Fitness Tips: ആറ് മാസത്തിനകം ഭാരം കുറയ്ക്കാം; ഇക്കാര്യങ്ങൾ ശീലമാക്കൂ
Habits for Body Transformation: ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാൻ നല്ല ശീലങ്ങൾ പിന്തുടർന്നാൽ മതി. ആറ് മാസത്തിനുള്ളിൽ ശരീരത്തെ മാറ്റിമറിക്കാൻ സഹായിക്കുന്ന ചില ശീലങ്ങൾ നോക്കാം.
ശരീഭാരം കുറയ്ക്കാൻ ആഗ്രഹിക്കാവാത്തവരായി ആരും ഉണ്ടാവില്ല. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ആറ് മാസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ കഴിയും. ഇതിനായി പ്രത്യേക ഡയറ്റോ ജിമ്മിൽ പോയി കഠിനമായ വർക്ക്ഔട്ടുകളോ ആവശ്യമില്ല. ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാൻ നല്ല ശീലങ്ങൾ പിന്തുടർന്നാൽ മതി. ആറ് മാസത്തിനുള്ളിൽ ശരീരത്തെ മാറ്റിമറിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
1. പിന്നിലേക്ക് നടക്കുക
ദിവസവും 10 മിനിറ്റ് പിന്നിലേക്ക് നടക്കുന്നത് സന്ധികളെ ശക്തിപ്പെടുത്തുകയും സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. പതിവ് നടത്തത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തരത്തിൽ പിന്നിലേക്ക് നടക്കുന്നത് ഹാംസ്ട്രിംഗുകൾ, കോർ എന്നിവയെ ലക്ഷ്യം വയ്ക്കുന്നു. ഇത് കാൽമുട്ട് വേദന കുറയ്ക്കുകയും ചെയ്യും.
2. നാരങ്ങയും ഇഞ്ചിയും
രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ അല്പം നാരങ്ങയും ഇഞ്ചിയും ചേർത്ത് കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കും. നാരങ്ങയിലെ വിറ്റാമിൻ സി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. അതേസമയം, ഇഞ്ചി ദഹനത്തിന് മികച്ചതാണ്. ദിവസവും ഇത് കുടിക്കുന്നത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും കലോറി പുറംതള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
3. വ്യായാമ വേളയിൽ മൂക്കിലൂടെ ശ്വസിക്കുക
വ്യായാമം ചെയ്യുന്ന സമയത്ത് മൂക്കിലൂടെ ശ്വസിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് സ്റ്റാമിന മെച്ചപ്പെടുത്താൻ സഹായിക്കും. കാർഡിയോ പോലുള്ള വർക്ക്ഔട്ടുകൾ ചെയ്യുന്ന സമയത്ത് ഇത് പരിശീലിക്കുന്നത് ക്ഷീണം കുറയ്ക്കുന്നതിനും സഹായിക്കും.
4. തണുത്ത ഷവർ
പൊതുവേ, തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വ്യായാമത്തിന് ശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പേശിവേദനയും വീക്കവും കുറയ്ക്കും. ഈ ശീലം മാനസികാരോഗ്യവും ഊർജ്ജവും വർദ്ധിപ്പിക്കുന്നു.
ALSO READ: മുടിയ്ക്ക് കരുത്തേകാൻ മുന്തിരിക്കുരു എണ്ണ സഹായിക്കും?
5. ഇരിക്കുകയും നിൽക്കുകയും ചെയ്യുക
ഇന്നത്തെ ജീവിതശൈലിയിൽ, മിക്ക ആളുകളും എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവരാണ്. ഒരിടത്തിരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നിൽക്കുന്നതും നല്ലതാണ്. ദീർഘനേരം ഇരിക്കുന്നത് പേശികളെ ദുർബലപ്പെടുത്തുകയും ഇത് നടുവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദീർഘനേരം ഇരിക്കുന്നവർ ഓരോ 30 മിനിറ്റിലും എഴുനേറ്റ് നിൽക്കാൻ ശ്രദ്ധിക്കണം.
6. ഭക്ഷണക്രമം
സൂര്യൻ അസ്തമിച്ച ശേഷം നമ്മൾ അധികം ജോലി ചെയ്യാറില്ലാത്തതിനാൽ അതിന് മുമ്പ് നിങ്ങളുടെ ഭക്ഷണത്തിന്റെ 80% കഴിക്കുന്നതാണ് നല്ലത്. ഇത് ദഹനവും ഊർജ്ജ നിലയും മെച്ചപ്പെടുത്തുന്നു. ഇത് മെറ്റബോളിസം കൂട്ടാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും നല്ലതാണ്. പ്രോട്ടീനുകൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പതിവാക്കുക. ദഹനപ്രശ്‌നങ്ങൾ അകറ്റാൻ വൈകുന്നേരങ്ങളിൽ ലഘുഭക്ഷണങ്ങൾ മാത്രം ശീലമാക്കുക.
7. കുറഞ്ഞത് 30 സെക്കൻഡ് സ്ട്രെച്ചിംഗ്
സ്ട്രെച്ചിംഗ് ശീലമാക്കുന്നത് വളരെ നല്ലതാണ്. വ്യായാമത്തിന് ശേഷം കുറഞ്ഞത് 30 സെക്കൻഡ് സ്ട്രെച്ചിംഗ് ചെയ്യുന്നത് പരിക്കിന്റെ സാധ്യത കുറയ്ക്കുന്നതിനും വഴക്കം ലഭിക്കാനും സഹായിക്കും.
8. നടത്തം ശീലമാക്കാം
ദിവസവും, കുറഞ്ഞത് 10 മിനിറ്റെങ്കിലും പുല്ലിൽ നഗ്നപാദനായി നടക്കുന്നത് ഒരു ശീലമാക്കുക. ഇത് സമ്മർദ്ദം ഗണ്യമായി കുറയ്ക്കും. സൂര്യപ്രകാശമുള്ളപ്പോൾ നടക്കുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.