5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Genome India Project : ഭയപ്പെട്ടിരുന്ന രോഗങ്ങൾക്കെല്ലാം മരുന്ന്, ഇന്ത്യാ ജീനോം പ്രോജക്ട് എന്ന വിപ്ലവം

ഒരു കുടുംബത്തിൽ ജനിക്കുന്നവർക്ക് നിശ്ചിതപ്രായത്തിനുശേഷം മാനസികാസ്വാസ്ത്ഥ്യമോ മറ്റ് മാറാരോ​ഗങ്ങളോ വരുന്നതിനെ സർപ്പശാപമെന്നോ മറ്റ് ദോഷങ്ങളെന്നോ വിളിച്ചിരുന്ന ഒരു അന്ധവിശ്വാസത്തിന്റെ കൂടി കാലത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.

Genome India Project : ഭയപ്പെട്ടിരുന്ന രോഗങ്ങൾക്കെല്ലാം മരുന്ന്, ഇന്ത്യാ ജീനോം പ്രോജക്ട് എന്ന വിപ്ലവം
Follow Us
aswathy-balachandran
Aswathy Balachandran | Published: 24 Aug 2024 16:43 PM

പനി വന്നാൽ പാരസെറ്റാമോൾ കഴിക്കുക…. പരമ്പരാ​ഗതമായി നാം കേൾക്കുന്ന ഇത്തരം പല സമവാക്യങ്ങളും ഉണ്ട്. എന്നാൽ ഓരോ വ്യക്തികളും വ്യത്യസ്തരല്ലേ… കൈ രേഖ പോലെ കണ്ണിന്റെ ലെൻസ് പോലെ ഓരോരുത്തരും വ്യത്യസ്തരാണ്. അപ്പോൾ രോ​ഗവും രോ​ഗകാരണവും മരുന്നും അത്തരത്തിൽ തന്നെ… ഇരട്ട സഹോദരന്മാർക്കു പോലും പരിയും പാരസെറ്റമോളും കൂട്ടിച്ചേർത്ത സമവാക്യം ഫലിക്കാത്ത കാലത്ത് പരിഹാരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രം.

അതിൽ ഹ്യൂമൺ ജീനോം പ്രോജക്ട് എന്നു വിളിക്കാം. മനുഷ്യന്റെ ജനിതക രഹസ്യത്തിന്റെ താക്കോൽ തേടിയുള്ള യാത്ര ലോകം മുഴുവൻ കൈകോർത്ത് ഒടുവിൽ പൂർത്തിയാക്കി. ഇന്ന് അത് രാജ്യങ്ങൾ കൂടി ഏറ്റെടുത്ത് അവരുടെ ജനിതക രഹസ്യവും രോ​ഗ സാധ്യതകളും തേടുന്നു.. ഇന്ത്യയിലും ഈ പദ്ധതി പൂർത്തിയായത് ഈ അടുത്ത കാലത്താണ്.

Scientist pipetting DNA (deoxyribonucleic acid) samples for testing during a clinical trial

ഇന്ത്യാ ജീനോം പദ്ധതി

രാജ്യത്തെ ജനങ്ങളുടെ ജനിതകവ്യത്യാസവും ചരിത്രവും കണ്ടെത്തുക എന്ന ലക്ഷ്യവുമായി കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഇന്ത്യാ ജീനോം പദ്ധതി. ഫെബ്രുവരി 27-നാണ് ജീനോം ഇന്ത്യാ പ്രോജക്ടിൽ 10,000 ജീനോമിന്റെ സ്രീക്വൻസിങ് പൂർത്തിയായതായി കേന്ദ്ര ബയോടെക്‌നോളജി വിഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതോടെ ഇന്ത്യയിൽ നിന്നുള്ള ജീനോമുകളുടെ റഫറൻസ് ഡേറ്റാബേസ് തയ്യാറാക്കാനും ആരോഗ്യ രംഗത്ത് വലിയമാറ്റങ്ങൾകൊണ്ടുവരാനും ഇന്ത്യയ്ക്ക് കഴിയും. ഒരു കുടുംബത്തിൽ ജനിക്കുന്നവർക്ക് നിശ്ചിതപ്രായത്തിനുശേഷം മാനസികാസ്വാസ്ത്ഥ്യമോ മറ്റ് മാറാരോ​ഗങ്ങളോ വരുന്നതിനെ സർപ്പശാപമെന്നോ മറ്റ് ദോഷങ്ങളെന്നോ വിളിച്ചിരുന്ന ഒരു അന്ധവിശ്വാസത്തിന്റെ കൂടി കാലത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISC) സെൻ്റർ ഫോർ ബ്രെയിൻ റിസർച്ചിൻ്റെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. 2020 ജനുവരി3 നാണ് പദ്ധതി ആരംഭിച്ചത്. സാധാരണ രോഗങ്ങൾക്ക് കാരണമാകുന്ന ജീനുകളും ജനിതക വ്യതിയാനങ്ങളും തിരിച്ചറിയുന്നതിനും ജനിതക വൈകല്യങ്ങൾ ചികിത്സിക്കുന്നതിനും അങ്ങനെ നമ്മുടെ രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീനോം ഇന്ത്യ സംരംഭം വഴിയൊരുക്കും.

