Flight Safety Protocols: വിമാന ദുരന്തങ്ങളിൽ നിന്നും രക്ഷപെടാം, ഫ്ലൈറ്റ് സേഫ്റ്റി പ്രോട്ടോകോൾസ് അറിഞ്ഞിരിക്കണം
Flight Safety Protocols During Emergency: വിമാനത്തിനുള്ളിൽ അടിയന്തര സാഹചര്യമുണ്ടായാൽ യാത്രക്കാർ എന്ന നിലയിൽ നമ്മൾ എത്രത്തോളം തയ്യാറാവേണ്ടതുണ്ടെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. വിമാനത്തിൽ കയറുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുകൾ എന്തെല്ലാമെന്ന് നോക്കാം.
രാജ്യം ഒന്നാകെ അഹമ്മദാബാദ് വിമാനപകടത്തിൻ്റെ ഞെട്ടലിലാണ്. 242 പേരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം തീഗോളമായി മാറി. അപകടത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ല. 242 പേരിൽ 241 പേർക്കും ജീവൻ നഷ്ടമായിരിക്കുകയാണ്. യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും 7 പോർച്ചുഗീസുകാരും 1 കനേഡിയനും ഉൾപ്പെട്ടിരുന്നു. എന്നാൽ ആ ഒരാൾ മാത്രം അതിശയകരമായി എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് എല്ലാവരുടെയും ചോദ്യം.
വിമാനത്തിനുള്ളിൽ അടിയന്തര സാഹചര്യമുണ്ടായാൽ യാത്രക്കാർ എന്ന നിലയിൽ നമ്മൾ എത്രത്തോളം തയ്യാറാവേണ്ടതുണ്ടെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. വിമാനത്തിൽ കയറുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുകൾ എന്തെല്ലാമെന്ന് നോക്കാം.
സീറ്റ് ബെൽറ്റ് ധരിക്കുക
യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തപ്പോഴാണ് വിമാനം ആകാശചുഴിയിൽ പെടുമ്പോഴുണ്ടാകുന്ന മിക്ക പരിക്കുകളും സംഭവിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, സീറ്റ് ബെൽറ്റ് എപ്പോഴും ധരിക്കാൻ ശ്രമിക്കുക.
ക്രൂ നിർദ്ദേശങ്ങൾ പാലിക്കുക
ക്രൂ അംഗങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പലപ്പോഴും യാത്രക്കാർ ശ്രദ്ധിക്കണമെന്നില്ല. പക്ഷേ വിമാനത്തിലെ ജീവനക്കാർക്ക് ഇത്തരം അപകടങ്ങൽ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്.
ക്യാബിനിലൂടെ നടക്കുന്നത് ഒഴിവാക്കുക
അനാവശ്യമായി വിമാനത്തിന് ഉള്ളിലൂടെ നടക്കുന്നത് ഒഴിവാക്കുക. ഇത്തരം നീക്കങ്ങൾ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചേക്കാം.
അറിയിപ്പുകൾ ശ്രദ്ധിക്കുക
അടിയന്തര ലാൻഡിംഗ് ആവശ്യമാണെങ്കിൽ, ക്യാപ്റ്റനും ക്രൂവും നിർദ്ദേശങ്ങൾ നൽകും. സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിച്ച ശേഷം നിർദ്ദേശങ്ങൾ ഉടനടി പാലിക്കുക.
വിമാനത്തിലെ ബ്രേസ് പൊസിഷൻ
ഒരു വിമാനത്തിന് കരയിലോ വെള്ളത്തിലോ അടിയന്തര ലാൻഡിംഗ് ആവശ്യമായി വരുമ്പോൾ ബ്രേസ് പൊസിഷൻ സ്വീകരിക്കാൻ സാധാരണയായി നിർദ്ദേശിക്കാറുണ്ട്. ലാൻഡിങ്ങിടയിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഈ രീതി നിങ്ങളെ സഹായിക്കുന്നു. പാദങ്ങൾ തറയിൽ ഉറപ്പിച്ച് മുന്നോട്ട് കുനിഞ്ഞ് നിങ്ങളുടെ തല മുന്നിലുള്ള സീറ്റിന് നേരെ വയ്ക്കുക. മുന്നിൽ സീറ്റില്ലെങ്കിൽ, നിങ്ങളുടെ കൈകൾ കാൽമുട്ടുകളിൽ അമർത്തി തല താഴ്ത്തി വയ്ക്കാം. അല്ലെങ്കിൽ കൈകൾ കഴുത്തിന് പിന്നിൽ പിടിക്കുക.
ഓക്സിജൻ മാസ്ക്
ക്യാബിനിലെ മർദ്ദം കുറഞ്ഞാൽ, ഓക്സിജൻ മാസ്കുകൾ ഓരോ സീറ്റുകളിലെയും മുകളിലത്തെ കമ്പാർട്ടുമെന്റുകളിൽ നിന്ന് താഴേക്ക് വീഴും. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ മാസ്ക് സുരക്ഷിതമായി ഉപയോഗിക്കുക.
എമർജൻസി എക്സിറ്റ്
ടേക്ക് ഓഫിന് മുമ്പ്, ഏറ്റവും അടുത്തുള്ള എമർജൻസി എക്സിറ്റുകൾ ഏതാണെന്ന് മനസിലാക്കി വയ്ക്കുക. എമർജൻസി ലാൻഡിംഗ് സംഭവിക്കുകയാണെങ്കിൽ, ക്രൂ നിർദ്ദേശിച്ചാൽ മാത്രം ഈ എക്സിറ്റുകൾ ഉപയോഗിക്കുക. അത്തരമൊരു നിർദ്ദേശമുണ്ടായാൽ ക്രൂ നിർദ്ദേശങ്ങൾ പാലിച്ച്, എല്ലാ ബാഗേജുകളും ഉപേക്ഷിച്ച ശേഷം പുറത്തേക്കിറങ്ങുക.