൾ. എന്നാൽ എല്ലാ ദിവസവും ഫ്രഷ് മീൻ വാങ്ങാൻ സാധിക്കാത്തതുകൊണ്ട് പലരും ഒന്നിച്ച് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്. മീൻ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അത് പെട്ടെന്ന് കേടാകാനും ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകാനും സാധ്യതയുണ്ട്. മീൻ കൂടുതൽ ദിവസം കേടുകൂടാതെയും അതിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെയും സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞാലോ…
മീൻ സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിലോ ഫ്രീസറിലോ?
ഫ്രിഡ്ജിൽ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നിർദ്ദേശപ്രകാരം, ഫ്രഷ് മീൻ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണെങ്കിൽ ഫ്രിഡ്ജിലെ സാധാരണ അറകളിൽ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. എന്നാൽ, ഇവിടുത്തെ താപനില 4°C-ൽ താഴെയായിരിക്കണം.
ഫ്രീസറിൽ
അതേസമയം, മീൻ കൂടുതൽ ദിവസങ്ങൾ സൂക്ഷിക്കണമെങ്കിൽ തീർച്ചയായും അത് ഫ്രീസറിലേക്ക് മാറ്റണമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നു. ഫ്രീസറിലെ താപനില -18°C-ൽ താഴെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ALSO READ: പ്രമേഹ രോഗികൾക്ക് ഏത്തക്ക കഴിക്കാമോ? ഷുഗറുള്ളവർ നേന്ത്രപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഫ്രീസറിൽ എത്ര കാലം സൂക്ഷിക്കാം?
എല്ലാ മീനുകളും ഒരുപോലെയല്ല ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത്. ചാള, മത്തി, തിലോപ്പിയ തുടങ്ങിയ മീനുകൾ ആറുമുതൽ എട്ടുമാസം വരെ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. എന്നാൽ, സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പ് കൂടിയ മീനുകൾ ആണെങ്കിൽ രണ്ട് മുതൽ മൂന്ന് മാസം വരയെ ഫ്രീസറിൽ സൂക്ഷിക്കാൻ പാടുള്ളൂ. അതുപോലെ, ഫ്രീസറിലെ താപനിലയും ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രത്തിലാണ് സൂക്ഷിക്കേണ്ടത്. പ്ലാസ്റ്റിക്കിലോ അലുമിനിയം ഫോയിലിലോ പൊതിഞ്ഞ് ഫ്രീസറിൽ വയ്ക്കാവുന്നതാണ്.
മീൻ ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന ടിപ്സുകൾ
മീൻ ഫ്രിഡ്ജിൽ വെക്കുമ്പോൾ അതിന്റെ ഈർപ്പവും രുചിയും നഷ്ടപ്പെടാതിരിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില എളുപ്പവഴികളുണ്ട്. മീൻ വാങ്ങിയ ഉടൻ തന്നെ നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം ചെറിയ കഷ്ണങ്ങളാക്കി മാറ്റാം. വൃത്തിയാക്കിയ മീൻ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ പൊതിഞ്ഞ ശേഷം എയർ ടൈറ്റ് പാത്രങ്ങളിലോ വാക്വം സീൽ ചെയ്ത ബാഗുകളിലോ വേണം ഫ്രീസറിൽ വെക്കാൻ.
മീൻ കഷ്ണങ്ങൾ കുറച്ചു സമയം ഉപ്പുവെള്ളത്തിലോ നാരങ്ങാനീരിലോ മുക്കിവെച്ച ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുന്നത് ബാക്ടീരിയകളെ അകറ്റി പുതുമ നിലനിർത്താൻ സഹായിക്കും.
മീനിൽ അല്പം മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ പുരട്ടി പാത്രത്തിലാക്കി ഫ്രീസറിൽ വെച്ചാൽ മീനിന്റെ സ്വാദ് മാറാതെ ദീർഘനാൾ ഇരിക്കും.
ഫ്രീസറിൽ നിന്ന് എടുത്തുപയോഗിക്കാൻ എളുപ്പത്തിനായി, ഓരോ തവണയും പാകം ചെയ്യാൻ ആവശ്യമുള്ള അളവിൽ മാത്രം മീൻ പ്രത്യേകം പാത്രങ്ങളിലാക്കി സൂക്ഷിക്കുക. ഒരിക്കൽ ഡിഫ്രോസ്റ്റ് ചെയ്ത മീൻ വീണ്ടും ഫ്രീസറിലേക്ക് എടുത്തു വെക്കരുത്.
English Summary:
Fish can be stored in a refrigerator or a freezer depends on how soon it will be used. Fresh fish can be kept in the refrigerator for only 1–2 days and should be stored in the coldest section, preferably on ice or in an airtight container to maintain freshness. If the fish will not be cooked within that period, freezing is the better option.