ഇന്ത്യയിൽ എന്തിന് ഒരു പഠനം?

ഓരോ രാജ്യത്തെയും സംസ്കാരവും ഭൂപ്രകൃതിയും ജനജീവിതവും വിവാഹസമ്പ്രദായവും വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് ഇന്ത്യയിലും. ഇവിടെ മാത്രമുണ്ടാകുന്ന ചില ജനിതക രോഗങ്ങൾക്ക് സാധ്യതയുണ്ട്. ഏകദേശം 4600 ജനസമൂഹങ്ങളാണ് ഇന്ത്യയിലുള്ളത്. ഇവർ ജീനുകൾ കൈമാറാനും വ്യത്യസ്ഥമായ സ്വഭാവങ്ങൾ മറ്റൊരു സംഘത്തിലേക്ക് എത്താനുമുള്ള സാധ്യത കുറവാണ്.

അതായത് ബ്രീഡിങ്ങിലൂടെ സ്വഭാവങ്ങൾ ഒരു സംഘത്തിൽ നിന്ന് മറ്റൊന്നിലേക്ക് കലരാൻ സാധ്യത കുറവായതിനാൽ എൻഡോജീനസ് സമൂഹം എന്ന് ഇന്ത്യൻ ജനതയെ വിളിക്കാം. ഇതുകൊണ്ടുതന്നെ ഒരേ സംഘത്തിൽ ആവർത്തിച്ചുണ്ടാകുന്ന ബ്രീഡിങ്ങിലൂടെ ( ഇംബ്രീഡിങ്) തലമുറയിൽപ്പെട്ടവർക്ക് മുൻതലമുറയിലുള്ളവരുടെ ജീനിലെ രോഗസാധ്യതയും കൂടുതലായി എത്താം.

ഇങ്ങനെ ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള പ്രതിവിധി ഇന്ത്യയിലെ ജീനുകൾപഠിക്കുന്നത് വഴിയാണ് കണ്ടെത്താനാവുക. ഇതുവരെയുള്ള മനുഷ്യ ജീനോം പഠനങ്ങളിൽ ഭൂരിഭാഗവും യൂറോപ്യൻ ജനസംഖ്യയെ കേന്ദ്രീകരിച്ചുള്ളതാകയാൽ നമ്മുടെ രാജ്യത്തെ ജനതയുടെ ഡേറ്റാബേസ് തയ്യാറാക്കേണ്ടത് നമ്മുടെ ചികിത്സയ്ക്ക് അത്യാവശ്യമാണ്

DNA molecular structure with sequencing data of human genome analysis.

വ്യക്തികൾക്ക് എങ്ങനെ ​ഗുണപ്പെടും ?

ഒാരോ വ്യക്തികളുടേയും ശരീരഘടനയും ജീനിന്റെ പ്രവർത്തനങ്ങളും വ്യത്യസ്ഥമായിരിക്കും. പലപ്പോഴും പല ജനിതകരോ​ഗങ്ങൾക്കും ഒപ്പം കാൻസർപോലുള്ള രോ​ഗങ്ങൾക്കുമുള്ള മരുന്ന്, വ്യക്തികളെ പഠിച്ചതിനു ശേഷം നൽകുന്നത് ഏറെ ഫലപ്രദമാണ്. ജനിതക വൈകല്യമുള്ള കുട്ടി ജനിക്കുമ്പോൾ അടുത്ത കുട്ടിക്ക് ആ രോ​ഗം വരാനുള്ള സാധ്യത ഒഴിവാക്കാൻ ഹോൾ ജീനോംപഠനത്തിലൂടെ സാധിക്കും.

അല്ലെങ്കിൽ ജനിതക രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ ഇതിന്റെ പഠനത്തിലൂടെ കഴിയും. മറ്റൊരു സാധ്യത ചില ജീനുകളുടെ അമിത പ്രവർത്തനം കൊണ്ടോ പ്രവർത്തനക്കുറവുകൊണ്ടോ ഉണ്ടാവുന്ന ജനിതക രോ​ഗങ്ങളുടെ വിഷയത്തിലാണ്. ഇത്തരം കേസുകളിൽ ജീനിന്റെ പ്രവർത്തനരീതി നിയന്ത്രിക്കാൻ കഴിഞ്ഞാൽ രോ​ഗമൊഴിമാക്കാം. അതിനായി മറുമരുന്ന് സൃഷ്ടിക്കാനും ഈ പഠനത്തിലൂടെ സാധിക്കും.

