Heart Attack: നിങ്ങളുടെ പ്രായം മൂപ്പതാണോ… ഹൃദയാഘാത സാധ്യത കുറയ്ക്കാൻ അറിയണം ഇക്കാര്യങ്ങൾ
Heart Attack Early Signs: അടുത്തിടെ കണ്ടുവരുന്ന പല കേസുകളിലും ചെറിപ്പക്കാർക്കിടയിലാണ് ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത്. ചെറുപ്പക്കാരിൽ, ഹൃദയാഘാതം മൂലമുള്ള വേദന പലപ്പോഴും അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ, അതായത് താടിയെല്ല്, കഴുത്ത്, പുറം അല്ലെങ്കിൽ തോൾ എന്നീ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു.
ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. അടുത്തിടെ കണ്ടുവരുന്ന പല കേസുകളിലും ചെറിപ്പക്കാർക്കിടയിലാണ് ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത്. 35 വയസ്സുള്ള മൈക്രോസോഫ്റ്റ് എഞ്ചിനീയർ പ്രതീക് പാണ്ഡെയുടെ പെട്ടെന്നുള്ള മരണം സമൂഹ മാധ്യമങ്ങളിലാകെ ചർച്ചയായതാണ്. 30 വയസ്സിലേക്ക് എത്തിയ മിക്കവരിലും ഇന്ന് ഈ അവസ്ഥ കണ്ടുവരുന്നു. അമിത ജോലിഭാരവും സമ്മർദ്ദവുമാണ് പ്രതീക് പാണ്ഡെയുടെ ഹൃദയാഘാതത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കാരണം അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം നിങ്ങൾ മുപ്പതിലേക്ക് അടുക്കുകയാണെങ്കിലോ, ഇനി 30ലാണ് നിക്കുന്നതെങ്കിലോ ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും അവയെ എങ്ങനെ മറികടാക്കാമെന്നും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാം.
നെഞ്ചിലെ അസ്വസ്ഥത
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. എന്നാൽ തുടക്കത്തിൽ ചെറിയ വേദനയോടെയുള്ള അസ്വസ്ഥതയാകാം അനുഭവപ്പെടുന്നത്. ഇത് പലപ്പോഴും അസിഡിറ്റി, പേശി പിരിമുറുക്കം അല്ലെങ്കിൽ ജോലി സമ്മർദ്ദം എന്നിങ്ങനെ തെറ്റിദ്ധരിച്ച് തള്ളിക്കളയാം. ചെറുപ്പക്കാരിൽ, ഈ വേദന വന്നും പോയീം നിൽക്കും. വേദന പോലെ തോന്നണമെന്നില്ല, നെഞ്ചിനുള്ളിൽ ഭാരമോ, എരിച്ചിലോ ഇങ്ങനെ പലതും അനുഭവപ്പെടാം. ഇത്തരം അസ്വസ്ഥതകൾ ആവർത്തിച്ചുണ്ടായാൽ വൈദ്യ സഹായം തേടുക.
ക്ഷീണവും ശ്വാസതടസ്സവും
വാർദ്ധക്യത്തിലേക്ക് എത്തുമ്പോഴോ ദുർബലമായ ശ്വാസകോശത്തിൻ്റെയോ ലക്ഷണമാണ് ശ്വാസംമുട്ടൽ. എന്നാൽ ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ശ്വാസംമുട്ടലിനെ നിസാരമായി കണക്കാക്കരുത്. വ്യായാമത്തിന് ശേഷമോ വിശ്രമത്തിലോ പോലും ശ്വാസതടസ്സം നേരിട്ടാൽ അവ ശ്രദ്ധിക്കണം. പലപ്പോഴും നെഞ്ചുവേദന ഉണ്ടാകുന്നതിന് മുമ്പ് ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ക്ഷീണത്തിൻ്റെ ഭാഗമാകാം എന്ന് കരുതി ഈ ബുദ്ധിമുട്ട് അവഗണിക്കരുത്.
അമിതമായി വിയർക്കുക
ഉഷ്ണമുള്ളപ്പോഴോ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ ആണ് സാധാരണയായി നമ്മൾ വിയർക്കുന്നത്. എന്നാൽ നിങ്ങൾ വെറുതെയിരിക്കുമ്പോൾ വിയർക്കുന്നത് ഹൃദയം സംബന്ധമായ പ്രശ്നങ്ങളുടെ കാരണമാണ്.
താടിയെല്ല്, കഴുത്ത്, അല്ലെങ്കിൽ തോളിൽ വേദന
ഹൃദയാഘാതം മൂലമുള്ള വേദന എപ്പോഴും നെഞ്ചിന്റെ ഭാഗത്താണ് അനുഭവപ്പെടുന്നത്. ചെറുപ്പക്കാരിൽ, ഹൃദയാഘാതം മൂലമുള്ള വേദന പലപ്പോഴും അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ, അതായത് താടിയെല്ല്, കഴുത്ത്, പുറം അല്ലെങ്കിൽ തോൾ എന്നീ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു. ഇത് പലപ്പോഴും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.