കേരളവും പഠനത്തിന്റെ ഭാ​ഗം

ജീനോം ഇന്ത്യ പദ്ധതിക്കായി രാജ്യത്തെ 99 ജനസംഖ്യാവിഭാ​ഗങ്ങളിൽ നിന്ന് 20,000 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 1600 സാംപിളുകൾകേരളത്തിൽ നിന്നുള്ളതാണ്. കേരളം, തമിഴ്നാട് അതിർത്തി എന്നിവിടങ്ങളിലെ 7 ജനവിഭാ​ഗങ്ങളിൽനിന്നുള്ള സാപിളുകളാണ് ഇതിലുള്ളത്. പ്രോജക്ടിൽ പങ്കാളികളായ 20 സ്ഥാപനങ്ങളിൽ ഒന്ന് തിരുവനന്തപുരത്തെ രാജീവ്​ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ്. കേരളത്തിലെ പല ആശുപത്രികളിലും ഇതിന്റെ പഠനങ്ങളും ചികിത്സകളും ആരംഭിച്ചു കഴിഞ്ഞു.

ALSO READ –  50 വർഷം ഇരുട്ടിലായിരുന്ന, ആ മരുന്ന് കണ്ടെത്തിയ ക

ഹ്യുമൺ ജീനോം പ്രോജക്റ്റ്

2003-ലാണ് മനുഷ്യ ജീനോമിന്റെ ഘടന പൂർണമായും കണ്ടെത്തിയതായി ​ഗവേഷക സംഘം പ്രഖ്യാപിച്ചത്. അതുവരെയുണ്ടായിരുന്ന പലധാരണകളും തിരുത്തിക്കൊണ്ടാണ് ഈ രഹസ്യച്ചുരുൾ നിവർന്നത്. പരിണാമത്തിന്റെ പലപടികൾകടന്ന മനുഷ്യനിലെ ജീനിന്റെ എണ്ണം യഥാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ഇത്ഏകദേശം 35,000 ആണെന്ന് ആദ്യം കണക്കാക്കുകയും പിന്നീട് ഏകദേശം 20,000 ആയി പരിഷ്‌കരിക്കുകയും ചെയ്തു. കൂടാതെ രണ്ട് വ്യക്തികളുടെ ഡിഎൻഎ സീക്വൻസുകൾ 99.9% സമാനമാണെന്നും ഗവേഷകർ റിപ്പോർട്ട് ചെയ്തു. ജീൻ തെറാപ്പി പോലുള്ള പലതിനും ഇതിൽ നിന്നു ലഭിച്ച അറിവുകൾ സഹായകമായി.

Genetic mutation, conceptual illustration. Double stranded deoxyribonucleic acid (DNA) molecule with mutation in a gene.

പാരമ്പര്യമായി കാൻസർ, പ്രമേഹം, ഷിസോഫ്പീനിയ, മാനസികപ്രശ്‌നങ്ങൾ, തുടങ്ങിയവയുടെ ജീനുകളിൽ പഠനം നടത്താനും രോഗങ്ങളിൽ നിന്ന് വരുംതലമുറയെ രക്ഷിക്കാനുമുള്ള വഴികൾ തേടാനും ഇതിലൂടെ കഴിഞ്ഞു. ലിങ്കേജ് മാപ്പിങ്ങിലൂടെ രോഗകാരികളായ ഭാഗത്തെ കണ്ടത്താനും പരിഹാരം കാണാനും കഴിയും.

കോവിഡ് കാലത്ത് സാർസ് കോവ് -2 വൈറസിന്റെ ജീനോം പഠനത്തിനും എം.ആർ.എൻ.എ വാക്സിൻ നിർമ്മാണത്തിനും എല്ലാം ഇതിൽ നിന്നുള്ള അനുഭവസമ്പത്ത് ഏറെ സഹായിച്ചു. കൂടാതെ ഇപ്പോൾ കേരളത്തിൽ ക്യാൻസർ ചികിത്സ പോലെയുള്ളവയിൽ ഈ അറിവ് പ്രയോ​ഗിക്കുന്നുണ്ട്. പല പ്രധാന ആശുപത്രികളിലും ഇതിനുള്ള സൗകര്യവും ഉണ്ട്.

കാലങ്ങൾ കടന്നു പോകുമ്പോൾ രോ​ഗത്തെ ജയിക്കുന്ന മനുഷ്യൻ എന്ന സ്വപ്നം സത്യമാവുകയാണ്. അനന്ത സാധ്യതയുള്ള മനുഷ്യ മസ്തിഷ്കത്തിലെ ചിന്തകൾ വളരുമ്പോൾ അത് മനുഷ്യ രാശിയുടെ പരിവർത്തനത്തിനു വഴി വക്കുന്നു. കാത്തിരിക്കാം ഇനിയും അത്ഭുതങ്ങൾക്കായി.

Latest News